സമുദായങ്ങള്‍ തമ്മില്‍ സാമ്പത്തികമായുള്ള അന്തരങ്ങള്‍ എങ്ങനെയാണ് ഉണ്ടാകുന്നത് ?

Opinions

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

സാമ്പത്തിക വ്യത്യാസങ്ങളെ വിവേചനങ്ങളായി മാത്രം എന്തിനാണ് കാണുന്നത്? സമ്പത്ത് ഉണ്ടാകണമെങ്കില്‍ സംരംഭകത്വം വേണമെന്ന ബോധം ഉണ്ടാകാനുള്ള വിദ്യാഭ്യാസമൊക്കെ കേരളത്തില്‍ എല്ലാ സമുദായങ്ങള്‍ക്കും ആയി. അല്ലെങ്കില്‍, ഏറ്റവും പിന്നോക്കമായ സമുദായത്തില്‍ പോലും ചിലര്‍ക്കെങ്കിലും ആയി.

സമ്പന്നമാകണമെങ്കില്‍ അത് കൃപാസനം ആയാലും ടാറ്റ എന്റര്‍പ്രൈസസ് ആയാലും ലുലു മാള്‍ ആയാലും കഠിനാധ്വാനം(industry) വേണം. എല്ലാ മലയാളിയുടെയും DNA ഒക്കെ ഒന്നാണെങ്കിലും അത്തരം കഠിനാധ്വാനം ചരിത്രപരമായി കേരളത്തിലെ ഹിന്ദുക്കളില്‍ പ്രത്യേകിച്ച് സവര്‍ണ്ണ ഹിന്ദുക്കളില്‍ കുറവാണ്. അപവാദങ്ങള്‍ ഇല്ലെന്നല്ല. ദലിത് ഹിന്ദുക്കള്‍ക്ക് സംരംഭകത്വത്തെ കുറിച്ച് ചിന്തിക്കാനുള്ള സാഹചര്യം പോലും അടുത്തകാലത്ത് മാത്രമാണ് ഉണ്ടായി വരുന്നത്.

ഹിന്ദുക്കളുടെ സ്ഥിരോത്സാഹത്തിന്റെ നിലവാരം അറിയാന്‍ ഒരു ഉദാഹരണം എന്ന നിലയില്‍ കേരളത്തില്‍ ഇന്നു കാണുന്ന ഒരു ആവരേജ് ബി ജെ പി അനുഭാവിയെ ശ്രദ്ധിച്ചാല്‍ മതി. 60 കള്‍ മുതല്‍ കേരളത്തിലോ മറുനാടന്‍ മലയാളി ആയോ ചെറിയ ജോലികളില്‍ കയറി മദ്ധ്യലെവലില്‍ എത്തി 50 ലക്ഷമൊ ഒരു കോടിയോ ടെര്‍മിനല്‍ ബെനിഫിറ്റും തെറ്റില്ലാത്ത പെന്‍ഷനും വാങ്ങി ജീവിക്കുന്ന ആളാണ് അയാള്‍. അതുകൊണ്ട് സമാധാനമായി ജീവിക്കാം. എന്നാലും ചെറുപ്പം മുതലുള്ള സംരംഭകത്വം മൂലം ശതകോടീശ്വരനായിത്തീര്‍ന്ന അയല്‍ക്കാരനായ ക്രിസ്ത്യാനിയെയോ മുസ്ലിമിനെയൊ കണ്ടാല്‍ സഹിക്കുമോ? നെഞ്ചെരിച്ചില്‍ ഉണ്ടാവില്ലേ? കേരള സംഘികളുടെ മൂലധനം മുസ്ലീങ്ങളുടെയും ക്രിസ്ത്യാനികളുടെയും ചരിത്രപരമായ സ്ഥിരോല്‍സാഹം മൂലം ഉണ്ടായ സമ്പത്തിനോടുള്ള അസൂയ മാത്രമാണ്.

ശരിയാണ്. ഒരു സമുദായം സാമ്പത്തികമായി താരതമ്യേന വളരെ മെച്ചപ്പെട്ടാല്‍ രാഷ്ട്രീയവും സാമൂഹികവും ആയ മേല്‍ക്കോയ്മ തനിയെ ഉണ്ടാകും. പ്രത്യേകാവകാശങ്ങള്‍ ചിലതൊക്കെ ഉണ്ടാവും. രാജഭരണ കാലത്ത് ബ്രാഹ്മണര്‍ക്കും ക്ഷത്രിയര്‍ക്കും ഉണ്ടായിരുന്നത് പോലെ. ഇന്ന് നവസമ്പന്ന സമുദായങ്ങള്‍ക്ക് ഉള്ളതുപോലെ. ദളിതരടക്കം വിവേചനങ്ങള്‍ക്കെതിരെയുള്ള നിഷ്ഫല താത്വിക വിചാരങ്ങള്‍ നടത്തുന്നതിന് പകരം നമ്മളും സമ്പന്നരാവാന്‍ എന്തു ചെയ്യണം എന്ന് ആലോചിക്കുകയാണ് വേണ്ടത്. രാഷ്ട്രീയപാര്‍ട്ടികള്‍ നിങ്ങളെ സഹായിക്കില്ല. അവര്‍ സമൂഹത്തിലെ ഇപ്പോഴുള്ള സമ്പന്നരെ മാത്രമേ സഹായിക്കൂ. നിങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികളെ ആശ്രയിക്കുന്നതിനു പകരം സമ്പന്നരാകാന്‍ ഉതകുന്ന സംരംഭകത്വം ശീലിപ്പിക്കുന്ന ആളുകളെ നേതാക്കന്മാരായി തെരഞ്ഞെടുക്കുക. ഏതു സമുദായമായാലും നിങ്ങള്‍ സമ്പന്നരായി കഴിഞ്ഞാല്‍ ഇന്ന് നിങ്ങളെ അവഗണിക്കുന്ന മതങ്ങളും രാഷ്ട്രീയക്കാരും നിങ്ങളുടെ പുറകെ വരും.

ഇത്തരം സംരംഭക മനോഭാവത്തിന്റെ രാഹിത്യം രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ പോലും പ്രതിഫലിക്കും. നമ്മള്‍ ഉദാഹരണമായി എടുത്ത കെ ജെ പി യിലെ നേതാക്കന്മാരെ മോശം മാതൃകകള്‍ക്ക് ഉദാഹരണമായി പഠിക്കാം. അവര്‍ മിക്കവാറും ചെറുപ്പത്തില്‍ സി പി എമ്മിലോ കോണ്‍ഗ്രസിലോ ചേരാന്‍ ശ്രമിച്ച് അര്‍ഹത നേടാന്‍ ആകാതെ തിരസ്‌കരിക്കപ്പെട്ട പേടുകളാണ് എന്നാണ് എനിക്ക് എപ്പോഴും തോന്നിയിട്ടുള്ളത്. വര്‍ത്തമാന കേരളത്തില്‍ ജനങ്ങള്‍ക്ക് നൂറുകൂട്ടം നീറുന്ന പ്രശ്‌നങ്ങള്‍ ഉണ്ട്. അവരെ ആരും കേള്‍ക്കാനില്ല. കെ.ജെ.പിക്കാര്‍ അത്തരം ജനകീയപ്രശ്‌നങ്ങള്‍ ഉള്ള ഇടത്തൊന്നും പോവുകയില്ല.

അവരുടെ മതത്തെ സംബന്ധിച്ച സുപ്രധാനമായ മുന്‍ഗണനകളില്‍ പോലും അവര്‍ക്ക് ഒരു ശുഷ്‌കാന്തിയും ഇല്ല. ദേവാലയങ്ങള്‍ ആണ്, ഏതു മതത്തിന്റെതായാലും, കേരളത്തില്‍ ബാക്കി നില്‍ക്കുന്ന പൊതുവിടങ്ങള്‍. അതിന്റെ ഭൂമി അന്യവ്യക്തികള്‍ കയ്യേറ്റം ചെയ്തിട്ടുണ്ടെങ്കില്‍ തിരിച്ചു പിടിക്കുക എന്നത് ന്യായമായ ഒരു കാര്യമാണ്. ഇത് ഇടയ്ക്കിടെ പൊന്തി വരാറുള്ള ചര്‍ച്ചാവിഷയം ആണെങ്കിലും ഒന്നും സംഭവിക്കുന്നില്ല. എനിക്ക് തോന്നുന്നത് കെ ജെ പി ക്കാര്‍ കയ്യേറ്റക്കാരില്‍ നിന്ന് പൈസ വാങ്ങുന്നുണ്ടാകാം എന്നാണ്.

അതുപോലെ ക്ഷേത്ര ഭരണം ദേവസ്വം ബോര്‍ഡുകളില്‍ നിന്ന് തിരിച്ചുപിടിക്കുക എന്നതും ന്യായയുക്തമായ ഒരു കാര്യമാണ്. നിലവിലുള്ള ദേവസ്വം ബോര്‍ഡുകള്‍ തിരുവിതാംകൂറും കൊച്ചിയും മിക്കവാറും ഹിന്ദു രാജ്യങ്ങള്‍ ആയിരുന്നപ്പോള്‍ ഉണ്ടാക്കിയതാണ് എന്നാണ് എനിക്ക് തോന്നുന്നത്. ആ അര്‍ത്ഥത്തില്‍ അന്നത് ഒരു ഹിന്ദു ആഭ്യന്തര ഭരണ സംവിധാനം ആയിരുന്നു. സെക്കുലര്‍ ഗവണ്‍മെന്റുകള്‍ ദേവസ്വം ഭരണം ഏറ്റെടുത്തത് സെക്കുലര്‍ സര്‍ക്കാരുകളെ സംബന്ധിച്ചും ഹിന്ദു സമുദായത്തിനെ സംബന്ധിച്ചും മോശമായ കാര്യമായിരുന്നു. അന്ന് അതിനെ എതിര്‍ക്കാന്‍ ആരുമുണ്ടായിരുന്നില്ല. ഇന്നവ പ്രധാനമായും കമ്മി തൊഴിലിടങ്ങള്‍ മാത്രമാണ്. ഈ സ്ഥിതി മാറ്റുന്ന കാര്യത്തിലും കെ ജെ പി ക്ക് എന്തെങ്കിലും ശുഷ്‌കാന്തി ഉണ്ടെന്നു തോന്നുന്നില്ല.

വടക്കുള്ള സംഘികള്‍ സംരംഭകത്വപരമായി വളരെ വ്യത്യസ്തരാണ്. അവര്‍ നമ്മുടെ അച്ചായന്മാരുടെയും കോയമാരുടെയും പത്തിരട്ടി സംരംഭകത്വകഴിവുകള്‍ ഉള്ളവരാണ്.ഗുജറാത്തിലെ ഒരു മാര്‍വാടി സിന്ധി സംഘി കേരള സംഘി യില്‍ നിന്ന് പ്രകൃത്യാ തന്നെ വളരെ വളരെ ദൂരത്താണ്. മൂര്‍ഖനും പഴുതാരയും ഉരഗ വര്‍ഗ്ഗത്തില്‍ പെടുന്നവരാണ് എന്ന വിധത്തിലുള്ള സാമ്യമേ ഗുജറാത്തി സംഘിയും കേരള സംഘിയും തമ്മിലുള്ളു.