അഷറഫ് ചേരാപുരം
ദുബൈ: 3,75,000 ദിര്‍ഹത്തില്‍ കൂടുതല്‍ ലാഭമുണ്ടാക്കുന്ന കമ്പനികള്‍ക്കാണ് ഒന്‍പത് ശതമാനം കോര്‍പറേറ്റ് നികുതിയുമായി യു എ ഇ. രാജ്യത്തെ ബിസിനസ് സംരംഭങ്ങള്‍ക്ക് പുതു വര്‍ഷം മുതലാണ് കോര്‍പറേറ്റ് നികുതി ഏര്‍പ്പെടുത്തുന്നത്. ഇത് സംബന്ധിച്ച ഫെഡറല്‍ നിയമം കഴിഞ്ഞ ദിവസം പുറത്തിറങ്ങി. 2023 ജൂണ്‍ ഒന്ന് മുതലായിരിക്കും നികുതി പ്രാബല്യത്തില്‍ വരിക.
വാര്‍ഷിക ലാഭം 3,75,000 ദിര്‍ഹത്തില്‍ താഴെയുള്ള കമ്പനികള്‍ക്ക് നികുതിയുണ്ടാവില്ല. ചെറിയ ബിസിനസ് സംരംഭങ്ങള്‍ക്കും സ്റ്റാര്‍ട്ട്അപ്പുകള്‍ക്കും പിന്തുണ നല്‍കുന്നതിനാണ് ഈ ഇളവ്. സ്റ്റാര്‍ട്ടപ്പുകളെയും ചെറിയ ബിസിനസ് സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന നയമാണ് യു എ ഇ ഭരണകൂടം സ്വീകരിച്ചിരിക്കുന്നത്. ചില മേഖലകളിലെ സ്ഥാപനങ്ങളെ നികുതിയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ഉത്തരവില്‍ പറയുന്നു.
പ്രകൃതി വിഭവങ്ങളുടെ സംസ്‌കരണവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കോര്‍പറേറ്റ് നികുതി ബാധകമല്ല. എന്നാല്‍ അവയ്ക്ക് നിലവില്‍ ബാധകമായ എമിറേറ്റ് തലത്തിലെ പ്രദേശിക നികുതികള്‍ തുടരും. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പെന്‍ഷന്‍ ഫണ്ടുകള്‍, ഇന്‍വെസ്റ്റമെന്റ് ഫണ്ടുകള്‍, പബ്ലിക് ബെനഫിറ്റ് കമ്പനികള്‍ എന്നിവയെയും കോര്‍പറേറ്റ് നികുതിയില്‍ നിന്ന് ഒഴിവാക്കി. ഫ്രീ സോണുകള്‍ക്കും ഇപ്പോള്‍ തുടരുന്ന പൂജ്യം ശതമാനം നികുതി ആനുകൂല്യങ്ങള്‍ തുടരും. ബാങ്ക് നിക്ഷേപങ്ങളില്‍ നിന്നും മറ്റ് സേവിങ്‌സ് നിക്ഷേപങ്ങളില്‍ നിന്നും ലഭിക്കുന്ന പലിശയും മറ്റ് വ്യക്തിഗത വരുമാനങ്ങളും കോര്‍പറേറ്റ് നികുതിയുടെ പരിധിക്ക് പുറത്താണ്. വ്യക്തികള്‍ അവരുടെ സ്വന്തം നിലയ്ക്ക് നടത്തുന്ന റിയല്‍ എസ്‌റ്റേറ്റ് നിക്ഷേപങ്ങളും കോര്‍പറേറ്റ് നികുതിക്ക് പരിഗണിക്കില്ല.