തിരുവനന്തപുരം: രാജ്യാന്തരമേളയുടെ അഞ്ചാം ദിനത്തില്‍ തുര്‍ക്കി ത്രില്ലര്‍ ചിത്രം കെര്‍, ഹിന്ദി ചിത്രം ഏക് ജഗഹ് അപ്‌നി എന്നീ ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം ഉള്‍പ്പെടെ 11 മത്സര ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും.
ഒരു കൊലപാതകത്തിന് ദൃക്‌സാക്ഷിയാകേണ്ടി വരുന്ന ചെറുപ്പക്കാരന്റെ ജീവിതമാണ് കെറിന്റെ പ്രമേയം. തയ്ഫൂണ്‍ പേഴ്‌സിമോളു സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് മേളയിലേത്.
പുതിയ താമസസ്ഥലം കണ്ടെത്തുന്നതിനും സമൂഹത്തില്‍ സ്ഥാനം വീണ്ടെടുക്കുന്നതിനും ധീരമായി പൊരുതുന്ന ട്രാന്‍സ് വനിതകളുടെ ജീവിതമാണ് ഏക് ജഗഹ് അപ്‌നിയുടെ പ്രമേയം. ബോളിവുഡിലെ സ്വതന്ത്ര ചലച്ചിത്ര പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഏക്താര കളക്റ്റീവ് നിര്‍മ്മിച്ച ചിത്രം ചൊവ്വാഴ്ച ഉച്ചയ്ക്ക് 3.30ന് ടാഗോര്‍ തിയേറ്ററിലാണ് പ്രദര്‍ശിപ്പിക്കുക.
കണ്‍വീനിയന്‍സ് സ്‌റ്റോര്‍, മെമ്മറിലാന്‍ഡ്, നന്‍പകല്‍ നേരത്ത് മയക്കം, അവര്‍ ഹോം, ഉതാമ, കണ്‍സേണ്‍ഡ് സിറ്റിസണ്‍, കോര്‍ഡിയേലി യുവേഴ്‌സ് എന്നീ മത്സര ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനവും ഹൂപ്പോയുടെയും ക്‌ളോണ്ടൈക്കിന്റെയും അവസാനത്തെ പ്രദര്‍ശനവും ചൊവ്വാഴ്ച്ച നടക്കും
66 ചിത്രങ്ങള്‍, കിം കി ഡുക്ക് ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം
കിം കി ഡുക്കിന്റെ അവസാന ചിത്രം കാള്‍ ഓഫ് ഗോഡിന്റെ ആദ്യ പ്രദര്‍ശനം ഉള്‍പ്പടെ ചൊവ്വാഴ്ച രാജ്യാന്തര മേളയിലെത്തുന്നത് 66 ചിത്രങ്ങള്‍. മത്സര ചിത്രങ്ങളായ കെര്‍, എ പ്ലേസ് ഓഫ് അവര്‍ ഓണ്‍ എന്നിവയുടെ ആദ്യ പ്രദര്‍ശനവും ക്‌ളോണ്ടൈക്ക് ,ഹൂപ്പോ എന്നിവയുടെ അവസാന പ്രദര്‍ശനവും ചൊവ്വാഴ്ച ഉണ്ടാകും .11 മത്സര ചിത്രങ്ങളാണ് ചൊവ്വാഴ്ച പ്രദര്‍ശിപ്പിക്കുക.
നൈറ്റ് ക്ലബ്ബില്‍ ഡ്രാഗ് ക്വീനായ യുവാവ് തന്റെ ജോലി മാന്യമാണെന്ന് ഭാര്യയെ വിശ്വസിപ്പിക്കാന്‍ നടത്തുന്ന ശ്രമം പ്രമേയമാക്കിയ സൗത്ത് ആഫ്രിക്കന്‍ ചിത്രം സ്റ്റാന്‍ഡ് ഔട്ട്, ഇരട്ട സഹോദരന്മാരായ ബഹിരാകാശ യാത്രികരിലൊരാളുടെ ജീവിതത്തിലെ വിചിത്രസംഭവങ്ങള്‍ ചിത്രീകരിച്ച ഫ്രഞ്ച് ചിത്രം ട്രോപ്പിക്, സൈക്കോളജിക്കല്‍ ത്രില്ലര്‍ ബറീഡ് , മിയ ഹാന്‍സെന്‍ ലൗ ചിത്രം വണ്‍ ഫൈന്‍ മോര്‍ണിംഗ് തുടങ്ങിയ 20 ചിത്രങ്ങളാണ് ചൊവ്വാഴ്ച ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
ഇത്തവണത്തെ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ബേലാ താറിന്റെ വെര്‍ക്‌മെയ്സ്റ്റര്‍ ഹാര്‍മണീസ്, ജോണി ബെസ്റ്റ് തത്സമയ സംഗീതമൊരുക്കുന്ന ഫാന്റം ക്യാരിയേജ്, സെര്‍ബിയന്‍ ചിത്രം ഫാദര്‍ എന്നിവയുടെ പ്രദര്‍ശനവും നാളെ നടക്കും.
സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്ത വഴക്ക്, നന്‍പകല്‍ നേരത്തു മയക്കം എന്നീ ചിത്രങ്ങളുടെ രണ്ടാമത്തെ പ്രദര്‍ശനം ഉള്‍പ്പെടെ പത്തു മലയാള ചിത്രങ്ങളാണ് നാളെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്. ഫ്രീഡം ഫൈറ്റ്, പട, നോര്‍മല്‍ തുടങ്ങിയവയാണ് മറ്റു ചിത്രങ്ങള്‍. അന്തരിച്ച എഴുത്തുകാരന്‍ ടി പി രാജീവന് പ്രണാമം അര്‍പ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തില്‍ പാലേരി മാണിക്യം: ഒരു പാതിരാ കൊലപാതകത്തിന്റെ കഥയുടെ പ്രദര്‍ശനവും നാളെ ഉണ്ടാകും.
യുവത്വത്തിന്റെ ആത്മസംഘര്‍ഷങ്ങളുമായി എ റൂം ഓഫ് മൈ ഓണ്‍ ബുധനാഴ്ച
ആത്മസംഘര്‍ഷങ്ങള്‍ നേരിടുന്ന യുവതിയുടെ കഥപറയുന്ന ജര്‍മ്മന്‍ ചിത്രം എ റൂം ഓഫ് മൈ ഓണ്‍ രാജ്യാന്തര മേളയിലെ ലോക സിനിമ വിഭാഗത്തില്‍ ബുധനാഴ്ച പ്രദര്‍ശിപ്പിക്കും. ലോസെബ് സോസോ ബ്‌ളിയാഡ്‌സെ സംവിധാനം ചെയ്ത ചിത്രത്തിന്റെ ഇന്ത്യയിലെ ആദ്യത്തെ പ്രദര്‍ശനമാണ് മേളയിലേത്.
ആത്മ വിശ്വാസമില്ലാതെ ജീവിക്കുന്ന നായിക ജീവിതത്തില്‍ അത് നേടിയെടുക്കുന്നതിലൂടെയാണ് ചിത്രത്തിന്റെ ഇതിവൃത്തം വികസിക്കുന്നത് .നിശാഗന്ധി തിയേറ്ററില്‍ ബുധനാഴ്ച രാത്രി 9.30നാണ് പ്രദര്‍ശനം.
നിമിഷ സലിമിന്റെ ഗസല്‍ സംഗീത സന്ധ്യ ചൊവാഴ്ച ടാഗോറില്‍
രാജ്യാന്തര ചലച്ചിത്രമേളയില്‍ ചൊവ്വാഴ്ച നിമിഷ സലിം ഗസല്‍ സംഗീത വിരുന്നൊരുക്കും.
‘തീ’എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ നിമിഷ പ്രശസ്ത സംഗീതജ്ഞന്‍ എം എസ് ബാബുരാജിന്റെ ചെറുമകളാണ്.ടാഗോര്‍ തിയേറ്ററില്‍ ചൊവ്വാഴ്ച രാത്രി 8.30 നാണ് ഗാന സന്ധ്യ അരങ്ങേറുന്നത്.
ബേലാ താറിന്റെ വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസ് നാളെ
രാജ്യാന്തര മേളയില്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് നേടിയ ഹംഗേറിയന്‍ ചലച്ചിത്ര പ്രതിഭ ബേല താറിന്റെ വെര്‍ക്ക്മീസ്റ്റര്‍ ഹാര്‍മണീസിന്റെ ഏക പ്രദര്‍ശനം ചൊവ്വാഴ്ച. ഒരു ചെറിയ താളം തെറ്റല്‍ സമൂഹത്തെ എങ്ങനെ പരിപൂര്‍ണ്ണ അരാജകത്വത്തിലേക്ക് നയിക്കുന്നു എന്ന് വിശദമാക്കുന്ന ചിത്രം ബേല താറും ഭാര്യ ആഗ്‌നസ് ഹ്രാനിറ്റ്‌സ്‌കിയും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. രാത്രി 8.15 ന് ന്യൂ2 തീയറ്ററിലാണ് പ്രദര്‍ശനം.