കല്പറ്റ: ശരീഅത്ത് വിരുദ്ധ സത്യപ്രതിജ്ഞ കുടുംബശ്രീയുടെ ബാനറില്‍ പ്രചരിപ്പിക്കാനുള്ള നീക്കം സര്‍ക്കാര്‍ തന്നെ തടഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് വയനാട് ജില്ല മുജാഹിദ് സംഗമത്തിലെ വനിതാ സമ്മേളനം അഭിപ്രായപ്പെട്ടു. കുടുംബ സ്വത്തില്‍ ഇഷ്ടദാനമായി ആണിനും പെണ്ണിനും തുല്യ വിഹിതം നല്‍കാന്‍ ഇസ്ലാം അനുവദിക്കുന്നുണ്ട്.
ഖുര്‍ആന്‍ വിഭാവന ചെയ്യുന്ന കുടുംബ വ്യവസ്ഥിതിയില്‍ ആണിന് മാത്രമാണ് കുടുംബത്തിന്റെ ചെലവ് കണ്ടെത്തേണ്ട ബാധ്യതയുള്ളത്. സ്ത്രീക്ക് ആ ഉത്തരവാദിത്തമില്ല. വേണമെങ്കില്‍ ചെയ്യാമെന്നു മാത്രം. അതുകൊണ്ടാണ് പെണ്ണിന് അനന്തര സ്വത്തില്‍ ആണിന്റെ പകുതി നിശ്ചയിച്ചിരിക്കുന്നത്. ഇസ്ലാമിലെ കുടുംബ വ്യവസ്ഥിതി മനസ്സിലാക്കാത്തതു കൊണ്ടാണ് ലോകത്ത് ആദ്യമായി സ്ത്രീക്ക് സ്വത്തവകാശം നല്‍കിയ മതത്തെ തുല്യതയുടെ പേരില്‍ വിമര്‍ശിക്കുന്നതെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.
എം ജി എം മര്‍കസുദ്ദഅ്‌വ സംസ്ഥാന സമിതി അംഗം സൈനബ ഷറഫിയ ഉദ്ഘാടനം ചെയ്തു. വയനാട് ജില്ല പ്രസിഡന്റ് ഷെറീന ടീച്ചര്‍ അധ്യക്ഷത വഹിച്ചു. ഖൈറുന്നീസ കണിയാമ്പറ്റ, ശബാന റിപ്പണ്‍, സുബൈദ കല്പറ്റ, ആയിഷ ടീച്ചര്‍, കെ സീനത്ത് ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.