മുനമ്പം; ഇനി ‘ബില്ലടിച്ചാം പാട്ട്’ പാടി നടക്കേണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കി: ഹനീഫ് കായക്കൊടി

Kozhikode

നരി വരാൻ യാസീൻ ഓതുകയും നരി വരികയും ചെയ്തു. ഇനി നരി പോകണമെങ്കിൽ ഖുർആൻ മുഴുവൻ ഓതണം എന്നാണ് കേന്ദ്ര മന്ത്രി കിരൺ റിജ്ജു പറയുന്നത്. വഖ്ഫ് ബില്ല് വരാൻ മുനമ്പത്ത് കാരെ കൊണ്ടും കാസക്കാരെ കൊണ്ടും ബി ജെ പി യാസീൻ ഓതിച്ചു. ഇനി പ്രശ്നം തീരണമെങ്കിൽ സുപ്രീം കോടതിയിൽ പോയി ഖുർആൻ മുഴുവൻ ഓതണമത്രേ.

കേന്ദ്ര മന്ത്രിയുടെ ആഗമനത്തോടെ മുനമ്പത്തെ ഒരു പ്രശ്നം അവസാനിച്ചിരിക്കുന്നു. മുനമ്പം പ്രശ്നത്തിന് പുതുതായി ചുട്ടെടുത്ത വഖ്ഫ് ബില്ല് പരിഹാരമാണെന്ന ഫാസിസ്റ്റുകളുടെയും അവരുടെ ദാസ്യപ്പണി ഏറ്റെടുത്ത കാസക്കാരുടെയും അവകാശവാദത്തിന്റെ മുന മാത്രമല്ല വേരടക്കം പറിഞ്ഞു പോയിരിക്കുന്നു. ഇനി ‘ബില്ലടിച്ചാം പാട്ട്’ പാടി നടക്കേണ്ടെന്ന് കേന്ദ്ര മന്ത്രി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്

ഫാസിസത്തെ അറിയാവുന്ന, ബി ജെ പിയെ അറിയാവുന്ന സംഘ പരിവാറിനെ അറിയാവുന്ന മുഴുവനാളുകളും ഇതിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയതാണ്. പക്ഷെ മുസ്‌ലിം വിരോധം തലക്കുപിടിച്ച ചില അച്ചന്മാരും ഈഡിപ്പേടിയുള്ള പുരോഹിതന്മാരും അവരുടെ ഭരണകൂട വിധേയത്വം ബോധ്യപ്പെടുത്താനുള്ള അവസരമായി മുനമ്പത്തെ ഉപയോഗപ്പെടുത്തി. മണിപ്പൂരിലെയും ഇതര ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെയും മിഷനറിമാരുടെയും കന്യാസ്ത്രീകളുടെയും കണ്ണുനീരിനേക്കാൾ മുസ്‌ലിം വിരോധത്തിന് അവർ പ്രാമുഖ്യം നൽകി. ആർക്കും വായിച്ചാൽ മനസ്സിലാവുന്ന ബില്ലിലെ വ്യവസ്ഥകളെ അവർ റബ്ബർ പോലെ വലിച്ചു നീട്ടുകയും ചുരുട്ടിക്കെട്ടുകയും ചെയ്തു.

ബി ജെ പി യെക്കാൾ ആവേശത്തിൽ ബില്ലിനെ ന്യായീകരിക്കുകയും ബില്ല് പാസായ ദിവസം ആഹ്ലാദ പ്രകടനം നടത്തുകയും ചെയ്തവർ മന്ത്രി വരുന്നതിന്റെ തലേ ദിവസം പോലും ആവേശത്തിന്റെ കൊടുമുടിയിലായിരുന്നു. ബില്ല് അവതരിപ്പിക്കപ്പെട്ട ദിവസം മുതൽ പാർലമെന്റിലെ കൃസ്ത്യാനികളായ അംഗങ്ങളടക്കം ചോദിച്ച ഒരു ചോദ്യം ഈ ബില്ലിലെ ഏത് വകുപ്പ് പ്രകാരമാണ് മുനമ്പം വിഷയം പരിഹരിക്കുക എന്നതായിരുന്നു. പാർലമെന്റിൽ പറയാൻ കഴിയാതിരുന്ന മറുപടി ഇന്നലെ മന്ത്രി പറഞ്ഞിരിക്കുന്നു, നിങ്ങൾക്ക് സുപ്രീം കോടതി വരെ പോകാം.

സമരസമിതിയുടെ നേതാക്കൾ പറയുന്നു ഞങ്ങൾ ഞെട്ടിപ്പോയി എന്ന്. സത്യത്തിൽ ഞെട്ടിയത് അവർ മാത്രമാണ്. കാരണം അവർ മാത്രമാണ് മോദിയെ വിശ്വസിച്ചത്. അവർ മാത്രമാണ് അമിത് ഷായെ വിശ്വസിച്ചത്. അവർ മാത്രമാണ് കിരൺ റിജ്ജുവിനെ വിശ്വസിച്ചത്. അവർ മാത്രമാണ് സുരേഷ് ഗോപിയുടെ ഡയലോഗിൽ ആവേശം കൊണ്ടത്. അവർ മാത്രമാണ് ജോർജ്ജ് കുര്യന്റെ പ്രസ്താവനകളിൽ പ്രതീക്ഷ അർപ്പിച്ചത്. അത് കൊണ്ട് ഞെട്ടിയത് അവർ മാത്രമായിരുന്നു.

ഈ രാജ്യത്തിന്റെ ക്യാൻസർ ആണെന്ന് മുസ്‌ലിംകളോടൊപ്പം ക്രിസ്ത്യാനികളെയും ചേർത്തെണ്ണിയ വിചാരധാരയെ ന്യായീകരിക്കുന്നവർ ക്രിസ്ത്യാനികൾക്ക് അനുകൂലമായി നിലപാട് സ്വീകരിക്കുമെന്ന് വിശ്വസിച്ചവരെ കുറിച്ച് സഹതപിക്കാനല്ലാതെ മറ്റെന്തിനാണ് സാധിക്കുക. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ മത ന്യൂനപക്ഷങ്ങൾക്ക് സഹായകമാവുന്ന ഒരു വാക്കുപോലും സംസാരിക്കാത്തർ മുനമ്പത്ത് സഹായികളായി അവതരിക്കും എന്ന് തെറ്റിദ്ധരിപ്പിച്ചവരെ ഇനിയെങ്കിലും തിരിച്ചറിയാൻ മുനമ്പം നിവാസികൾക്കും ക്രിസ്തീയ സമൂഹത്തിനും സാധിക്കേണ്ടതുണ്ട്. ഫാസിസത്തിനെതിരെ നിലകൊള്ളുന്ന ജനാധിപത്യ ചേരിയെ ദുർബലമാക്കാൻ ഭരണകൂടം നടത്തുന്ന പാഴ് വാഗ്ദാനങ്ങളെ കുറിച്ച് ഇനിയെങ്കിലും മനസ്സിലാക്കേണ്ടതുണ്ട്.
മതത്തിന്റെയും മതവിശ്വാസികളുടെയും തോളിൽ കയറി അരമനകൾ കെട്ടിപ്പടുത്ത് പലതും സ്വന്തമാക്കിയവർക്ക് അതൊക്കെ നഷ്ടപ്പെട്ടുപോവുമോ എന്ന ഭയമുണ്ടാവുക സ്വാഭാവികം. അത് സംരക്ഷിക്കാനും നിലനിർത്താനും കൃസ്തിയാനികളുടെയും മുസ്‌ലിംകളുടെയും ചോര കൊടുക്കേണ്ടതുണ്ടോ എന്നത് മാത്രമാണ് ഈ സന്ദർഭത്തിൽ നാം ചോദിക്കേണ്ട ചോദ്യം.

ഒരു തുള്ളി ചോരയോഴുകാതെ, വെറുപ്പിന്റെ ഒരു മുദ്രാവാക്യം പോലും മുഴക്കാതെ ചർച്ചകളിലൂടെ ഇത് പരിഹരിക്കാം എന്ന് പറഞ്ഞ് ആദ്യം രംഗത്ത് വന്നത് പേരിൽ മുസ്‌ലിം എന്നുള്ള രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ നേതാവായിരുന്നു. വേണമെങ്കിൽ ബഹുമാന്യനായ സാദിഖലി തങ്ങൾക്ക് മുനമ്പത്തെ ഒരിഞ്ച് ഭൂമി വിട്ടുകൊടുക്കില്ലെന്ന് പ്രസ്താവന നടത്താമായിരുന്നു. പ്രകോപനപരമായ മുദ്രാവാക്യമുയർത്തി മുനമ്പം സംരക്ഷണ ദിനം ആചരിക്കാൻ ആഹ്വാനം ചെയ്യാമായിരുന്നു. സമുദായത്തിലെ കുറെ വികാരജീവികളുടെ കൂടി പിന്തുണ അദ്ദേഹത്തിന് കിട്ടുമായിരുന്നു.പക്ഷെ അദ്ദേഹം മുനമ്പത്തെയല്ല മുന്നിൽ കണ്ടത്, കേരളത്തെയാണ്, ഇന്ത്യയെയാണ്.
അദ്ദേഹം തെരഞ്ഞെടുപ്പും അധികാരവുമല്ല പരിഗണിച്ചത്, വിവിധ മതവിശ്വാസികൾ തമ്മിലുള്ള സാഹോദര്യമാണ്.

മുനമ്പം നിവാസികൾക്ക് മുന്നിൽ ഒരു ചോദ്യം മാത്രമേയുള്ളൂ. അന്യായമായി ഒരാളെയും കുടിയൊഴിപ്പിക്കാൻ അനുവദിക്കില്ലെന്ന്, വിവിധ ജനവിഭാഗങ്ങൾ തമ്മിലുള്ള വഴക്കിനും പോരിനും മുനമ്പം വിഷയം ഇടയാവരുതെന്ന് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്ന ഒരു സംഘത്തോടൊപ്പം നിൽക്കണോ അതല്ല അധികാര രാഷ്ട്രീയത്തിനായി മുനമ്പത്തെ ജനങ്ങൾക്ക് പ്രതീക്ഷ നൽകുകയും അവരെ വഞ്ചിക്കുകയും ചെയ്ത വർഗ്ഗീയ വാദികൾക്കൊപ്പം നിൽക്കണോ? തീരുമാനമെടുക്കുന്നതിന് മുമ്പ് കാസയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് പകരം ബി ജെ പിക്ക് ശക്തിയും അധികാരവുമുള്ള സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന വാർത്തകൾ ഒന്ന് കൂടി കേൾക്കുക.

🖊️ഹനീഫ് കായക്കൊടി
(സെക്രട്ടറി, കേരള ജംഇയ്യത്തുൽ ഉലമ)