സേവാഭാരതി തുണയായി; മഞ്ജുവിനും മക്കള്‍ക്കും സ്വന്തം വീട് ഒരുങ്ങും

Alappuzha

ആലപ്പുഴ: സേവാഭാരതിയുടെ കരുതലും കൈത്താങ്ങിലും മഞ്ജുവിനും മക്കള്‍ക്കും അന്തിയുറങ്ങാന്‍ വീട് ഒരുങ്ങുന്നു. തകര ഷീറ്റുകൊണ്ടുള്ള കൂരയ്ക്കുള്ളില്‍ പിഞ്ചു മക്കളുമൊത്ത് ദുരിത ജീവിതം നയിക്കുന്ന ആലപ്പുഴ സ്വദേശിനി മഞ്ജുവിന്റെ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിന്നും അറിഞ്ഞതോടെയാണ് സംരക്ഷണ കവചവുമായി സേവാഭാരതി എത്തിയത്. പുതിയ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത് വരെ മഞ്ജുവിനും കുട്ടികള്‍ക്കുമായി സേവാഭാരതി പ്രവര്‍ത്തകര്‍ വാടക വീടും ഒരുക്കിയിട്ടുണ്ട്.

ആലപ്പുഴയില്‍ മാരാരിക്കുളത്ത് ഒന്നാം വാര്‍ഡിലാണ് മഞ്ജുവിന്റെയും കുടുംബത്തിന്റേയും താമസം. കീറിയ ടാര്‍പായ കൊണ്ടുള്ള കൂരയ്ക്കുള്ളില്‍ മൂന്ന് മക്കളുമൊത്ത് ആയിരുന്നു മഞ്ജു കഴിഞ്ഞിരുന്നത്. നിരവധി തവണ വീടിനായി സര്‍ക്കാര്‍ സഹായം തേടിയെങ്കിലും ഫലം കണ്ടില്ല. ഇതിനിടെയാണ് മഞ്ജുവിന്റെ ദുരിത കഥ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതോടെ അവിടെ എത്തി മഞ്ജുവിന്റെയും കുട്ടികളുടെയും ദുരിതം നേരിട്ട് കണ്ടറിഞ്ഞ സേവാഭാരതി പ്രവര്‍ത്തകര്‍ അതിവേഗം വാടക വീട് സംഘടിപ്പിച്ചു നല്‍കുകയായിരുന്നു. വീടിന്റെ വാടകയും കുടുംബത്തിന്റെ മറ്റ് ചിലവുകളും സേവാഭാരതി തന്നെ വഹിക്കും. ഇതോടൊപ്പം മഞ്ജുവിന്റെ മക്കളുടെ വിദ്യാഭ്യാസവും സേവാഭാരതി ഏറ്റെടുക്കുമെന്നും അറിയിച്ചിരിക്കുകയാണ്. ദുരിത ജീവിതത്തില്‍ നിന്നും സേവാഭാരതിയുടെ കൈകളില്‍ സുരക്ഷിത ജീവിതം ഒരുങ്ങിയ സന്തോഷത്തിലാണ് കുടുംബം.