രാമായണം ഒരു അനശ്വര കാവ്യം: കവി ആലങ്കോട് ലീലാകൃഷ്ണന്‍

Malappuram

കൊണ്ടോട്ടി: രാമായണം ഒരു അനശ്വര കാവ്യമാണെന്നും രാമായണത്തിന്റെ ഇശല്‍ പതിപ്പ് തീര്‍ച്ചയായും രാജ്യത്തെ സൗഹൃദവും മൈത്രിയും വളര്‍ത്തുന്നതിന് ഏറെ ഉപകരിക്കുമെന്നും കവി ആലങ്കോട് ലീലാകൃഷ്ണന്‍. ഒ എം കരുവാരക്കുണ്ട് രചിച്ച ഇശല്‍ രാമായണത്തിന്റെ പ്രകാശനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അയോദ്ധ്യയും രാമായണ കഥയും ഉണ്ട്. തായ്‌ലന്‍ഡിലും നേപ്പാളിനും ഇന്തോനേഷ്യയിലും ഉണ്ട്. രാമായണവുമായി ബന്ധപ്പെട്ട കഥകള്‍ ലോകത്തിന്റെ പല ഭാഗത്തും നിലനില്‍ക്കുന്നു. മുഗളന്മാരുടെ കാലത്താണ് രാമായണം പേര്‍ഷ്യന്‍ ഉര്‍ദു ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്തത്. അറബി ഭാഷയിലേക്കും രാമായണത്തിന്റെ പല ഭാഗങ്ങളും മൊഴിമാറ്റം നടത്തിയിട്ടുണ്ട്. മലബാറിലെ അറബി മലയാളത്തിലേക്ക് തന്നെ രാമായണത്തിന്റെ പല ഭാഗങ്ങളും നേരത്തെ തന്നെയുണ്ട്. അതില്‍ പ്രധാനമാണ് മാപ്പിള രാമായണം എന്ന മാലപ്പാട്ട്. എന്നാല്‍ രാമായണത്തെ മുഴുവനായി പൂര്‍ണമായ അറബി മലയാളം ഗാന രീതിയിലേക്ക് ആദ്യമായാണ് ഇങ്ങനെ തര്‍ജ്ജമ നടത്തുന്നത്.

പരിപാടിയുടെ ഉദ്ഘാടനം ടി കെ ഹംസ നിര്‍വഹിച്ചു. ചെയര്‍മാന്‍ ഡോ ഹുസൈന്‍ രണ്ടത്താണി അധ്യക്ഷനായി. ഒ എം കരുവാരണ്ടിനുള്ള ഉപഹാരം ചെയര്‍മാന്‍ നല്‍കി. പ്രസിദ്ധ മാപ്പിളകവി ബാപ്പു വെള്ളി പറമ്പ് പുസ്തകം ഏറ്റുവാങ്ങി. ഫൈസല്‍ എളേറ്റില്‍ പുസ്തകം പരിചയപ്പെടുത്തി. അസീസ് തരുവണ, ബാപ്പു വാവാട്, ബഷീര്‍ ചുങ്കത്തറ, രാധാകൃഷ്ണന്‍, സലാം ഫോക്കസ് മാള്‍ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. രാഘവന്‍ മാടമ്പത്ത് സ്വാഗതവും പ്രകാശന്‍ നന്ദിയും പറഞ്ഞു. ഉദ്ഘാടനത്തിനു ശേഷം ഐ പി സിദ്ദിഖ് നയിച്ച ഗാനമേളയും നടന്നു.