കോഴിക്കോട്: എം ടി കൈയ്യൊപ്പിട്ട 30 പുസ്തകങ്ങള്‍ ചെന്നൈ ആശ്രയം സാഹിത്യോത്സവത്തിലേക്ക്. എം ടി വാസുദേവന്‍ നായരുടെ നവതിയാഘോഷത്തിന്റെ ഭാഗമായി ചെന്നൈ ആശ്രയം സംഘടിപ്പിക്കുന്ന സാഹിത്യോത്സവത്തിലേക്ക് കാളാണ്ടിത്താഴം ദര്‍ശനം ഗ്രന്ഥശാലയുടെ ശേഖരത്തിലെ എം ടി കൈയ്യൊപ്പ് ചാര്‍ത്തിയ 30 പുസ്തകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. 24ന് ചെന്നൈ എ പി കുഞ്ഞിക്കണ്ണന്‍ സ്മൃതി മണ്ഡപത്തില്‍ നടക്കുന്ന പ്രദര്‍ശനത്തിലേക്ക് പുസ്തകങ്ങളുമായി പോകുന്ന ദര്‍ശനം സാഹിത്യ വേദി കണ്‍വീനര്‍ എഴുത്തുകാരന്‍ സുധിക്ക് കോഴിക്കോട് റയില്‍വേ സ്‌റ്റേഷനില്‍ യാത്രയയപ്പ് നല്കി.
1000 പൂര്‍ണചന്ദ്രന്‍മാരെക്കണ്ട 15-07-2017 ന് ഒപ്പു ചാര്‍ത്തിയ രണ്ടാമൂഴം, ഏറ്റവും ഒടുവില്‍ പ്രസിദ്ധീകരിച്ച രണ്ടാമൂഴത്തിന്റെ 61ആം പതിപ്പും പ്രദര്‍ശനത്തിനുണ്ട്. ദര്‍ശനം ബാലവേദി മെന്റര്‍ പി ജസിലുദീന്‍ പുസ്തകങ്ങള്‍ കൈമാറി. തൃശൂര്‍ കറണ്ട് ബുക്‌സ് പ്രതിനിധികളായ കോസ്‌മോ ബുക്‌സിലെ ടി എം ബിജു, വി വി ജയകുമാര്‍, ദര്‍ശനം ഗ്രന്ഥശാല സെക്രടറി എം എ ജോണ്‍സണ്‍, കമ്മിറ്റി അംഗം എം കെ സജീവ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു. എം ജയ രാജിന്റെ എം ടി മാതൃഭൂമിക്കാലം, ( മാതൃഭൂമി ബുക്‌സ്) എസ് ജയചന്ദ്രന്‍ നായരുടെ കഥാസരിത്കാലം (പ്രിസം ബുക്‌സ്), അനൂപ് രാമകൃഷ്ണന്റെ എം ടി അനുഭവങ്ങളുടെ പുസ്തകം (മനോരമ ബുക്‌സ് )അരുണ്‍ പൊയ്യേരിയുടെ സുവര്‍ണ പേടകത്തിനുള്ളിലെ മനസ്സ് (ലിപി), ജെ ആര്‍ പ്രസാദിന്റെ എം ടി എന്ന പത്രാധിപര്‍ ( ചിന്ത പബ്‌ളിഷേഴ്‌സ് ) തുടങ്ങി എം ടി പഠനങ്ങള്‍ ഉള്‍പ്പടെ 46 പുസ്തകങ്ങള്‍ ദര്‍ശനം ഗ്രന്ഥശാലയില്‍ നിന്ന് പ്രദര്‍ശനത്തിലുണ്ടാവും. ബീക്കണ്‍ സെക്രട്ടറി കെ ജെ തോമസിന്റെ ശേഖരത്തിലെ പുനലൂര്‍ രാജന്‍ പകര്‍ത്തിയ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ടാകും.