ഏക സിവില്‍ കോഡ്: വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ ലോ കമ്മീഷന് കത്തയച്ചു

Kerala

വാര്‍ത്തകള്‍ 8289857951 എന്ന വാട്‌സാപ്പ് നമ്പറില്‍ അയക്കുക.

കോഴിക്കോട്: ഇന്ത്യയില്‍ ഏക സിവില്‍ കോഡ് നടപ്പാക്കുവാനുള്ള ഭരണകൂട ശ്രമത്തിനെതിരെ വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമിതി ലോ കമ്മീഷന് കത്തയച്ചു. ഇന്ത്യന്‍ പൈതൃകം വ്യത്യസ്ത മതങ്ങളും സംസ്‌കാരങ്ങളും കൊണ്ട് ധന്യമാണ്. വിവാഹം, വിവാഹമോചനം, അനന്തരാവകാശം, ദത്തെടുക്കല്‍ എന്നിവ ഓരോ പൗരനും അവരുടെ മതവിശ്വാസമനുസരിച്ച് ആചരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് തന്നിരിക്കെ ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിലുടെ മൗലിക അവകാശങ്ങളെ ഇല്ലായ്മ ചെയ്യുകയാണ് ഉണ്ടാവുക.

നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യന്‍ പൈതൃകത്തിന് നിയമ പരിരക്ഷ നല്‍കണം. വിവിധ മതങ്ങളുടെയും സംസ്‌കാരങ്ങളുടെയും സംഗമ ഭൂമിയായ ഇന്ത്യയില്‍ നൂറ്റാണ്ടുകളായി വൈവിധ്യം നില നിന്ന് പോരുന്നുണ്ട്. മതന്യൂനപക്ഷങ്ങളെ അരിക്‌വല്‍കരിക്കുവാനും സാംസ്‌കാരിക വൈവിധ്യങ്ങളെ തകര്‍ക്കുവാനുമുളള ശ്രമത്തിന് തണല്‍ വിരിക്കരുതെന്നും ലോ കമ്മീഷന് അയച്ച കത്തില്‍ പറയുന്നു.
ഇഷ്ടമുള്ള മതം സ്വീകരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടന അനുവദിച്ച് നല്‍കിയ അവകാശത്തെ നിരാകരിക്കുന്നതിന് കൂട്ട് നില്‍ക്കരുത്. മതസ്പര്‍ദ്ദയും വെറുപ്പും വിദ്വേഷവും വിതച്ച് അധികാരം കൊയ്‌തെടുക്കാനാണ് ഏക വ്യക്തിനിയമം അനാവശ്യമായി നടപ്പിലാക്കാന്‍ ശ്രമിക്കുന്നത്. ‘

ഭരണഘടനയെ പൊളിച്ചെഴുതാനുള്ള അധികാരികളുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഇത് നടപ്പിലാക്കുന്നതെന്നത് ഗൗരവമുള്ള കാര്യമാണ്. ഇന്ത്യയുടെ സ്‌കാരത്തെയും പൈതൃകത്തെയും ബലി കഴിക്കുന്ന ഏക സിവില്‍ കോഡ് നടപ്പിലാക്കുന്നതില്‍ നിന്ന് അധികാരികള്‍ മാറി നില്‍ക്കണമെന്നും നിയമപരമായി അതിന് വിലക്കേര്‍പ്പെടുത്തണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ കത്തിലൂടെ ആവശ്യപ്പെട്ടു.