തട്ടം തട്ടിമാറ്റുന്നതല്ല പുരോഗതിയുടെ നിദാനം: ഐ എന്‍ എല്‍

Kozhikode

കോഴിക്കോട്: തട്ടമോ മഫ്തയോ എന്തുമാവട്ടെ മുസ്‌ലിം പെണ്‍കുട്ടികള്‍ ശിരോവസ്ത്രം ഒഴിവാക്കുന്നതാണ് പുരോഗമനത്തിന്റെ നിദാനമെന്ന കാഴ്ചപ്പാട് ആരെങ്കിലും വെച്ചുപുലര്‍ത്തുന്നുണ്ടെങ്കില്‍ അത് അബദ്ധജഢിലവും വ്യക്തിസ്വാതന്ത്ര്യത്തിന്റെ അന്തസ്സത്ത ഉള്‍ക്കൊള്ളാത്തതുമാണെന്ന് ഐ എന്‍ എല്‍ സംസ്ഥാന ജന.സെക്രട്ടറി കാസിം ഇരിക്കൂര്‍ അഭിപ്രായപ്പെട്ടു.

ഏത് പൗരനും അവര്‍ ഇഷ്ടപ്പെടുന്ന വസ്ത്രധാരണത്തിന് ജനാധിപത്യ സമൂഹത്തില്‍ അവകാശമുണ്ട്. ശരീരഭാഗം മറയ്ക്കുന്ന ഏതെങ്കിലും വസ്ത്രം ഉതിര്‍ന്നുവീഴുന്നതോടെ പുരോഗതി കൈവരിച്ചുവെന്ന് ധരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. മലപ്പുറത്തെന്നല്ല ലോകത്തെവിടെയും മുസ്ലിം സ്ത്രീയുടെ ശിരോവസ്ത്രം അവളുടെ സ്വത്വപ്രഖ്യാപനത്തിന്റെയും വ്യക്തിത്വ പ്രകാശനത്തിന്റെയും അടയാളമാണ്. അത് മാനിക്കപ്പെടേണ്ടതുണ്ട്. ഫാഷിസം തിടംവെച്ചാടുന്ന ഇന്ത്യനവസ്ഥയില്‍ തട്ടം പ്രതിരോധത്തിന്റെ കവചം കൂടിയാണ്. ഈ വിഷയത്തില്‍ അഡ്വ. കെ അനില്‍കുമാര്‍ നടത്തിയ അപക്വമായ അഭിപ്രായപ്രകടനത്തെ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ തള്ളിപ്പറഞ്ഞുകഴിഞ്ഞു. എന്നിട്ടും തട്ടത്തില്‍ തൂങ്ങി രാഷ്ട്രീയ മുതലെടുപ്പ് നടത്താനുള്ള മുസ്‌ലിം ലീഗ് നേതാക്കളുടെ ഇറങ്ങിപ്പുറപ്പാട് പരിഹാസ്യമാണ്. മുസ്‌ലിം സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ആ പാര്‍ട്ടിക്കുള്ള ആത്മാര്‍ഥത എത്രയാണെന്ന് കണ്ടവരാണ് കേരളീയരെന്നും കാസിം ഇരിക്കൂര്‍ പ്രസ്താവനയില്‍ പറഞ്ഞു.