വ്യക്തി ജീവിതത്തില്‍ കറ ഇല്ലെന്ന് തെളിയിക്കാന്‍ കഴിഞ്ഞു: കെ സുധാകരന്‍

Kerala

സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സി ബി ഐക്കാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍

കോഴിക്കോട്: തനിക്കെതിരെയുള്ള വിജിലന്‍സ് അന്വേഷണത്തില്‍ ഒരുവിധ ആശങ്കയുമില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. കെ കരുണാകരന്‍ ട്രസ്റ്റുമായ് ബന്ധപ്പെട്ട് കോഴിക്കോട് വിജിലന്‍സിന് മുന്നില്‍ മൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തി ജീവിതത്തില്‍ കറ ഇല്ലെന്ന് തെളിയിക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടായി.

ചിറക്കല്‍ രാജാസ് സ്‌കൂള്‍ വാങ്ങാന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ട്രസ്റ്റ് പിരിച്ച പണത്തിന്റെ കൃത്യമായ കണക്കുണ്ട്. പണം എല്ലാവര്‍ക്കും മടക്കി നല്‍കിയിട്ടുണ്ടെന്നും രേഖകള്‍ എല്ലാം കൃത്യമായി സമര്‍പ്പിച്ചിട്ടുണ്ടെന്നും സുധാകരന്‍ പറഞ്ഞു. പരാതിക്കാരനായ പ്രശാന്ത് ബാബു രാഷ്ട്രീയ ചട്ടുകമായി പ്രവര്‍ത്തിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. തന്റെ രാഷ്ട്രീയ ജീവിതം സുതാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. വിജിലന്‍സ് പ്രത്യേക സെല്‍ എസ്.പി അബ്ദുള്‍ റസാഖിന്റെ നേതൃത്വത്തിലാണ് മൊഴിയെടുത്തത്. സി പി എമ്മില്‍ ചേര്‍ന്ന പ്രശാന്ത് ബാബു 2021 ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണിത്.

സോളാറില്‍ ഗൂഢാലോചന അന്വേഷിക്കേണ്ടത് സി ബി ഐ: കെ സുധാകരന്‍
കോഴിക്കോട്: സോളാര്‍ കേസില്‍ ഗൂഢാലോചനയുണ്ടെന്ന് സി ബി ഐ കണ്ടെത്തിയിട്ടുണ്ടെന്നും ഗൂഢാലോചന അന്വേഷിക്കേണ്ട ഉത്തരവാദിത്തം സി ബി ഐക്കാണെന്നും കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ എം പി. സി ബി ഐ അന്വേഷിച്ചിട്ട് വസ്തുതാപരമായ കാര്യങ്ങള്‍ പുറത്തു കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ സി ബി ഐയോടുള്ള സമൂഹത്തിന്റെ മതിപ്പിന് കോട്ടവും അപമാനവുമാണ്. തുടരന്വേഷണം വേണം. അന്വേഷണം സുതാര്യമായിരിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കെ.ബി ഗണേഷ് കുമാറാണ് കഥാനായകന്‍ എന്ന് പറയുന്നു, ഗണേഷിന്റെ പങ്ക് അന്വേഷിക്കട്ടെയെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.