ബംഗളൂരു: എം വി ഗോവിന്ദനോട് മാപ്പുപറയണമെങ്കില്‍ ഒരിക്കല്‍ കൂടെ ജനിക്കണമെന്നും നോട്ടീസ് കിട്ടുമ്പോള്‍ തന്റെ അഭിഭാഷകന്‍ മറുപടി നല്‍കുമെന്നും വ്യക്തമാക്കിയ സ്വപ്ന സുരേഷ് എത്ര കേസുകള്‍ തന്റെ പേരിലെടുത്താലും അവസാനം കാണാതെ അടങ്ങില്ലെന്ന് മുഖ്യമന്ത്രിക്കും കുടുംബത്തിനും താക്കീതും നല്‍കി.
മനസാക്ഷിക്ക് മുന്നില്‍ താന്‍ തെറ്റൊന്നും ചെയ്തിട്ടില്ല. ആദ്യം ഷാജ് കിരണ്‍ എന്നൊരു അവതാരം വന്നപ്പോള്‍ ഗൂഢാലോചനയെന്ന് പറഞ്ഞ് പി സി ജോര്‍ജിനൊപ്പം കേസ് എടുത്തു. ഇപ്പോള്‍ വിജേഷ് പിള്ള വന്നതിന് പിന്നാലെ കണ്ണൂരില്‍ കേസ് എടുത്തു. ഇതിന്റെ പേരില്‍ തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ കേസ് എടുത്താലും പ്രശ്‌നമല്ല. അവസാനം കാണാതെ താന്‍ അടങ്ങില്ല. തന്റെ മരണം വരെ പോരാട്ടം തുടരുമെന്ന് സ്വപ്‌ന പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനുമുള്ള സന്ദേശം കൂടിയാണിതെന്നും സത്യം പുറത്ത് കൊണ്ട് വരുമെന്നും സ്വപ്ന സുരേഷ് വ്യക്തമാക്കി.
വിജേഷ് പിള്ള തന്നോട് പറഞ്ഞത് ഏതെങ്കിലും ഒരു കേസില്‍ അകത്താക്കുമെന്നാണ്. ഇപ്പോള്‍ സംഭവിക്കുന്നതും അതുതന്നെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതരമായ ആരോപണം താന്‍ ഉന്നയിച്ചിട്ടും അദ്ദേഹം പ്രതികരിക്കാത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് മുഖ്യമന്ത്രി തന്റെ അച്ഛനോ അമ്മാവനോ അല്ലെന്നായിരുന്നു മറുപടി നല്‍കിയത്.