ജെ ബി കോശി കമ്മീഷന്റെ ക്രൈസ്തവ ന്യൂനപക്ഷ റിപ്പോര്‍ട്ട് പുറത്തുവിടുക: സി ബി സി ഐ ലെയ്റ്റി കൗണ്‍സില്‍

Eranakulam

കൊച്ചി: കേരളത്തിലെ ക്രൈസ്തവ ന്യൂനപക്ഷങ്ങളുടെ പിന്നോക്കാവസ്ഥ പഠിക്കുവാനും ക്ഷേമപദ്ധതികള്‍ നിര്‍ദ്ദേശിക്കുവാനും നിയോഗിക്കപ്പെട്ട ജെ.ബി.കോശി കമ്മീഷന്‍ 2023 മെയ് 17ന് സംസ്ഥാന സര്‍ക്കാരിന് നേരിട്ട് സമര്‍പ്പിച്ച റിപ്പോര്‍ട്ട് രഹസ്യമാക്കി വെക്കാതെ പൂര്‍ണ്ണരൂപം അടിയന്തരമായി പുറത്തുവിടണമെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയാര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളില്‍ നടത്തിയ സിറ്റിംഗുകളിലും നേരിട്ടും കമ്മീഷന് 5 ലക്ഷത്തോളം നിര്‍ദ്ദേശങ്ങള്‍ ലഭിച്ചതും രണ്ടര വര്‍ഷക്കാലം പഠനം നടത്തി സമര്‍പ്പിച്ചതുമായ പഠനരേഖകളും ക്ഷേമപദ്ധതി നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ വളരെ രഹസ്യമാക്കി വെയ്ക്കുന്നതില്‍ ദുരൂഹതയുണ്ട്.

മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ന്യൂനപക്ഷ ക്ഷേമവകുപ്പിന് തുടര്‍ നടപടികള്‍ക്കായി കൈമാറിയെന്നാണ് അനൗദ്യോഗികമായി ലഭിക്കുന്ന വിവരങ്ങള്‍. ന്യൂനപക്ഷ ക്ഷേമവകുപ്പാകട്ടെ കാലങ്ങളായി തുടരുന്ന െ്രെകസ്തവ നീതിനിഷേധവും വിവേചനവും തുടരുന്നു. ജനങ്ങളുടെ അറിവിലേയ്ക്കായി െ്രെകസ്തവ പിന്നോക്കാവസ്ഥ പഠന റിപ്പോര്‍ട്ടുപോലും പുറത്തിറക്കാതെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഒളിച്ചോട്ടം അവസാനിപ്പിക്കണം. വരാന്‍ പോകുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനുമുമ്പ് റിപ്പോര്‍ട്ടിന്റെ നടപ്പാക്കലിനുവേണ്ടി പഠിക്കുവാന്‍ ഒരു വിദഗ്ദ്ധസമിതിയെ പ്രഖ്യാപിച്ച് സംസ്ഥാനത്തെ െ്രെകസ്തവ ന്യൂനപക്ഷത്തെ സര്‍ക്കാര്‍ വിഢികളാക്കാന്‍ നോക്കണ്ട. ജെ.ബി.കോശി കമ്മീഷന്‍ സമര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം സര്‍ക്കാര്‍ അടിയന്തരമായി ഔദ്യോഗികമായി പ്രസിദ്ധീകരിക്കുകയും സമയബന്ധിതമായി െ്രെകസ്തവ സമൂഹത്തിന്റെ സാമ്പത്തിക സാമൂഹിക പിന്നോക്കാവസ്ഥ മുഖവിലയ്‌ക്കെടുത്ത് ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച് നടപ്പിലാക്കുകയും ചെയ്യണമെന്ന് വി.സി.സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.