കോഴിക്കോട്: മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്ന കപട ആത്മീയ സംഘങ്ങള്‍ക്കെതിരെ പ്രതിരോധം ശക്തമാക്കണമെന്ന് ‘നേരാണ് നിലപാട്’ എന്ന പ്രമേയത്തില്‍ ഡിസംബര്‍ 30, 31 തിയ്യതികളില്‍ എറണാകുളത്ത് വെച്ച് നടത്തുന്ന ഐ എസ് എം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി കോഴിക്കോട് സൗത്ത് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘മുന്നൊരുക്കം’ നേതൃസംഗമം അഭിപ്രായപ്പെട്ടു.
ആത്മീയതട്ടിപ്പുകള്‍ നടത്തുന്നവരെ സമൂഹത്തില്‍ വെളുപ്പിച്ചെടുക്കുവാനുള്ള ആസൂത്രിതമായി ശ്രമം നടക്കുകയാണ്. കപട ആത്മീയ കേന്ദ്രങ്ങളിലേക്ക് അറിവില്ലാത്ത ജനങ്ങളെ കൂട്ടിക്കൊണ്ടുപോയി അവരുടെ അഭിമാനവും സമ്പത്തും കവര്‍ന്നെടുക്കുന്ന അത്യന്തം അപലപനീയമായ പ്രവണതകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണം ശക്തമാക്കാനും സംഗമം തീരുമാനിച്ചു.
കപട ആത്മീയതക്കെതിരെ പ്രതിരോധം തീര്‍ക്കുന്നവരെ മത വിരുദ്ധരും, നബി നിന്ദകരുമാക്കി തീര്‍ക്കാനുള്ള കപട ആത്മീയതയുടെ വക്താക്കളുടെ ശ്രമങ്ങളെ സമൂഹം തിരിച്ചറിയണമെന്നും ഐ.എസ്.എം ആവശ്യപ്പെട്ടു. സംഗമം സംസ്ഥാന പ്രസിഡണ്ട് ശരീഫ് മേലേതില്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് ജുനൈദ് സലഫി അധ്യക്ഷത വഹിച്ചു. കെ.എം.എ അസീസ്, ജലീല്‍ മാമാങ്കര, റഹ്മത്തുള്ള സ്വലാഹി പുത്തൂര്‍, വളപ്പില്‍ അബ്ദുസ്സലാം, ഹാഫിസ് റഹ്മാന്‍, അഹ്മദ് റഊഫ്, അഫ്‌സല്‍ പട്ടേല്‍ത്താഴം, ഷിയാസ് നന്മണ്ട, അബ്ദുല്‍ ഖാദിര്‍ നരിക്കുനി, ശജീര്‍ഖാന്‍, അസ്ഹര്‍ അത്തോളി,സെയ്തു മുഹമ്മദ്, അസ്‌ലം എം.ജി നഗര്‍ എന്നിവര്‍ സംസാരിച്ചു.