വടകരയും കണ്ണൂരും തിരിച്ചുപിടിക്കുക ലക്ഷ്യം, ബോംബ് പൊട്ടിയത് തിരിച്ചടിയായി

Kerala

പാനൂര്‍ കൈവേലിക്കല്‍ സ്വദേശി അരുണ് കസ്റ്റഡിയില്‍, ബോംബ് നിര്‍മ്മാണത്തില്‍ ഏര്‍പ്പെട്ടിരുന്നത് പത്തോളം പേര്‍; കണ്ടെടുത്ത ബോംബുകള്‍ നിര്‍വീര്യമാക്കി; പാനൂര്‍ സ്ഫോടനത്തില്‍ പ്രതിരോധത്തിലായി സിപിഎം

കണ്ണൂര്‍: വടകരയും കണ്ണൂരും തിരിച്ചു പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സി പി എം ബോംബ് നിര്‍മ്മിച്ചതെന്ന ആരോപണം ശക്തമായതോടെ ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കിയ സി പി എമ്മിന് രാഷ്ട്രീയമായി ഏറ്റ തിരിച്ചടി കൂടിയാണ് പാനൂരിലെ സ്ഫോടനം. സി പി എം അനുഭാവികളാണ് ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ടയാളും പരിക്കേറ്റയാളും. കെ കെ ശൈലജക്കൊപ്പമുള്ള ചിത്രങ്ങള്‍ അടക്കം പുറത്തുവരികയും ചെയ്തു. ഇതോടെ രാഷ്ട്രീയമായി തള്ളിപ്പറഞ്ഞിട്ടും സി പി എം വെട്ടിലായിരിരിക്കയാണ്.

പൊലീസ് കസ്റ്റഡിയിലുള്ള അരുണ്‍

പാര്‍ട്ടി ഭരിക്കുമ്പോള്‍ തന്നെയാണ് തെരഞ്ഞെടുപ്പു കാലത്ത് സി പി എം ബോംബ് നിര്‍മ്മാണം കണ്ണൂരില്‍ യഥേഷ്ടം നടത്തുന്നത്. ഇത് തിരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കിക്കഴിഞ്ഞു കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പില്‍ ബോംബ് എന്ത് സ്വാധീനമാണ് ഉണ്ടാക്കാന്‍ പോകുന്നതെന്ന് സി പി എം നേതൃത്വം വ്യക്തമാക്കണമെന്ന് വടകര മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍ ചോദിക്കുമ്പോള്‍ മറുപടി പറയാന്‍ കഴിയാത്ത അവസ്ഥയിലാണ് സി പി എം.

ബോംബ് എങ്ങനെയാണ് തിരഞ്ഞെടുപ്പ് സാമഗ്രിയായത്. ബോംബ് കയ്യിലിരുന്ന് പൊട്ടിയിട്ടില്ലായിരുന്നുവെങ്കില്‍ ആര്‍ക്കെതിരെ ഉപയോഗിക്കാനായിരുന്നു ലക്ഷ്യമിട്ടതെന്നുമാണ് അങ്ങോളമിങ്ങോളം ഉയരുന്ന ചോദ്യം. ‘ബോംബ് നിര്‍മ്മാണത്തിന് തിരഞ്ഞെടുപ്പുമായി ബന്ധമുണ്ട്. സ്ഥാനാര്‍ത്ഥിയോട് ചേര്‍ന്ന് നില്‍ക്കാന്‍ പ്രതികള്‍ക്ക് എങ്ങനെ സാധിച്ചു? നാടിന്റെ സമാധാനം കെടുത്തരുത്. കേരള പൊലീസ് അന്വേഷിച്ചാല്‍ സത്യാവസ്ഥ പുറത്തു വരില്ല. സി പി എം ആക്രമണത്തിന് കോപ്പുകൂട്ടുന്നു. വടകര അടക്കമുള്ള ഇടങ്ങളില്‍ വ്യാപക ബോംബ് ശേഖരണം നടക്കുന്നുണ്ട്. പരിശോധന നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാകണം.’ -ഷാഫി ആവശ്യപ്പെടുന്നു.

അതേസമയം കെ സുധാകരനും വിഷയം സി പി എമ്മിനെതിരെ തിരിക്കുകയാണ്. ബോംബ് നിര്‍മ്മാണത്തിനിടയില്‍ സി പി എം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടത് അത്യന്തം ഭീതിജനകമായ വാര്‍ത്തയാണെന്ന് കെ പി സി സി പ്രസിഡന്റും കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ത്ഥിയുമായ കെ സുധാകരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ‘എന്തിനാണ് സി പി എം ബോംബുകള്‍ നിര്‍മ്മിക്കുന്നത്? വ്യാപകമായ ആക്രമണങ്ങള്‍ക്ക് സി പി എം ഒരുങ്ങുകയാണെന്നാണ് ഈ സംഭവം സൂചന നല്‍കുന്നത്. സി പി എം ഒരു തീവ്രവാദ സംഘടനയാണെന്നും ആഭ്യന്തരമന്ത്രി കഴിവുകെട്ടവനാണെന്നും ഒരിക്കല്‍ക്കൂടി വ്യക്തമാകുന്നു. ബോംബുകള്‍ നിര്‍മ്മിച്ച് ആളെക്കൊല്ലാന്‍ പരിശീലിക്കുന്ന ഈ തീവ്രവാദസംഘടന ഒരു പരിഷ്‌കൃതസമൂഹത്തിന് ഒരിക്കലും യോജിച്ചതല്ല’ കെ സുധാകരന്‍ ഫേസ്ബുക്കില്‍ കുറിക്കുന്നു.

എന്നാല്‍ പ്രതികളെ തള്ളിപ്പറഞ്ഞെന്നും പാര്‍ട്ടിക്ക് ഇതില്‍ ബന്ധമില്ലെന്നുമാണ് സി പി എം നിലപാട്. കോണ്‍ഗ്രസ് അനാവശ്യമായി വിഷയം ഉന്നയിക്കുകയാണെന്നും സി പി എം പറയുന്നു.

പാനൂരില്‍ അധികം ആരും ശ്രദ്ധിക്കാത്ത പറമ്പിലാണ് ബോംബ് നിര്‍മ്മാണം നടന്നിരുന്നത്. ബോംബ് സ്ഫോടനത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന വലിയപറമ്പത്ത് പി.വി. വിനീഷിന്റെ വീടും മറ്റൊരു വീടുമാണ് പ്രദേശത്തുള്ളത്. രണ്ടേക്കറോളം പരന്നുകിടക്കുന്ന കശുമാവിന്‍തോട്ടത്താല്‍ ചുറ്റപ്പെട്ട സ്ഥലത്ത് ഈ രണ്ട് വീടുകള്‍ മാത്രമാണുള്ളത്. ഇതിനടുത്ത് ഒരു പാറമടയും. ഈ പ്രദേശത്ത് പകല്‍നേരത്തുപോലും ജനസഞ്ചാരം വളരെ കുറവാണ്.

രാത്രിയില്‍ വിനീഷിന്റെ വീട്ടിലേക്ക് നിരവധിയാളുകള്‍ എത്താറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ഇയാള്‍ തനിച്ചാണ് ഇവിടെ താമസിക്കുന്നത്. സ്ഫോടനം നടന്ന വീട് ലൈഫ് മിഷന്‍ പദ്ധയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിക്കുന്നതാണ്. വെള്ളിയാഴ്ച രാത്രിമുതല്‍ വിനീഷിന്റെ വീട്ടില്‍ ആളുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. സ്ഫോടനം നടന്ന സ്ഥലത്ത് അപൂര്‍വം ചില നാട്ടുകാര്‍ മാത്രമാണെന്ന് എത്തിയത്. ബോംബ് നിര്‍മ്മാണത്തില്‍ കുന്നോത്തുപറമ്പ്, പുത്തൂര്‍, കൈവേലിക്കല്‍ എന്നിവിടങ്ങളിലായി പത്തോളം പേര്‍ ഉണ്ടായതായി പൊലീസ് കരുതുന്നു. ഇതില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാനൂര്‍ കൈവേലിക്കല്‍ സ്വദേശി അരുണിനെയാണ് കസ്റ്റഡിയിലെടുത്തത്.