ചര്‍ച്ചയ്ക്ക് തയ്യാറാകാതെ സര്‍ക്കാര്‍; സമരം ശക്തമാക്കാനൊരുങ്ങി ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി

News

വാര്‍ത്തകളും ചിത്രങ്ങളും nattuvarthamanamdaily@gmail.com എന്ന മെയിലിലോ വാട്‌സാപ്പിലോ അയക്കുക. 8289857951 എന്നതാണ് വാട്‌സാപ്പ് നമ്പര്‍.

കോഴിക്കോട്: ചര്‍ച്ചയ്ക്ക് തയ്യാറാകാനോ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാനോ സര്‍ക്കാര്‍ തയ്യാറാകാത്തതില്‍ പ്രതിഷേധിച്ച് സമരം ശക്തമാക്കാന്‍ ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു.
ഇന്നലെ ചേര്‍ന്ന സംസ്ഥാന ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റിയാണ് സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്.

സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ചട്ട ഭേദഗതിയിലെ അപാകതകള്‍ പരിഹരിക്കാന്‍ പട്ടയ ഭൂമിയിലെ ഖനനം നിയമാനുസൃതമാക്കാന്‍ നടപടി സ്വീകരിക്കുക, ദൂരപരിധി കേസില്‍ സര്‍ക്കാര്‍ അടിയന്തര ഇടപെടല്‍ നടത്തുക, സര്‍ക്കാര്‍ ഭൂമിയിലെ ഘനനത്തിന് എന്‍ ഒ സി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഏപ്രില്‍ 17നാണ് ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി സമരം ആരംഭിച്ചത്.

അനിശ്ചിതകാല സമരം പത്തുദിവസത്തിനടുത്തായിട്ടും ഒരു ഇടപെടലും സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. സമരം കാരണം നിര്‍മ്മാണമേഖല സ്തംഭിച്ച അവസ്ഥയിലാണ്. ക്വാറി ക്രഷര്‍ മേഖലയെയും അനുബന്ധ മേഖലകളേയും ആശ്രയിച്ചുകഴിയുന്ന ആയിരക്കണക്കിന് തൊഴിലാളികള്‍ തൊഴിലില്ലാത്ത അവസ്ഥയിലുമാണ്. ഈ സാഹചര്യത്തിലാണ് സമരം കൂടുതല്‍ ശക്തമാക്കുന്നതിന് ക്വാറി ക്രഷര്‍ കോഡിനേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചത്.

സമരത്തിന്റെ അടുത്തപടിയായി മെയ് മൂന്നിന് കാല്‍ലക്ഷം പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. സെക്രട്ടറിയേറ്റ് സമരത്തിന് മുന്നോടിയായി വിവിധ ജില്ലകളില്‍ നാളെ മുതല്‍ വായമൂടിക്കെട്ടി പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. മെയ് മൂന്നിനുശേഷം സെക്രട്ടറിയേറ്റിനു മുമ്പില്‍ അനിശ്ചിതകാല നിരാഹാര സമരം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കാനും സംസ്ഥാന ക്വാറി ക്രഷര്‍ കോഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചതായി കോഡിനേഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എം കെ ബാബു അറിയിച്ചു.