ഞങ്ങളുടെ ബാപ്പ നിങ്ങളുടെയൊക്കെ കാരക്കുന്ന്

Articles

(അബൂബക്കര്‍ കാരക്കുന്നിന്‍റെ മകള്‍ മര്‍വ്വ എഴുതിയ കുറിപ്പ്)

ര്‍ച്ചകള്‍ നടത്താനും ആളുകളോട് സംസാരിക്കാനും സംവദിക്കാനും താല്പര്യമുള്ള ബാപ്പ ഒരിക്കലും ഇത്ര നേരത്തെ താന്‍ ഒരു ചര്‍ച്ചക്ക് വിഷയമാവും എന്ന് പ്രതീക്ഷിച്ചു കാണില്ല. എല്ലാം പടച്ചോന്റെ തീരുമാനം. അല്‍ഹംദുലില്ലാഹ്. വര്‍ഷങ്ങള്‍ ഇത്ര കഴിഞ്ഞിട്ടും ഓര്‍മകളും വാക്കുകളും കൊണ്ട് സമൃദ്ധമാക്കി ഒരു വേദി തന്നെ ആ നല്ല വ്യക്തിക്ക് വേണ്ടി ഒരുക്കാന്‍ മനസ്സും സമയവും സമര്‍പ്പിച്ച ഒരു കൂട്ടം സുഹൃത്തുക്കള്‍ ഉണ്ടെന്നത് തന്നെയാണ് കാരക്കുന്നിന്റെ ജീവിതം അര്‍ഥപൂര്‍ണമാക്കുന്നത്.

45 വര്‍ഷം കൊണ്ട് ഒരു മനുഷ്യന് എന്തൊക്കെ ചെയ്യാന്‍ പറ്റുമോ അതെല്ലാം ചെയ്തിട്ടുണ്ടെന്ന് തോന്നുന്നു. സംഘടനാ പ്രവര്‍ത്തനത്തിനും വര്‍ത്തമാനത്തിനും കൂടെ എഴുത്ത്, വായന, പ്രഭാഷണം, സംവാദം, ചര്‍ച്ച, സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ പിന്നെ Jssഉം അതിന്റ പ്രവര്‍ത്തനങ്ങളും അങ്ങനെ പോകും നീണ്ട നിര. എന്തോ ഉള്‍വിളി പോലെ ഒരു പാട് കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുള്ള ഒരു വെമ്പല്‍ ആയിരുന്നു ബാപ്പയുടെ ജീവിതം എന്ന് തോന്നി പോകുന്നു ഇന്ന് തിരിഞ്ഞ് നോക്കുമ്പോള്‍. ഈ ജന്മം കൊണ്ട് നാമൊക്കെ എന്ത് ചെയ്തു എന്ന് ഒരു ആത്മ പരിശോധന നടത്താന്‍ പ്രേരിപ്പിക്കും വിധം ആണ് ബാപ്പയുടെ എല്ലാ പ്രവര്‍ത്തികളും.

കേരളപ്പാനീയവും തത്വമസിയും ലജ്ജയും യു ക്യാന്‍ വിന്‍, the Bible the qur’an and science ഉം ഔട്ട്‌ലൂക് മണി, കലാ കൗമുദി പോലുള്ള മാസികകളുടെ പതിപ്പുകളും, ഖുര്‍ആന്‍ താഫ്‌സീറുകളും എല്ലാം അടങ്ങുന്ന ഒരു കലവറയാണ് ബാപ്പയുടെ പുസ്തകശേഖരം. കൂട്ടത്തില്‍ പച്ച മഷി കൊണ്ട് അതികം ആര്‍ക്കും പെട്ടന്ന് വായിക്കാന്‍ സാധിക്കാത്ത വിറയ്ക്കുന്ന വിരലുകളാല്‍ കുറിച്ചിട്ട പല കുറിപ്പുകളും.

റേഡിയേഷനുകള്‍ക്കും കീമോതെറാപ്പിക്കും ശസ്ത്രക്രിയയ്ക്കും മരുന്നിനും ഫലമില്ലാതെയായിട്ടും പ്രാര്‍ത്ഥനയുടെ കരുത്തില്‍ മുഖത്തു മാസ്‌കും തലയില്‍ തൊപ്പിയുമായി വീണ്ടും വിധിയില്‍ നിന്ന് കുതറി ഓടി പിന്നെയും. പങ്കെടുക്കാന്‍ അനേകം വേദികള്‍, ചെയ്ത് തീര്‍ക്കാന്‍ ഒരു കൂട്ടം കാര്യങ്ങള്‍… ഇനിയുമെത്രയോ ചെയ്തുതീര്‍ക്കാനുള്ള ധൃതിയായിരുന്നു ബാപ്പാക്ക്.

ബാപ്പ പോയിട്ട് മൂന്നാം നാള്‍ ഞാനും താത്തയും സ്‌കൂളില്‍ പോയി തുടങ്ങി. പിന്നീട് ജീവിതത്തില്‍ പല മാറ്റങ്ങളും യാന്ത്രികമായി നടന്നു. ബാപ്പയുടെ മരണം തീര്‍ത്ത ആ ഒരു ‘void ‘ അത് മാത്രം ഇന്നും പഴയത് പോലെ നിലനില്‍ക്കുന്നു. വര്‍ഷങ്ങള്‍ എത്ര പൊഴിഞ്ഞാലും ഞങ്ങളുടെ ബാപ്പ നിങ്ങളുടെയൊക്കെ കാരക്കുന്ന് അതിവേഗം പൊയ്മറഞ്ഞത് ഒരു വലിയ ശൂന്യതയായി ഇന്നും നില്‍ക്കുന്നു

2011 ഫ്രബ്രുവരി 12 തണുപ്പുള്ള ഒരു ശനിയാഴ്ച, സ്ഥിരം കാഴചയായ ഉമ്മ ബാപ്പാക് പ്രാതല്‍ കൊടുക്കുന്നതും കണ്ട് മുറ്റത്തേക് ഇറങ്ങിയതാണ്. അന്ന് കുടുംബക്കാരും അയല്‍കാരും ചേര്‍ന്ന് ആശുപത്രയിലേക്ക് കൊണ്ട് പോയ ബാപ്പ പൂര്‍ണ ആരോഗ്യവാനായി തിരിച്ച് വരുന്നതും കാത്ത് ആ 14 കാരി ഇന്നും കാത്തിരിക്കുകയാണ്. തന്റെ ക്രാഫ്റ്റ് കലയെ പ്രോത്സാഹിപ്പിക്കുന്ന ഷിവ് ഖേര പോലുള്ള മോട്ടിവേഷണല്‍ എഴുത്തുക്കാരെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന, കണ്ണുകള്‍ കൊണ്ട് ഗോഷ്ടി കാണിച്ചു പേടിച്ചിപ്പ് മ്മാ എന്ന് വിളിക്കന്നത് കണ്ട് ചിരിക്കുന്ന ആ ബാപ്പയെയും കാത്ത്…