കോഴിക്കോട്: സാഹിത്യ ലോകത്ത് നിശബ്ദമായി നടന്നുപോയ എഴുത്തുകാരിയായിരുന്നു അഷിതയെന്ന് സാറാജോസഫ്. മനസ്സിലുള്ളത് ഒളിച്ചുവെച്ച് മറ്റൊന്നുപറയുന്ന രീതി അവര്‍ക്കില്ലായിരുന്നു. രോഗാതുരമായ കാലത്തും തനിക്ക് പറയാനുള്ളത് അവര്‍ വെട്ടിത്തുറന്നുപറഞ്ഞു. എഴുതിയൊതുന്നും പതിരായിരുന്നില്ല, എല്ലാം കാമ്പുള്ള രചനകള്‍. അഷിത സ്മാരക സമിതിയുടെ പേരിലുള്ള രണ്ടാമത് അഷിതാ സ്മാരക പുരസ്‌കാരം അളകാപുരിയില്‍ നടന്ന ചടങ്ങില്‍ സുഭാഷ് ചന്ദ്രന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു സാറാജോസഫ്.
സുഭാഷിന്റെ കഥകള്‍ ആണ്‍ലോകത്തിന്റെ അനന്തമായ കാഴ്ചകള്‍ പൊള്ളുന്ന ഭാഷയില്‍ വരച്ചിടുന്നതാണ്. എത്രമാത്രം നിസ്സംഗതയോടെയാണ് ആണ്‍ലോകം പെണ്ണിനെ ഇപ്പഴും വീക്ഷിക്കുന്നതെന്ന് സുഭാഷിന്റെ കഥകള്‍ വരച്ചിടുമ്പോള്‍ അത്ഭുതത്തോടെയാണ് അത് വായിക്കുന്നതെന്നും സാറാജോസഫ്. ചടങ്ങില്‍ പുതിയ എഴുത്തുകാര്‍ക്കുള്ള പുരസ്‌കാരങ്ങളും വിതരണം ചെയ്തു. ഡോ. അനിത വിശ്വം, ഡോ. എം ടി ശശി, ഡോ. ആനന്ദന്‍ എന്നിവര്‍ അവാര്‍ഡുകള്‍ സാറാ ജോസഫില്‍ നിന്നും സ്വീകരിച്ചു. ശിഹാബുദ്ദീന്‍ പൊയ്ത്തുംക്കടവ് അഷിതയുമായുള്ള എഴുത്തോര്‍മകള്‍ പങ്കുവെച്ചു. ചടങ്ങില്‍ ഡോ.ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. അഷിത സ്മാരകസമിതി സെക്രട്ടറി ഉണ്ണി അമ്മയമ്പലം സ്വാഗതവും എം.കുഞ്ഞാപ്പ സ്വാഗതവും പറഞ്ഞു.