നിങ്ങളുടെ പ്രദേശത്തെ വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലില്‍ അയക്കുക. വാട്‌സാപ്പ് ഗ്രൂപ്പില്‍ അംഗമാവുന്നതിന് 8289857951 എന്ന നമ്പറിലേക്ക് പേരും സ്ഥലവും അയക്കുക
കോഴിക്കോട്: ശതകോടികള്‍ മുടക്കി ജയിലും പഞ്ചനക്ഷത്ര ഹോട്ടലും ദ്വീപു സമൂഹത്തിനു വേണ്ടി പണിയുന്ന ദ്വീപ് ഭരണാധികാരികളുടെയും കേന്ദ്ര ഗവണ്‍മെന്റിന്റെയും തലതിരിഞ്ഞ വികസന നയത്തിന് ദ്വീപ് ജനത എങ്ങനെ ബലിയാടാകുന്നുവെന്നതിന്റെ അനുഭവ കഥകള്‍ സംവിധായികയും സാമൂഹ്യ പ്രവര്‍ത്തകയുമായ ആയിഷ സുല്‍ത്താനയിലൂടെ പുറത്തു വന്നപ്പോള്‍ അത് കേട്ടു നിന്ന ഭൂരിഭാഗം സദസ്യരെയും ഒരു നിമിഷം സ്തംഭരാക്കുകയായിരുന്നു.
മുറിവ് തുന്നുമ്പോള്‍ കുത്തിവെക്കുന്ന തരിപ്പിക്കുന്ന മരുന്ന് പോലും ഇല്ലാത്ത ഡിസ്‌പെന്‍സറികള്‍, കപ്പലില്‍ കയറുവാന്‍ ഗര്‍ഭിണികള്‍ പോലും കഴുത്തൊപ്പം വെള്ളത്തില്‍ ചാടേണ്ടി വരുന്ന 2022 ലെയും ഗതികേടിന്റെ അവസ്ഥ ദ്വീപ് നിവാസി കൂടിയായ ആയിഷ തന്റെ അനുഭവത്തില്‍ നിന്ന് കൂടി വേദന നിറഞ്ഞ താന്‍ കണ്ട കാഴ്ചകളാണ് ഐ എന്‍എല്‍ വനിതാ സമ്മേളന വേദിയില്‍ അയവിറക്കിയത്.
കോടിക്കണക്കിന് രൂപയുടെ ഫണ്ടുണ്ടായിട്ട് പോലും മുറിവ് തുന്നിക്കെട്ടുമ്പോഴുള്ള വേദനയില്‍ ഇപ്പോഴും കുഞ്ഞുങ്ങളടക്കം പുളയേണ്ടി വരുന്ന ഒരവസ്ഥ ലോകത്ത് മറ്റൊരു ദ്വീപിലുമുണ്ടാകില്ല. അടിസ്ഥാന സൗകര്യമില്ലാത്ത ലോകത്തിലെ ഏറ്റവും വലിയ ഭൂപ്രദേശമാണ് ലക്ഷദ്വീപ് എന്നാണ് തനിക്ക് മനസ്സിലായതെന്ന് ആയിശ സുല്‍ത്താന പറഞ്ഞു. ഗൗരിലങ്കേഷ് നഗറില്‍ നാഷണല്‍ വിമണ്‍സ് ലീഗ് സംഘടിപ്പിച്ച വനിതാ സിമ്പോസിയത്തില്‍ മുഖ്യപ്രഭാഷണം നടത്തവേയാണ് ആയിഷ തന്റെ നാടിന്റെ ദുരവസ്ഥ ഇടറിയ വാക്കുകളില്‍ വിവരിച്ചത്.
ഈ ദുരവസ്ത ലോകത്ത് മറ്റൊരു ദ്വീപ് സമൂഹത്തിന്നും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാകില്ല. വികസന വാചാടോപങ്ങള്‍ നടത്തുന്നവര്‍ ഈ വസ്തുതകളെ തമസ്‌കരിക്കുകയാണ്. ക്രൈം റജിസ്റ്ററില്‍ ലോകത്ത് ഏറ്റവും പിന്നിലുള്ള നാട്ടിലാണ് പതിനൊന്നായിരം കുറ്റവാളികളെ താമസിപ്പിക്കാനുള്ള ജയില്‍ ദ്വീപ് ഭരണകൂടം ഒരുക്കുന്നത്. ലക്ഷദ്വീപില്‍ നിന്നും തൊണ്ണൂറ് നോട്ടിക്കല്‍ മൈല്‍ അകലെയുള്ള ശ്രീലങ്കയില്‍ നിന്നും പിടിച്ചെടുത്ത ആയുധങ്ങളും മയക്കുമരുന്നും ദ്വീപിന്റെ പിരടിയില്‍ കെട്ടിവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നത്. സ്വന്തം ജനതയുടെ ജീവല്‍ പ്രശ്‌നങ്ങളെ സമൂഹത്തിന് മുന്നില്‍ അവതരിപ്പിച്ചതിനാണ് എന്നെ രാജ്യദ്രോഹിയാക്കി ചിത്രീകരിച്ചത്. എന്നാല്‍ ഈ ഭീഷണികളെ അവഗണിച്ച് ദ്വീപ് ജനതയുടെ ക്ഷേമത്തിനായി മരണംവരെ താന്‍ നിലക്കൊള്ളുമെന്ന് അവര്‍ സധൈര്യം പ്രഖ്യാപിച്ചപ്പോള്‍ നിറഞ്ഞ കരഘോഷത്തോടെയാണ് സദസ്സ് അതിനെ സ്വീകരിച്ചത്. ഔപചാരിക പ്രഭാഷണത്തിനപ്പുറം താന്‍ അനുഭവിച്ച വേദന തന്നെ ആയിഷ പങ്കു വെച്ചപ്പോള്‍ അത് കോതാക്കളായി എത്തിയ വനിതകളടക്കമുള്ളവര്‍ക്ക് വേറിട്ട ഒരനുഭവമാകുകയായിരുന്നു.