ശാസ്ത്രം സമൂഹത്തെ പുരോഗതിയിലേക്ക് നയിച്ചു; സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ എ ഷാജഹാന്‍

Thiruvananthapuram

തിരുവനന്തപുരം: സാമൂഹിക പുരോഗതിയില്‍ മതങ്ങളെക്കാള്‍ ഏറെ സ്വാധീനം ചെലുത്തിയത് ശാസ്ത്രമാണെന്ന് സംസ്ഥാന ഇലക്ഷന്‍ കമ്മിഷണര്‍ എ ഷാജഹാന്‍ ഐ.എ.എസ്. മനുഷ്യന്റെ അര്‍പ്പണബോധവും അന്വേഷണത്വരയും ലോകത്തെ മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരം നാഷണല്‍ കോളജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളുടെ ഇന്‍ഡക്ഷന്‍ പ്രോഗ്രാം ‘ഇന്‍ഡക്‌റ്റോ നാഷണല്‍2023’ ഉദ്ഘാടനം ചെയ്തു സംസാരിക്കു കയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ കേരളം ബഹുദൂരം മുന്നിലാണെന്നും ചന്ദ്രയാന്‍, ആദിത്യ എന്നിവ ശാസ്ത്ര പുരോഗതിയുടെ തെളിവാണെന്നും അദ്ദേഹം വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍ ശാസ്ത്രസാങ്കേതിക വിദ്യയുടെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി സമൂഹത്തെ മുന്നോട്ട് നയിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രോഗ്രാമിനിടെ നാഷണല്‍ കോളേജില്‍ ആരംഭിച്ച ശ്രീ നാരായണഗുരു ഓപ്പണ്‍ യൂണിവേഴ്‌സിറ്റി സ്റ്റഡി സെന്റര്‍ വിദ്യാര്‍ഥികളുമായി വൈസ് ചാന്‍സിലര്‍ ഡോ മുബാറക്ക് ബാഷ സംവദിച്ചു. നാഷണല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. എസ്. എ. ഷാജഹാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വൈസ് പ്രിന്‍സിപ്പല്‍ ജസ്റ്റിന്‍ ഡാനിയേല്‍, അസാപ്പ് സോഫ്റ്റ് സ്‌കില്‍ ട്രെയിനര്‍ ഫാത്തിമത് ഷാന നസ്രിന്‍, സ്റ്റാഫ് അഡ്വൈസര്‍ എ ഉബൈദ് എന്നിവര്‍ സംസാരിച്ചു. അക്കാഡമിക് കോര്‍ഡിനേറ്റര്‍ ഫാജിസ ബിവി, ചന്ദ്രമോഹന്‍, വകുപ്പ് മേധാവിമാരായ ഷിബിത, ഡോ. മുഹമ്മദ് ഫാസില്‍, ഡോ. അനിത, ഡോ. ആല്‍വിന്‍, രാഖി, എന്‍.എസ്.എസ്. പ്രോഗ്രാം ഓഫീസര്‍ സുരേഷ് കുമാര്‍. എസ്. എന്‍ എന്നിവര്‍ പങ്കെടുത്തു.