മലബാര്‍ മില്‍മ ഇനി ഫാം ടൂറിസം രംഗത്തേക്കും

Kerala

കോഴിക്കോട്: മലബാര്‍ മില്‍മ ഫാം ടൂറിസം രംഗത്തേക്കും ചുവടുവയ്ക്കുന്നു. പദ്ധതിയുടെ ഉദ്ഘാടനം കാലിക്കറ്റ് ടവറില്‍ നടന്ന ചടങ്ങില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. ഗ്രാമീണ ടൂറിസത്തിന്റെ വികസനത്തിന് ഫാം ടൂറിസം ഏറെ സഹായകമാവുമെന്നും മില്‍മ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്ക് സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെ എല്ലാ പിന്തുണയും സഹായവും ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

മലബാര്‍ മില്‍മയുടെ സഹോദര സ്ഥാപനമായ മലബാര്‍ റൂറല്‍ ഡലലപ്പ്‌മെന്റ് ഫൗണ്ടേഷന്‍ (എം.ആര്‍.ഡി.എഫ്) ആണ് പദ്ധതി നടപ്പാക്കുന്നത്. വയനാട് ജില്ലയിലെ മില്‍മ ഡെയറി, ഡെയറി ഫാമുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാക്കേജാണ് തുടക്കത്തില്‍ നടപ്പാക്കുന്നത്. ഭക്ഷണം, താമസം, യാത്ര എന്നിവയുള്‍പ്പെടെ പ്രീമിയം, മോഡറേറ്റ്്, മീഡിയം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലുള്ള പാക്കേജുകളാണുണ്ടാവുക. വൈകാതെ സംസ്ഥാനത്തെ ഇതര ജില്ലകള്‍ കൂടി ഉള്‍പ്പെടുത്തിയുള്ള പാക്കേജുകള്‍ പ്രഖ്യാപിക്കും. ബുക്ക് ചെയ്യുന്നവരെ എയര്‍പോര്‍ട്ട്, റെയില്‍വേ സ്‌റ്റേഷന്‍, നിശ്ചിത സെന്ററുകള്‍ എന്നിവിടങ്ങില്‍ നിന്ന് പിക്ക് ചെയ്യും. ക്ഷീര മേഖലയുടെ പ്രവര്‍ത്തനം, ഗുണേന്മയുള്ള പാല്‍ ഉത്പാദിപ്പിക്കുന്ന രീതി എന്നിവ സഞ്ചാരികളെ പരിചയപ്പെടുത്തി ക്ഷീരോത്പാദക മേഖലയിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും മില്‍മ നടപ്പാക്കുന്ന ഫാം ടൂറിസം പദ്ധതിക്കുണ്ട്.

ദേശീയ തലത്തില്‍ മികച്ച ക്ഷീര സംഘത്തിനുള്ള ഗോപാല്‍ രത്‌ന പുരസ്‌കാരം കരസ്ഥമാക്കിയ പുല്‍പ്പള്ളി ക്ഷീര സംഘം, സംസ്ഥാന തലത്തിലെ മികച്ച ക്ഷീര സംഘമായ മൈക്കാവ് സംഘം, സംസ്ഥാന തലത്തില്‍ മികച്ച സംഘം സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഓമശേരി ക്ഷീരോത്പാദക സഹകരണ സംഘം സെക്രട്ടറി കേശവന്‍ നമ്പൂതിരി എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ക്ഷീര സംഘങ്ങള്‍ക്കും ജീവനക്കാര്‍ക്കുമുള്ള ഗ്രാന്റ് കൈമാറ്റവും മന്ത്രി നിര്‍വഹിച്ചു. മാര്‍ച്ച് മാസത്തില്‍ മാത്രം അധിക പാല്‍ വില, ക്ഷീര സംഘങ്ങളുടെ പ്രവര്‍ത്തന ഫണ്ട് – ഓഹരി, ജീവനക്കാര്‍ക്കുള്ള ധന സഹായം എന്നിവയ്ക്കായി 16 കോടി രൂപയാണ് മലബാര്‍ മില്‍മ നല്‍കുന്നത്. ഈ സാമ്പത്തിക വര്‍ഷം നാളിതുവരെ 49 കോടി രൂപയാണ് മലബാര്‍ മില്‍മ അധിക പാല്‍ വിലയായും കാലിത്തീറ്റ സബ്സിഡിയായും ക്ഷീര കര്‍ഷകര്‍ക്കും, സംഘങ്ങള്‍ക്കും നല്‍കിയത്.

സംസ്ഥാനത്ത് ക്ഷീര മേഖലയില്‍ ഏറ്റവും കൂടുതല്‍ തുക ചിലവഴിച്ച ജില്ലാ പഞ്ചായത്തിനുള്ള പുരസ്‌കാരം കരസ്ഥമാക്കിയ കോഴിക്കോട് ജില്ലാ പഞ്ചായത്തിനെ ചടങ്ങില്‍ അനുമോദിച്ചു. പ്രസിഡന്റ് ഷീജ ശശി ഉപഹാരം ഏറ്റുവാങ്ങി. മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി അധ്യക്ഷത വഹിച്ചു. മലബാര്‍ മില്‍മ ക്ഷീര സംഘങ്ങള്‍ക്കു നല്‍കുന്ന കെട്ടിട നവീകരണ ധനസഹായ വിതരണം തോട്ടത്തില്‍ രവീന്ദ്രന്‍ എംഎല്‍എയും, ക്ഷീര സമാശ്വാസ ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശിയും, ഇന്‍ഷ്വറന്‍സ് ധനസഹായ വിതരണം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗവാസും നിര്‍വഹിച്ചു. കോഴിക്കോട് കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ പി. ദിവാകരന്‍, മലബാര്‍ മില്‍മ ഡയറക്ടര്‍മാരായ കെ.കെ. അനിത, പി.ടി.ഗിരീഷ്, പി.ശ്രീനിവാസന്‍ മാസ്റ്റര്‍, എം.ഡി.കെ.സി ജെയിംസ് എംആര്‍ഡിഎഫ് സിഇഒ ജോര്‍ജ്ജ് കുട്ടി ജേക്കബ് എന്നിവര്‍ സംസാരിച്ചു.