ഉറവ ടോക്കിംഗ് ബുക്ക് ലൈബ്രറി സന്നദ്ധ വായനക്കാരുടെ സംഗമം പുളിക്കല്‍ എബിലിറ്റിയില്‍ ഇന്‍ഫ്‌ലുവന്‍സര്‍ ഷാഹുല്‍ മലയില്‍ ഉദ്ഘാടനം ചെയ്തു.എബിലിറ്റി ചെയര്‍മാന്‍ കെ അഹമ്മദ് കുട്ടി അധ്യക്ഷനായി. അച്ചടി പുസ്തകങ്ങള്‍ കാഴ്ച പരിമിതര്‍ക്ക് വായിച്ചു കേള്‍ക്കാനായി ഓഡിയോ ഫോര്‍മാറ്റിലേക്ക് മാറ്റുന്ന എബിലിറ്റിയുടെ ഉറവ ടോകിംഗ് ബുക്ക് ലൈബ്രറി, ദിവ്യ ദീപ്തി ഓഡിയോ മാഗസിന്‍, ഓഡിയോ ടെക്സ്റ്റ് ബുക്ക്, ബൈറുഹ ഓഡിയോ ബുക്‌സ് എന്നിവക്ക് പുസ്തകങ്ങള്‍, ആനുകാലികങ്ങള്‍, ജേര്‍ണലുകള്‍ എന്നിവ വായിച്ച് റെക്കോര്‍ഡ് ചെയ്ത് അയച്ചു നല്‍കി വരുന്ന സംസ്ഥാനത്തിന്റെ വിവിധ കോളേജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനികള്‍, കുടുംബിനികള്‍, പഠനം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന വായനക്കാരാണ് പുളിക്കല്‍ എബിലിറ്റി ഓഡിറ്റോറിയത്തില്‍ ഒത്തുകൂടിയത്.
കാഴ്ച പരിമിതരായ ഓഡിയോ എഡിറ്റര്‍മാരുമായി സംവദിക്കാനും.വായന സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള എഡിറ്റിംഗ്, കാഴ്ച്ച പരിമിതര്‍ക്കായി എങ്ങിനെ വായിക്കണം എന്നതിനുള്ള വിദഗ്ദ്ധ പരിശീലനവും നടന്നു. ശാരീരിക വെല്ലുവിളികളെ അതിജീവിച്ചു പഠനം നടത്തുന്നതിനോടൊപ്പം കാഴ്ച പരിമിതര്‍ക്ക് പുസ്തകങ്ങള്‍ വായിച്ചു നല്‍കുകയും ചെയ്യുന്ന ഷറഫിയമറിയം മഞ്ചേരിക്ക് സര്‍ട്ടിഫിക്കറ്റും മെമോന്റോയും വിതരണം ചെയ്താണ് ഉദ്ഘാടനം നിര്‍വ്വഹിച്ചത്. എബിലിറ്റി ഗവേര്‍ണിങ് ബോഡി വൈസ് ചെയര്‍മാന്‍ ടി.പി അബ്ദുല്‍ കബീര്‍ മോങ്ങം, എബിലിറ്റി പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ടി.പിഇബ്രാഹിം,മോങ്ങം അന്‍വാറുല്‍ ഇസ്ലാം അറബിക് കോളേജ് ലൈബ്രേറിയന്‍ ഷെറീന, കടവത്തൂര്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍ എസ് എസ് കോര്‍ഡിനേറ്റര്‍ നൗഫല്‍,ആസാദ് കൂളിമാട്, എബിലിറ്റി കാഴ്ച പരിമിത വിഭാഗം കോര്‍ഡിനേറ്റര്‍ എ.പി.ഇസ്മായില്‍, ലൈബ്രറിയന്‍ മുര്‍ഷിദ, ഓഡിയോ എഡിറ്റര്‍ പി.എ ശംസുദ്ധീന്‍ എന്നിവര്‍ സംസാരിച്ചു.