തിരുവനന്തപുരം: രാജ്യാന്തര മേളയുടെ ഏഴാം ദിനത്തില്‍ സ്വപ്നങ്ങളുടേയും പ്രതീക്ഷകളുടേയും കഥ പറയുന്ന ഇന്ത്യന്‍ ചിത്രം കച്ചേയ് ലിംബു ഉള്‍പ്പടെ 61 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ലോക സിനിമയിലെ 27ചിത്രങ്ങള്‍ ഉള്‍പ്പടെ 54 സിനിമകളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ച ഉണ്ടാകും. മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്ന ഗേള്‍പിക്ചര്‍, ഡാനിഷ് ചിത്രം ഗോഡ് ലാന്‍ഡ്, അല്‍ക്കാരസ്, കൊറിയന്‍ ചിത്രം റൈസ്‌ബോയ് സ്ലീപ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ നാളത്തെ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നുണ്ട്.
കണ്‍സേണ്‍ഡ് സിറ്റിസണ്‍, കെര്‍, എ പ്ലേസ് ഓഫ് അവര്‍ ഓണ്‍, ടഗ് ഓഫ് വാര്‍, ഉതാമ, കണ്‍വീനിയന്‍സ് സ്‌റ്റോര്‍ എന്നീ മത്സരചിത്രങ്ങളുടെ അവസാന പ്രദര്‍ശനവും വ്യാഴാഴ്ചയാണ്. കിം കി ഡുക്കിന്റെ അവസാന ചിത്രമായ കാള്‍ ഓഫ് ഗോഡിന്റെ രണ്ടാമത്തെ പ്രദര്‍ശനവും വ്യാഴാഴ്ചയാണ്. ഭാര്യയുമായി വേര്‍പിരിഞ്ഞു കഴിയുന്ന സ്വവര്‍ഗാനുരാഗിയായ മധ്യവയസ്‌കന്‍ മകളുമായി ഒന്നിക്കാന്‍ നടത്തുന്ന ദൗത്യം പ്രമേയമാക്കിയ യു എസ് ചിത്രം ദി വെയിലിന്റെയും അവസാന പ്രദര്‍ശനം വ്യാഴാഴ്ചയാണ്. ഫ്രീഡം ഫൈറ്റ്, 19 (1)(മ), ബാക്കി വന്നവര്‍ എന്നീ മലയാളചിത്രങ്ങളുടെ പ്രദര്‍ശനവും നാളെയുണ്ടാകും.
ഓസ്‌കാര്‍ നോമിനേഷന്‍ കിട്ടിയ ഫ്രഞ്ച് ചിത്രം ക്ലോസ്, മലൗ റെയ്മണ്‍ ചിത്രം അണ്‍റൂളി ,ഇറാനിലെ സാമ്പത്തിക പ്രതിസന്ധിയും പുരുഷാധിപത്യവും ആധാരമാക്കിയ ഇറാനിയന്‍ ചിത്രം ലൈലാസ് ബ്രദേഴ്‌സ്, ഇന്റര്‍നെറ്റ് പ്രതിഭാസമായ റൂള്‍ 34 നെ ആസ്പദമാക്കിയുള്ള ചിത്രം റൂള്‍ 34, പാം ഡി ഓര്‍ ജേതാവ് റൂബന്‍ ഓസ്ലന്‍ഡിന്റെ ആക്ഷേപഹാസ്യചിത്രം ട്രയാങ്കിള്‍ ഓഫ് സാഡ്‌നെസ്സ് ,ട്യൂണീഷ്യന്‍ ചിത്രം ഹര്‍ഖ തുടങ്ങിയവയാണ് വ്യാഴാഴ്ച അവസാന പ്രദര്‍ശനത്തിനെത്തുന്ന ലോക സിനിമാ വിഭാഗത്തിലെ പ്രധാന ചിത്രങ്ങള്‍.
ആവിഷ്‌ക്കാര സ്വാതന്ത്ര്യം പ്രമേയമാക്കിയ ഇന്ദു വി എസ് ചിത്രം, പി പദ്മരാജന്റെ ഒരിടത്തൊരു ഫയല്‍വാന്‍ തുടങ്ങിയ മലയാളചിത്രങ്ങളും അല്‍വാരോ ബ്രെക്‌നര്‍ ചിത്രം എ ട്വല്‍വ് ഇയര്‍ നൈറ്റ് ജൂറി വിഭാഗത്തിലും ഛായാഗ്രാഹകന്‍ സുധീഷ് പപ്പുവിനോടുള്ള ആദരസൂചകമായി രാജീവ് രവി സംവിധാനം ചെയ്ത ഞാന്‍ സ്റ്റീവ് ലോപ്പസ് ഹോമേജ് വിഭാഗത്തിലും പ്രദര്‍ശിപ്പിക്കും.