തിരുവനന്തപുരം: പ്രസവ ശസ്ത്രക്രിയയെ തുടര്‍ന്ന് വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷം വേദന സഹിച്ച് ചികിത്സതേടിയലഞ്ഞ യുവതിയോട്, ആരോഗ്യ വകുപ്പ് മന്ത്രി വീണജോര്‍ജ്ജ് നല്‍കിയ മറുപടി അങ്ങേയറ്റം ലജ്ജാകരമാണെന്ന് വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് അഭിപ്രായപ്പെട്ടു.
നിയമസഭയില്‍ കെ കെ രമ എം എല്‍ എ ഹര്‍ഷിന ആവശ്യപ്പെട്ട നഷ്ടപരിഹാര തുകയായ അമ്പത് ലക്ഷം കൊടുക്കുമോ എന്ന ചോദ്യത്തിന് ആരോഗ്യ വകുപ്പ് മന്ത്രി എന്ന നിലയില്‍ വീണജോര്‍ജ്ജ് നല്‍കിയ മറുപടി സര്‍ക്കാര്‍ നിയമ നടപടിയിലൂടെ നീതി ഉറപ്പാക്കാനാണ് ശ്രമിക്കുന്നത് എന്നാണ്. ഉത്തരവാദിത്ത ബോധമുള്ള മന്ത്രി എന്ന നിലയില്‍ നിയമപരമായ ഇടപെടലിനൊപ്പം അവര്‍ ആവശ്യപ്പെട്ട തുക നഷ്ടപരിഹാരമായി വാങ്ങിക്കൊടുക്കലാണ് വേണ്ടത്.
പ്രതികളെ അറസ്റ്റ് ചെയ്താലും ജാമ്യത്തിലിറക്കാനും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കാനും കഴിയുന്ന തരത്തിലാണ് ആരോഗ്യ വകുപ്പിന്റെ ഇടപെല്‍ നടന്നിട്ടുള്ളത്. നിയമ സഭയില്‍ മന്ത്രി വീണ ജോര്‍ജ്ജ് നല്‍കിയ മറുപടി നീതിക്ക് വേണ്ടി പോരാട്ടം നയിക്കുന്ന ഹര്‍ഷിനയെ പരിഹസിക്കുന്നതാണ്. കേരളത്തിലെ സാധാരണക്കാരുടെ നേരേ നഷ്ടപരിഹാരമുള്‍പ്പെടെ നീതിയുടെ വാതില്‍ കൊട്ടിയടക്കുന്ന മന്ത്രിയുടെ മറുപടി നവോത്ഥാന കേരളത്തിന് അപമാനമാണെന്നും മന്ത്രി വീണജോര്‍ജ്ജ് രാജിവെക്കണമെന്നും വിമന്‍ ജസ്റ്റിസ് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു.
ഹര്‍ഷിനക്ക് പൂര്‍ണ്ണ നീതി ഉറപ്പാക്കുക, അര്‍ഹമായ നഷ്ടപരിഹാരം ഉടന്‍ നല്കുക എന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ ബുധനാഴ്ച സമരസമിതി നടത്തിയ സത്യാഗ്രഹത്തിന് വിമന്‍ ജസ്റ്റിസ് നെതാക്കള്‍ ഐക്യദാര്‍ഢ്യം അര്‍പ്പിച്ചു. സംസ്ഥാന സെക്രട്ടറി മുംതാസ് ബീഗം റ്റി.എല്‍, സംസ്ഥാന കമ്മിറ്റി അംഗം പ്രേമ പിഷാരടി, കോഴിക്കോട് ജില്ലാപ്രസിഡന്റ് മുബീന വാവാട്, ജില്ലാ വൈസ്പ്രസിഡന്റ് സലീന ടീച്ചര്‍, സെക്രട്ടറി സഫിയ ടീച്ചര്‍, ജില്ലാനേതാക്കളായ സഫീറ, സെമീന, തിരുവനന്തപുരം ജില്ലാ നേതാവ് സുലൈഖ, ഷാമില തുടങ്ങിയവര്‍ പങ്കെടുത്തു.