അഫ്ഗാന്‍ ജനതയെ താലിബാന് കൈമാറി പിന്‍വാങ്ങിയ ജോ ബൈഡനെ തുറന്നു കാണിക്കുന്ന ‘ലാസ്റ്റ് ബെര്‍ത്‌ഡേ ‘ പകര്‍ത്തിയത് അഫ്ഗാന്‍ ജനതയുടെ അനുഭവങ്ങള്‍

Articles

സിനിമവര്‍ത്തമാനം / ഡോ: ആസാദ്

അഫ്ഗാന്‍കാരനായ സംവിധായകന്‍ നവീദ് മഹ്മൂദിയുടെ ‘അവസാനത്തെ പിറന്നാളി’ന്റെ ആദ്യപ്രദര്‍ശനം ഗോവയിലായിരുന്നു. ഇറാനില്‍ നിര്‍മ്മിച്ച അഫ്ഗാനിസ്ഥാന്‍ സിനിമ. താലിബാന്‍ അധികാരം പിടിച്ചെടുത്ത ദിവസങ്ങളിലെ ഭീകരവും വേദനാകരവുമായ അനുഭവങ്ങളാണ് സിനിമയിലുള്ളത്. പെണ്‍സഹനങ്ങളും സ്‌ഫോടനങ്ങളും നിറഞ്ഞത്.

സൊരയ്യ എന്ന മാദ്ധ്യമപ്രവര്‍ത്തകയുടെ പിറന്നാള്‍ ആഘോഷത്തോടെയാണ് സിനിമ തുടങ്ങുന്നത്. സുഹൃത്തുക്കളുടെ ഒത്തുചേരല്‍. രാത്രി പാട്ടും നൃത്തവും. അതിനിടയില്‍ തന്നെ രണ്ടാഴ്ച്ച നീളുന്ന താലിബാന്‍ കടന്നുകയറ്റത്തിന്റെ വാര്‍ത്തകള്‍ ഹെറാത്തില്‍നിന്ന് വന്നു തുടങ്ങി. ഭയപ്പെടുത്തുന്ന ദൃശ്യങ്ങളിലേക്കും അനുഭവങ്ങളിലേക്കും പൊടുന്നനെ രംഗം വഴുതുന്നു. തുടര്‍ന്നു കാബൂള്‍ വീഴുംവരെയുള്ള പതിമൂന്നു ദിവസങ്ങളിലെ ഭയാശങ്കകളും അതിജീവന വെപ്രാളങ്ങളും ആ ഒരൊറ്റ ലൊക്കേഷനില്‍ ആവിഷ്‌കരിക്കുന്നു നവീദ് മെഹ്മൂദി.

അഫ്ഗാനിലെ സ്ത്രീജീവിതം ലോകത്തിനു മുന്നില്‍ തുറന്നുവെക്കുന്ന മാദ്ധ്യമ പ്രവര്‍ത്തകയാണ് നായിക സൊരയ്യ. മനുഷ്യാവകാശ പ്രവര്‍ത്തകയുമാണ്. അവരുടെ എഴുത്ത് പുരോഗാമികളായ അഫ്ഗാന്‍ സ്ത്രീകളെ, വിശേഷിച്ചും സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥിസമൂഹത്തെ പ്രചോദിപ്പിച്ചു. പലരും വിമോചനത്തിന്റെ പുതുവഴിയിലേക്ക് ചാടിയിറങ്ങുകയും സ്ത്രീപക്ഷ ചിന്തയുടെ ഭാഗമാവുകയും ചെയ്തു. അഫ്ഗാനിലെ വിമോചന സ്ത്രീസ്വത്വത്തിന്റെ നേര്‍രൂപമാണ് സൊരയ്യ. അവര്‍ക്ക് രാജ്യവും രാജ്യത്തെ സ്ത്രീജീവിതവും നേരിടുന്ന പുതിയ ഭീഷണി അസഹ്യമായിരുന്നു. ഭയചകിതരായ സുഹൃത്തുക്കളെ അവര്‍ സമാധാനിപ്പിക്കുന്നു. എന്തും നേരിടാനുള്ള കരുത്ത് പകരുന്നു. അവര്‍ അവസാന നിമിഷംവരെ പൊരുതി വെടിയേറ്റു വീഴുന്നു. അവസാന വാര്‍ത്താബുള്ളറ്റിന്‍ സാമൂഹിക മാദ്ധ്യമത്തില്‍ നല്‍കിക്കൊണ്ടായിരുന്നു വിടവാങ്ങല്‍.

രണ്ടു പതിറ്റാണ്ടുമുമ്പ് (2003ല്‍) അഫ്ഗാനില്‍നിന്ന് മേളയിലെത്തിയ ഒസാമ എന്ന ചിത്രം ഓര്‍മ്മയില്‍ വന്നു. സിദ്ദിഖ് ബര്‍മാക്കായിരുന്നു സംവിധായകന്‍. കൗമാരക്കാരിയായ ഒരു പെണ്‍കുട്ടി താലിബാനില്‍നിന്നു രക്ഷപ്പെടാന്‍ ആണ്‍കുട്ടിയുടെ വേഷം സ്വീകരിക്കുകയും കഠിനമായ തൊഴിലുകളെടുത്ത് അതിജീവിക്കാന്‍ പണിപ്പെടുകയും ചെയ്ത ഹൃദയസ്പര്‍ശിയായ കഥയാണത്. 1996ല്‍ താലിബാന്‍ ഭരണം എല്ലാവിധ ചലച്ചിത്ര നിര്‍മ്മാണവും തടഞ്ഞതിനു ശേഷമുള്ള നിശ്ശബ്ദതക്കൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിര്‍മ്മിക്കപ്പെട്ട ചരിത്ര സിനിമ. ഒസാമ മെഹ്മൂദിയുടെ സിനിമയിലും ചരിത്രപരമായ ഓര്‍മ്മപ്പെടുത്തല്‍പോലെ പരാമര്‍ശിക്കുന്നു.

എല്‍നാസ് ഷേക്കര്‍ദോസ് എന്ന കലാകാരി സൊരയ്യയെ ഗംഭീരമാക്കി. നായക വേഷത്തിലെത്തിയ പെദ്രാം ഷെരീഫിയും ഉജ്ജ്വലം. സൊരയ്യയും ഭര്‍ത്താവും രണ്ടു സമുദായങ്ങള്‍. ഒരാള്‍ സുന്നിയുംമറ്റേയാള്‍ ഷിയായും. പൊതു സമൂഹം ഉള്‍ക്കൊള്ളാന്‍ മടിക്കുന്ന ബന്ധം താലിബാന്‍ തീരെ പൊറുക്കില്ലല്ലോ. തൊണ്ണൂറുകളില്‍നിന്നു ഭിന്നമായി അഫ്ഗാന്‍ സ്ത്രീ ജീവിതത്തില്‍ പുതുസാങ്കേതിക സൗകര്യങ്ങളും വിദ്യാഭ്യാസവും നല്‍കിയ വെളിച്ചം വലിയ മാറ്റമാണ് വരുത്തിയത്. അതെല്ലാം തട്ടിത്തെറിപ്പിച്ച് ഇരുട്ടിലേക്ക് തള്ളിവിടും താലിബാന്‍ എന്നതു തീര്‍ച്ച. ജനാധിപത്യത്തിന്റെ നേരിയ ഇഴകള്‍പോലും അറ്റുതീരും. മനുഷ്യാവകാശങ്ങള്‍ ഹനിക്കപ്പെടും. വിഴുങ്ങാനിരിക്കുന്ന ആപത്തിന്റെ തൊട്ടുമുമ്പുള്ള നിമിഷങ്ങളില്‍ അവര്‍ ചരിത്രത്തെയാകെ അഭിസംബോധന ചെയ്യുന്നു. നജീബുള്ളയുടെ അന്ത്യം ഓര്‍ക്കുന്നു. തീവ്രപരീക്ഷണങ്ങളുടെ കാലം ഓര്‍ക്കുന്നു. അസാമാന്യമായ ഒരു ഉള്‍ക്കരുത്തില്‍ നേരിടാന്‍ ഉറയ്ക്കുന്നു.

അഫ്ഗാന്‍ ജനതയെ താലിബാന് കൈമാറി പിന്‍വാങ്ങുന്ന ബൈഡനെ, അമേരിക്കയെ തുറന്നുകാണിക്കുന്നു മെഹ്മൂദി. പുതിയ വംശീയ തീവ്രവാദങ്ങളുടെ താല്‍പ്പര്യങ്ങളും സംഘര്‍ഷങ്ങളും വിതയ്ക്കുകയും വിളവെടുക്കുകയും ചെയ്യുന്ന അമേരിക്കന്‍ രാഷ്ട്രീയ കൗശലം വിചാരണ ചെയ്യപ്പെടുന്നു. ഇറാനിയന്‍ സിനിമയ്ക്ക് പ്രത്യക്ഷ രാഷ്ട്രീയ ഇടപെടലിന്റെ സംഘര്‍ഷമുഖം സമ്മാനിക്കുകയാണ് സംവിധായകനായ നവീദ് മെഹ്മൂദിയും നിര്‍മ്മാതാവായ ജാംഷിദ് മെഹ്മൂദിയും.

ലോകം പുതിയ യുദ്ധങ്ങളെ നേരിടുകയാണ്. സ്ത്രീകള്‍ വിമോചന പോരാട്ടങ്ങളുടെ നേതൃപടയാളികളാവുകയാണ്. സ്ത്രീകളുടെ യുദ്ധം രാഷ്ട്രീയാധികാരത്തിനു വേണ്ടി തിരിയുകയാണ്. പുതുകാലം അടയാളപ്പെടുത്തുന്നു ലാസ്റ്റ് ബര്‍ത്ത് ഡേ.