വിദ്വേഷ പ്രചരണം നടത്തുന്നവര്‍ക്കെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണം: കെ എം സെയ്തലവി എന്‍ജിനീയര്‍

Wayanad

പിണങ്ങോട്: ഇന്ത്യന്‍ ജനാധിപത്യം പുതിയ പാര്‍ലമെന്റ് മന്ദിരത്തിലേക്ക് കൂടുമാറിയതോടുകൂടി പാര്‍ലമെന്റ് മന്ദിരത്തിന്റെ മഹത്വവും മതേതരത്വവും പിച്ചിച്ചീന്തുന്ന തരത്തില്‍ ഒരു വിഭാഗത്തിന്റെ പേരുള്ളവര്‍ക്കെതിരെ വിദ്വേഷ പരാമര്‍ശങ്ങള്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ വെച്ച് നടത്തിയ പാര്‍ലമെന്റ് അംഗത്തിനെതിരെ മാതൃകാപരമായ ശിക്ഷ നല്‍കണമെന്ന് കെ.എന്‍. എം സംസ്ഥാന ഉപാധ്യക്ഷന്‍ കെ എം സൈതലവി എന്‍ജിനീയര്‍ അഭിപ്രായപ്പെട്ടു. ജനുവരിയില്‍ കരിപ്പൂരില്‍ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമൂഹ്യബോധനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കെ എന്‍ എം വയനാട് ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബി ആറാം നൂറ്റാണ്ടില്‍ ഉന്നയിച്ച കാര്യങ്ങളൊന്നും തന്നെ മാനവിക വിരുദ്ധമല്ലെന്നും ആധുനിക മനുഷ്യന്‍ അനുഭവിക്കുന്ന മാനുഷിക പ്രശ്‌നങ്ങള്‍ക്കുള്ള പരിഹാരമാണെന്നും ‘മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ‘ എന്ന സന്ദേശത്തിലുള്ള സാമൂഹ്യബോധനം പരിപാടി അഭിപ്രായപ്പെട്ടു. യുക്തിവാദം വെടിഞ്ഞ് മതവിശ്വാസത്തിലേക്ക് തിരികെയെത്തിയ പി എം അയ്യൂബ് മൗലവി, അലിമദനി മൊറയൂര്‍, ഡോ. റഫീഖ് ഫൈസി, അബ്ദുല്‍ ഹക്കീം അമ്പലവയല്‍, കെ അബ്ദുസ്സലാം മുട്ടില്‍, മഷ്ഹൂദ് മേപ്പാടി എന്നിവര്‍ പ്രസംഗിച്ചു.