തിരുവനന്തപുരം: ജോലി തട്ടിപ്പ് കേസിലെ പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി. പി എസ് സിയുടെ പേരില്‍ വ്യാജ കത്ത് നിര്‍മിച്ച് പൊലീസ് ഇന്റലിജന്‍സില്‍ അടക്കം ജോലി വാഗ്ദാനം ചെയ്ത് 35 ലക്ഷം രൂപ തട്ടിയ കേസിലെ പ്രതികളായ അടൂര്‍ സ്വദേശി ആര്‍ രാജലക്ഷ്മി, തൃശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മി എന്നിവര്‍ക്കായാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്.
വിജിലന്‍സ്, ഇന്‍കംടാക്‌സ്, ജി എസ് ടി വകുപ്പുകളില്‍ ഇല്ലാത്ത തസ്തികകളില്‍ അടക്കം ജോലി വാഗ്ദാനം ചെയ്തു 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഉദ്യോഗാര്‍ഥികളില്‍ നിന്നു തട്ടിയെടുത്തെന്നാണ് കേസ്. കമ്മീഷണര്‍ സി നാഗരാജുവിന്റെ മേല്‍നോട്ടത്തിലുള്ള അന്വേഷണ സംഘമാണ് ഇക്കാര്യം കണ്ടെത്തിയത്. രാജലക്ഷ്മിയെയും രശ്മിയെയും കണ്ടെത്തുന്നതിനായി പൊലീസ് ഇന്നലെയാണ് ലുക്ക് ഔട്ട് നോട്ടിസ് പുറത്തിറക്കിയത്.
ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസം നേടിയെടുത്ത പ്രതികള്‍ ഓണ്‍ലൈന്‍ ഇടപാടിലൂടെയാണ് പണം കൈപ്പറ്റിയത്. ഉദ്യോഗാര്‍ത്ഥികള്‍ക്കായി തട്ടിപ്പുസംഘം തയാറാക്കിയ വാട്‌സാപ് ഗ്രൂപ്പില്‍ 84 പേര്‍ അംഗങ്ങളായിരുന്നു. ഇതില്‍ 15 പേര്‍ മാത്രമേ പണം നഷ്ടപ്പെട്ടതായി പൊലീസിനോടു പറഞ്ഞിട്ടുള്ളൂ. പി എസ് സി വഴി ജോലി ലഭിച്ചെന്നും അതിനായി സര്‍ട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാകണമെന്നുമുള്ള അറിയിപ്പ് ലഭിച്ചെന്ന് പറഞ്ഞ് രണ്ട് പേര്‍ തിരുവനന്തപുരം പട്ടത്തെ പി എസ് സി ഓഫീസിലെത്തിയതോടെയാണ് തട്ടിപ്പ് പുറത്തറിയുന്നത്.