കഥ കാര്യമായ സിനിമ, IFFI യില്‍ ജിയോ ബേബി തിളങ്ങി

Cinema

എം കെ രാമദാസ്

പനാജി: പരിചിതമെങ്കിലും ഇന്നോളം അപരിചിതത്വം നടിച്ച ലൈംഗീകാഭിലാഷത്തെ പരസ്യമായി അടയാളപ്പെടുത്തുന്നതാണ് ജിയോ ബേബിയുടെ ‘കാതല്‍ ദി കോര്‍’ എന്ന് രാജ്യാന്തര ചലചിത്ര മേളയിലെ പ്രതിനിധികള്‍. പ്രഥമ പ്രദര്‍ശനത്തിന് ശേഷം അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളുമായുള്ള സംവാദത്തിലാണ് കളിയായും കാര്യമായുമുള്ള ഈ തലോടല്‍. മമ്മുട്ടിയെന്ന നടനെ ഇതിനായി നിയോഗിച്ച സംവിധായകനാണ് കയ്യടി നേടിയത്.

അഭിനേതാക്കൾ പ്രേക്ഷകർക്ക് മുന്നിൽ

ലൈംഗീകയിഷ്ടങ്ങളെ പുനര്‍നിര്‍ണയിക്കാനുള്ള പുതു തലമുറയുടെ യത്‌നങ്ങള്‍ക്ക് ഈ സിനിമ ഊര്‍ജ്ജം പകരുമെന്നുറപ്പാണ്. ചില ചോദ്യങ്ങള്‍ പ്രേക്ഷകരില്‍ നിന്നുണ്ടായി. അതിലൊന്ന്, മാത്യൂസും തങ്കച്ചനുമൊരുമിച്ചൊരു രംഗം മനപൂര്‍വ്വം ഒഴിവാക്കിയതാണോ എന്നതായിരുന്നു. വേറിട്ട ലൈംഗീക മമതകളെ സദാചാര വിരുദ്ധമായി പരിഗണിക്കുന്ന സമൂഹത്തെ പ്രതിസ്ഥാനത്ത് പ്രതിഷ്ഠിക്കുന്നതില്‍ പ്രകടിപ്പിക്കുന്ന വൈമുഖ്യം സംവിധായകന്റെ മറുപടി ക്കായി ഉന്നയിക്കപ്പെട്ടിട്ടുണ്ട്.

മമ്മൂട്ടിയും ജ്യോതികയും

ഈ ചിത്രത്തില്‍ മമ്മൂട്ടിയെന്ന അഭിനേതാവിന്റെ ശക്തി ദൗര്‍ബല്യം പൂര്‍ണമായി മനസ്സിലാക്കാന്‍ സിനിമാ പ്രേക്ഷകര്‍ക്ക് കഴിയുന്നുണ്ട്. ചലനത്തിലെ മന്ദത സ്വഭാവ സവിശേഷതയായി വ്യാഖ്യാനിക്കാന്‍ ശ്രമിക്കാമെങ്കിലും പൂര്‍ണമായത് വിജയിക്കില്ല. ഭാവങ്ങളുടെ അടുത്ത്‌നിന്നുള ദൃശ്യങ്ങള്‍ ചിലപ്പോഴെല്ലാം ഈ ദുര്‍ബല വ്യക്തമാക്കുന്നുമുണ്ട്, കഥാപാത്രത്തെ ആവാഹിക്കാനുള്ള ശേഷി ഈ സിനിമയില്‍ ഒരിക്കല്‍ക്കൂടി മമ്മൂട്ടിയെന്ന പ്രതിഭ തെളിയിക്കുന്നുണ്ട്.

ചിത്രത്തിലെ അവസാന രംഗം

തങ്കനെന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുധി കോഴിക്കോടാണ് ഒരര്‍ത്ഥത്തില്‍ ഈ ചിത്രത്തെ മുന്നോട്ടു കൊണ്ടുപോവുന്നത്. ശരിയ്ക്കും സുധിയുടെ സിനിമയാണ് കാതല്‍. സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ ആലിംഗനം ചെയ്തും ഒപ്പം നിന്ന് ചിത്രങ്ങളെടുത്തും ആ നടനോടുള്ള ഇഷ്ടം പ്രകടിപ്പിച്ചു. രാജ്യാന്തര നിനിമ ഉത്സവത്തില്‍ വിരസമായിരുന്ന ഒരു ദിവസത്തെ ആനന്ദകരമാക്കിയത് ജിയോ ബേബിയാണ്. തനിക്ക് വഴങ്ങുന്ന സര്‍ഗ്ഗശേഷിയാണ് ചലചിത്രമെന്ന് അദ്ദേഹം തെളിയിക്കുന്നു. സൂപ്പര്‍ താരം ഉടനീളം നിറഞ്ഞുനിന്നിട്ടും സിനിമ സംവിധായകന്റെ കലയാണെന്ന് ജിയോ ബേബി തെളിയിച്ചു.