തിരുവനന്തപുരം: അര്‍ധരാത്രിയില്‍ നെഞ്ചിടിപ്പിന്റെ വേഗം കൂട്ടാന്‍ തിങ്കളാഴ്ച രാജ്യാന്തര മേളയിലെ മിഡ്‌നൈറ്റ് സ്‌ക്രീനിങ്ങില്‍ ഇന്തോനേഷ്യന്‍ ചിത്രം സാത്താന്‍സ് സ്ലേവ്‌സ് 2 കമ്മ്യൂണിയന്‍ പ്രദര്‍ശിപ്പിക്കും.
2017 ല്‍ പുറത്തിറങ്ങിയ സാത്താന്‍സ് സ്ലേവ്‌സിന്റെ രണ്ടാം ഭാഗമായ ചിത്രം ഐമാക്‌സില്‍ ചിത്രീകരിച്ച ആദ്യ ഇന്തോനേഷ്യന്‍ ചിത്രമാണ്. ഹൊറര്‍ സിനിമകളിലൂടെ പ്രശസ്തനായ ജോക്കോ അന്‍വറാണ് ചിത്രത്തിന്റെ സംവിധായകന്‍. നിശാഗന്ധിയില്‍ തിങ്കളാഴ്ച രാത്രി 12 മണിക്കാണ് ചിത്രത്തിന്റെ പ്രദര്‍ശനം. റിസേര്‍വേഷന്‍ ഇല്ലാതെ പ്രേക്ഷകര്‍ക്ക് ചിത്രം ആസ്വദിക്കാം.
വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ദാരുണമായ സംഭവത്തിന് ശേഷം അമ്മയെയും ഇളയ സഹോദരനെയും നഷ്ടമായ റിനിയും കുടുംബവും സ്വസ്ഥജീവിതമന്വേഷിച്ചു ഫ്‌ലാറ്റിലേക്ക് താമസം മാറ്റുന്നു. അയല്‍ക്കാര്‍ ആരാണെന്ന് മനസ്സിലാക്കാതെയുള്ള കുടുംബത്തിന്റെ ഭയ വിഹ്വലമായ ജീവിതമാണ് ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. സിനിമയുടെ ആദ്യ ഭാഗം കണ്ട പ്രേക്ഷകരുടെ മനസില്‍ അവശേഷിപ്പിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരം കൂടിയാണ് ഈ ഹൊറര്‍ ചിത്രം പങ്കു വയ്ക്കുന്നത്.
ഈ വര്‍ഷം ബുസാന്‍ മേളയില്‍ പ്രേക്ഷക പ്രീതി നേടിയ ചിത്രത്തിന്റെ ആദ്യ ഭാഗമായ സാത്താന്‍സ് സ്ലേവ്‌സ്, നേരത്തെ ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.