• 405 റിസോഴ്‌സ് പോഴ്‌സണ്‍മാര്‍, 135 സ്‌കൂളുകളില്‍ പഠനം, ആദിവാസി/തോട്ടം മേഖലകളില്‍ പ്രത്യേക ഇടപെടല്‍
കല്പറ്റ: ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാര്‍ സേവനങ്ങളും പൊതുജനങ്ങളില്‍ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂള്‍ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകള്‍ അവധി ദിവസങ്ങളില്‍ വിട്ടു നല്‍കാന്‍ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.
കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍, ജെന്റര്‍, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങള്‍, ഡിജിറ്റല്‍ ലിറ്ററസി എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാകള്‍ കൊണ്ടുവരണം. ഇത് പങ്കു വെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്‌കൂള്‍ മാറും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതല്‍ 15 വരെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി . ഒക്ടോബര്‍ 1നും ഡിസംബര്‍ 10നും ഇടയിലാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. പഠിതാക്കള്‍ രാവിലെ 9.30ന് നിശ്ചയിക്കപെട്ട സ്‌കൂളില്‍ എത്തണം. തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്‌കൂളില്‍ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ 405 ആര്‍പിമാര്‍ക്ക് 5 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കി. തിരികെ സ്‌കൂള്‍ ക്യാമ്പയിന്‍ ജില്ല തല ഉദ്ഘാടനം ഒക്ടോബര്‍ 1ന് വൈത്തിരി സിഡിഎസിലെ ഗവ. ഹൈയര്‍സെക്കണ്ടറി സ്‌കൂളില്‍ നടക്കും. വനം വന്യ ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. അന്നെ ദിവസം 26 സിഡിഎസിലും പ്രവേശനോല്‍സവം സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭ കുട്ടികള്‍ പഠിതാക്കളെ സ്വീകരിക്കും. അതാത് തദ്ദേശ സ്വായം ഭരണ അദ്ധ്യക്ഷന്‍മാര്‍ ഉദ്ഘാടനം ചെയ്യും.
ജില്ലാ മിഷന്‍ കോ ഓര്‍ഡിനേറ്റര്‍ ബാലസുബ്രഹ്മണ്യന്‍ പി.കെ, അസി. കോ ഓര്‍ഡിനേറ്റര്‍മാരായ സെലീന കെ.എം, റജീന വി.കെ, ജില്ലാ പ്രോഗ്രാം മാനേജര്‍ സുഹൈല്‍ പി.കെ, വൈത്തിരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഷാജിമോള്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.