സെപ്റ്റംബര്‍ അവസാനത്തോടെ വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും

Kerala News

തിരുവനന്തപുരം: തുറമുഖം നിര്‍മാണ പ്രവര്‍ത്തി പുനരാരംഭിച്ച വിഴിഞ്ഞത്ത് അടുത്ത വര്‍ഷം സെപ്റ്റംബര്‍ അവസാനത്തോടെ ആദ്യ കപ്പല്‍ അടുപ്പിക്കാനുള്ള ശ്രമത്തിലാണെന്ന് സംസ്ഥാന തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു.

വിഴിഞ്ഞത്ത് തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരുടെയും അദാനി ഗ്രൂപ്പ് ഉദ്യോഗസ്ഥരുടെയും ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ പ്രതീക്ഷകളാണ് യോഗത്തില്‍ പങ്കുവെച്ചത് എന്ന് മന്ത്രി അറിയിച്ചു. സമരം മൂലം നഷ്ടമായ ദിവസങ്ങള്‍ തിരികെ പിടിക്കാന്‍ ശ്രമിക്കും. അതിനനുസരിച്ച് കൃത്യമായ കലണ്ടര്‍ തയ്യാറാക്കി ഓരോ ഘട്ടവും തീരുമാനിച്ചിട്ടുണ്ട്.

കല്ല് നിക്ഷേപിക്കാന്‍ പുതിയ ലൈന്‍ ഓഫ് പൊസിഷന്‍ (എല്‍ ഒ പി) നിര്‍മ്മിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇതിന് 60 കോടി രൂപയാണ് ചെലവ്. ഇതിന്റെ പ്രവര്‍ത്തി ജനുവരിയില്‍ പൂര്‍ത്തിയാവും. പുതിയ എല്‍ ഒ പി പ്രവര്‍ത്തി പൂര്‍ത്തിയായാല്‍ ഇപ്പോള്‍ ദിവസം നിക്ഷേപിക്കുന്ന പതിനയ്യായിരം കരിങ്കല്ല് എന്നത് ഇരട്ടിയായി ഉയര്‍ത്താന്‍ സാധിക്കും. തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തിയില്‍ പാറക്കല്ലുകളുടെ സംഭരണം വേണ്ടത്ര ഉണ്ടെന്ന് മന്ത്രി വ്യക്തമാക്കി. പ്രതിദിനം 7000 പാറക്കല്ല് ആണ് വേണ്ടത്.

തുറമുഖ നിര്‍മ്മാണ പ്രവര്‍ത്തി പുനരാരംഭിക്കുന്നതോടനുബന്ധിച്ച് തയ്യാറാക്കിയ കലണ്ടര്‍ പ്രകാരം തുറമുഖത്തിലെ സബ്‌സ്‌റ്റേഷന്‍ ജനുവരിയില്‍ നിലവില്‍ വരും. ഗേറ്റ് കോംപ്ലക്‌സ് അടുത്തവര്‍ഷം മാര്‍ച്ചിലും വര്‍ക് ഷോപ്പ് കോംപ്ലക്‌സ് ഏപ്രിലിലും എക്യുപ്‌മെന്റ്‌സ് ഷിപ്പ് മേയിലും റീഫര്‍ സൗകര്യം ആഗസ്റ്റിലും നിലവില്‍ വരും.

400 മീറ്റര്‍ നീളമുള്ള ബര്‍ത്ത് ഓണത്തോടനുബന്ധിച്ച് പൂര്‍ത്തിയാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. 12 ബാര്‍ജുകളും ആറ് ടഗ്ഗുകളും ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. നിരീക്ഷണ കമ്മിറ്റി യോഗം എല്ലാ മാസത്തിലെയും അവസാന ബുധനാഴ്ച ചേര്‍ന്ന് പ്രവര്‍ത്തി അവലോകനം നടത്തും. 2024 ലാണ് തുറമുഖം പൂര്‍ണമായും കമ്മീഷനിംഗ് നിശ്ചയിച്ചിട്ടുള്ളത്.

തുറമുഖം കമ്മീഷന്‍ ചെയ്യുക എന്നതിനേക്കാള്‍ ആദ്യ കപ്പല്‍ എത്തിക്കുക എന്നതിനാണ് ഇപ്പോള്‍ പ്രാധാന്യം. ബ്രേക്ക് വാട്ടര്‍, ബാര്‍ജ് എന്നിവയുടെ പ്രവര്‍ത്തി ഇപ്പോള്‍ നന്നായി പോകുന്നുണ്ട്.

ആകെയുള്ള നിര്‍മ്മാണ പ്രവര്‍ത്തിയുടെ 70 ശതമാനം പൂര്‍ത്തിയായതായി മന്ത്രി പറഞ്ഞു. ഇനി കാലവിളംബം ഉണ്ടാകില്ല എന്ന ശുഭാപ്തി വിശ്വാസത്തിലാണ് സംസ്ഥാന സര്‍ക്കാരെന്ന് അദ്ദേഹം പറഞ്ഞു. വകുപ്പ് സെക്രട്ടറി കെ ബിജുവും മന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *