വ്യാജ വിനാഗിരി വില്‍പ്പന; സ്ഥാപനത്തിനും വിതരണക്കാരും പിഴ ചുമത്തി

Kozhikode

കോഴിക്കോട്: ലേബല്‍ വിവരമില്ലാതെ സിന്തറ്റിക് വിനാഗിരി ഉല്‍പാദിപ്പിച്ച് വില്‍പ്പന നടത്തിയ സ്ഥാപനത്തിനും വിതരണക്കാര്‍ക്കും പിഴ ചുമത്തി വടകര ആര്‍ഡിഒ കോടതി. വിനാഗിരി ഉല്‍പാദിപ്പിച്ച സ്ഥാപനമായ ബി സ്‌റ്റോണ്‍ പ്രോഡക്ടസ് തിരൂരങ്ങാടിക്ക് 20000 രൂപയും, വിതരണം ചെയ്ത കമ്പിനിക്ക് 15000 രൂപയും, വില്‍പ്പന ചെയ്ത സ്ഥാപനത്തിന 2500 രൂപയുമാണ് പിഴയടക്കാന്‍ കോടതി ഉത്തരവിട്ടത്.

വടകര ഭക്ഷ്യസുരക്ഷ ഓഫീസറായിരുന്ന ഫെബിന മുഹമ്മദിന്റെ നേതൃത്വത്തില്‍ 2022ല്‍ നടത്തിയ പരിശോധനയിലാണ് വടകരയിലെ ബി സ്‌റ്റോണ്‍ പ്രോഡക്ട്‌സ് എന്ന സ്ഥാപനത്തില്‍ ലേബല്‍ വിവരമില്ലാത്ത സിന്തറ്റിക് വിനാഗിരി പിടിച്ചെടുത്തത്. തുടര്‍ന്ന് കമ്പനിക്കെതിരെയും വിതരണക്കാര്‍ക്കും വില്‍പ്പന നടത്തിയ സ്ഥാപനത്തിനെതിരെയും വടകര ആര്‍ഡിഒ കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയായിരുന്നു.

ഉല്‍പാദകര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ നിര്‍മ്മിച്ച് പാക്ക് ചെയ്യുമ്പോള്‍ ഭക്ഷ്യസുരക്ഷ നിയമം 2006 മാനദണ്ഡ പ്രകാരം ഭക്ഷ്യവസ്തുവിന്റെ പേര്, ഘടകങ്ങളുടെ പേര്, പോഷക ഘടകങ്ങളെ സംബന്ധിച്ച വിവരങ്ങള്‍, നിര്‍മ്മാതാവിന്റെ പൂര്‍ണ്ണ മേല്‍വിലാസം എന്നിവ ഉള്‍പ്പെടെ കൃത്യമായി രേഖപ്പെടുത്തണം. വിതരണക്കാരും വ്യാപാരികളും പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങളില്‍ ലേബല്‍ വിവരങ്ങള്‍ ഉള്ളത് മാത്രമേ വില്‍പ്പന നടത്താവൂവെന്നും കോഴിക്കോട് ഭക്ഷ്യസുരക്ഷ അസി. കമ്മീഷണര്‍ സക്കീര്‍ ഹുസൈന്‍ അറിയിച്ചു.