പുഴകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണം

Kozhikode

കോഴിക്കോട്: അനുദിനം പുഴകള്‍ നാശോന്‍ മുഖമായി കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പുഴകളുടെ സംരക്ഷണത്തിന് സര്‍ക്കാര്‍ കര്‍മ്മ പദ്ധതി തയ്യാറാക്കണമെന്ന് സേവ് പൂനൂര്‍ പുഴ ഫോറം എഴാമത് സമ്മേളനം ആവശ്യപ്പെട്ടു. കോര്‍പ്പറേഷന്‍ മേയര്‍ ഡോ ബീന ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വാര്‍ഷികത്തോടനുബന്ധിച്ച് സേവ് പൂനൂര്‍പുഴ ഫോറം ഏര്‍പ്പെടുത്തിയ പ്രഥമ പരിസ്ഥിതി മാധ്യ മപുരസ്‌കാരം 10,001 രൂപയും ഫലകവും മാധ്യമം കൊടുവള്ളി ലേഖകന്‍ അഷ്‌റഫ് വാവാടിന് അഡ്വ. പി. ടി. എ. റഹീം എം.എല്‍ എ സമ്മാനിച്ചു.

ഫോറം പ്രസിഡന്റ് പി.എച്ച് താഹ അധ്യക്ഷത വഹിച്ചു. പുഴയമ്മ ഡോക്യുമെന്ററിയുടെ സ്വിച്ച് ഓണ്‍ കര്‍മ്മം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നഗരസഭ സെക്രട്ടറി ഷാജു പോള്‍, ഡോക്യുമെന്ററി സംവിധായകന്‍ സി. പ്രദീപ് കുമാര്‍, പരിസ്ഥിതി പ്രവര്‍ത്തകരായ സി.പി. റഷീദ്, പി.പി.മുഹമ്മദ് സാലി, കുടംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സരിത, പശ്ചിമഘട്ട പുഴ സംരക്ഷണ സമിതി ചെയര്‍മാന്‍ മൊയ്തു കണ്ണങ്കോടന്‍, പ്രൊഫ. കുര്യാക്കോസ് വട്ടമറ്റം സംസാരിച്ചു. ഫോറം ജനറല്‍ സെക്രട്ടറി അഡ്വ.കെ. പുഷ്പാഗതന്‍ സ്വാഗതവും ഗണേഷ് ഉള്ളൂര്‍ നന്ദിയും പറഞ്ഞു.