തിരുവനന്തപുരം: ജന്മദേശമായ ഇറാനിലെ ദുസ്വാതന്ത്യത്തിനെതിരെ മുടിമുറിച്ച് നല്‍കി ഇറാനിയന്‍ സംവിധായിക മെഹ്നാസ് മുഹമ്മദിയുടെ അവകാശ പ്രഖ്യാപനം. കാന്‍ ഫിലിം ഫെസ്റ്റിവലില്‍ രാജ്യം നിയന്ത്രണമേര്‍പ്പെടുത്തിയപ്പോള്‍ പ്രതികരിച്ച അതേ മാതൃകയിലാണ് രാജ്യാന്തര മേളയിലെ സ്പിരിറ്റ് ഓഫ് സിനിമാ അവാര്‍ഡ് ജേത്രി പ്രതികരിച്ചത്.
പാസ് പോര്‍ട്ട് പുതുക്കി ലഭിക്കാത്തതിനാല്‍ കേരളത്തിലേക്കു യാത്രാ തടസം നേരിട്ട മെഹനാസ് മുടി മുറിച്ചു നല്കിയതിനൊപ്പം തന്റെ കഷ്ടപ്പാടിന്റെ പ്രതീകമാണ് മുടിയിഴകളെന്നും തന്റെ സാന്നിധ്യമായി അവയെ കണക്കണമെന്നും സന്ദേശത്തില്‍ അറിയിച്ചു . മെഹ്നാസിന്റെ അഭാവത്തില്‍ ഗ്രീക്ക് സംവിധായിക അതീന റേച്ചല്‍ സംഗാരിയാണ് മുഖ്യമന്ത്രിയില്‍ നിന്നും സ്പിരിറ്റ് ഓഫ് സിനിമ പുരസ്‌കാരം സ്വീകരിച്ചത്.
സിനിമയുടെ അണിയറയും സത്യന്‍ സ്മൃതിയുമായി ഫോട്ടോപ്രദര്‍ശനം
മലയാള സിനിമയുടെ നാള്‍വഴികളുടെ നേര്‍ക്കാഴ്ചകളുമായി ഡിസംബര്‍ 10 മുതല്‍ ടാഗോര്‍ തിയേറ്ററില്‍ ഫോട്ടോ പ്രദര്‍ശനം നടക്കും. മലയാള സിനിമയിലെ പ്രതിഭകളേയും മുഹൂര്‍ത്തങ്ങളേയും ആസ്പദമാക്കി മാങ്ങാട് രത്‌നാകരന്‍ ക്യുറേറ്റ് ചെയ്ത പുനലൂര്‍ രാജന്റെ 100 ഫോട്ടോകള്‍, അനശ്വരനടന്‍ സത്യന്റെ ജീവിതത്തിലെ 20 വര്‍ഷത്തെ 110 ചിത്രങ്ങള്‍ എന്നിവയാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത് .പ്രസിദ്ധ ഫോട്ടോഗ്രാഫര്‍ ആര്‍.ഗോപാലകൃഷ്ണന്‍ ശേഖരിച്ച ചിത്രങ്ങളാണ് ‘സത്യന്‍ സ്മൃതി’യില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സത്യന്റെ നൂറ്റിപ്പത്താം ജന്മവാര്‍ഷികത്തില്‍ അതുല്യ നടനുള്ള ശ്രദ്ധാഞ്ജലിയായാണ് അക്കാദമി ചിത്രപ്രദര്‍ശനം ഒരുക്കുന്നത്.
ഇരുട്ടിന്റെ ആത്മാവ്(1966), ഓളവും തീരവും(1960 ),വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ (1980), ഏണിപ്പടികള്‍ (1973 ) തുടങ്ങി മലയാള സിനിമയുടെ ചരിത്രം രേഖപ്പെടുത്തുന്ന ചിത്രങ്ങള്‍ക്കൊപ്പം തോപ്പില്‍ ഭാസി, തകഴി, ശങ്കരാടി, തിക്കുറിശ്ശി, ജയഭാരതി തുടങ്ങിയവരുടെ സൗഹൃദ മുഹൂര്‍ത്തങ്ങളും ഫോട്ടോപ്രദര്‍ശനത്തിലുണ്ട്.
രാവിലെ 10.30ന് മുന്‍ മന്ത്രി എ കെ ബാലന്‍ ഫോട്ടോ പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സാഹിത്യകാരന്‍ സക്കറിയ, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്, വൈസ് ചെയര്‍മാന്‍ പ്രേംകുമാര്‍, സെക്രട്ടറി സി.അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.