മാലിന്യമുക്തം നവകേരളം; പഞ്ചായത്ത് സെക്രട്ടറിമാരുടെ പരിശീലന പരിപാടി സമാപിച്ചു

Thiruvananthapuram

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം കാമ്പയിന്‍ രണ്ടാംഘട്ടത്തിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ വകുപ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കായി സംഘടിപ്പിച്ച മാരത്തോണ്‍ പരിശീലന പരിപാടി സമാപിച്ചു. കാമ്പയിനിന്റെ രണ്ടാംഘട്ടം ഫലപ്രദമായി നടപ്പിലാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥ സംവിധാനത്തെ സജ്ജമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

തിരുവനന്തപുരം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ രണ്ടു ദിവസങ്ങള്‍ വീതമുള്ള മൂന്നു ബാച്ചുകളിലായി നടത്തിയ പരിശീലന പരിപാടിയ്ക്ക് തദ്ദേശസ്വയംഭരണവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍ നേതൃത്വം നല്കി.

മാലിന്യ നിര്‍മാര്‍ജന മേഖലയിലെ നിയമപരവും സാങ്കേതികവുമായ വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ പരിശീലന പരിപാടിയില്‍ ആധുനിക പരിശീലന സങ്കേതങ്ങളാണ് ഉപയോഗിച്ചത്. ഉദ്യോഗസ്ഥരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും വിലയിരുത്തി സംസ്ഥാനത്തെ വിവിധ പ്രദേശങ്ങളിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ പരിശീലന പരിപാടി സഹായകമായി.

തദ്ദേശ സ്വയംഭരണ വകുപ്പിന് വേണ്ടി കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍ (ഗകഘഅ)) സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ അവസാന ബാച്ചില്‍ കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പഞ്ചായത്ത് സെക്രട്ടറിമാരാണ് പങ്കെടുത്തത്. കിലയിലെ ഫാക്കല്‍റ്റിയ്ക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉദ്യോഗസ്ഥരും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി.

തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ എം ജി. രാജമാണിക്കം, പഞ്ചായത്ത് ഡയറക്ടര്‍ എച്ച്. ദിനേശന്‍, ശുചിത്വ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ ടി. ബാലഭാസ്‌കരന്‍, ക്ലീന്‍ കേരള കമ്പനിയുടെ മാനേജിങ് ഡയറക്ടര്‍ ജി കെ. സുരേഷ് കുമാര്‍, കില ഡയറക്ടര്‍ ജനറല്‍ ജോയ് ഇളമണ്‍ എന്നിവരും വിവിധ സെഷനുകളില്‍ പങ്കെടുത്തു.