മേപ്പാടി: ദുരിതം പെയ്തിറങ്ങിയ ഭൂമിയിലെത്തി രാഹുലും പ്രിയങ്കയും. എങ്ങും ദുഖം തളം കെട്ടി നില്‍ക്കുന്ന അന്തരീക്ഷത്തില്‍ കണ്ണുനിറഞ്ഞും കണ്ഠമിടറിയുമാണ് രാഹുലും പ്രിയങ്കയും സംസാരിച്ചത്. തന്റെ പിതാവ് മരിച്ചപ്പോഴുള്ള അതേ വേദനയാണ് താന്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ പറഞ്ഞു.
മുണ്ടക്കൈ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം ഏറെ വേദനിപ്പിക്കുന്നതാണ്. വളരെ വേദനാജകമായ സംഭവമാണിത്. ആയിരങ്ങള്‍ക്കാണ് വീടും അവരുടെ സ്വന്തക്കാരെയും നഷ്ടമായത്. ഈ സാഹചര്യത്തില്‍ ജനങ്ങളോട് എന്താണ് പറയേണ്ടതെന്ന് പോലും അറിയില്ല. എന്തു പറഞ്ഞ് വയനാട്ടുകാരെ ആശ്വസിപ്പിക്കേണ്ടതെന്നും അറിയില്ല. ഏറെ ബുദ്ധിമുട്ടേറിയ ദിവസമാണിതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമായ എല്ലാ സഹായവും ചെയ്യും. അവരുടെ പുനരധിവാസം ഉള്‍പ്പെടെ നോക്കേണ്ടതുണ്ടെന്നും അദ്ദേഹം ഉറപ്പുനല്‍കി.
രക്ഷാപ്രവര്‍ത്തനം കാണുമ്പോള്‍ അഭിമാനമുണ്ട്. ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, വളണ്ടിയര്‍മാര്‍, രക്ഷാപ്രവര്‍ത്തകര്‍, സൈന്യം, ഭരണകൂടം എല്ലാവര്‍ക്കും നന്ദിയുണ്ട്. എല്ലാവരും ഒറ്റക്കെട്ടായാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. എന്നെ സംബന്ധിച്ച് ഇത് തീര്‍ച്ചയായും ദേശീയ ദുരന്തമാണ്. എന്തായാലും സര്‍ക്കാര്‍ എന്താണ് പറയുന്നതെന്ന് നോക്കാം. രാഷ്ട്രീയ കാര്യങ്ങള്‍ സംസാരിക്കാനുള്ള സ്ഥലമല്ല ഇത്. ഇവിടുത്തെ ജനങ്ങള്‍ക്ക് സഹായം ആണ് ആവശ്യം. ഈ സമയം എല്ലാവരും ഒന്നിച്ച് ആഘാതത്തിലുള്ള ആളുകള്‍ക്ക് ചികിത്സാ സഹായം ഉള്‍പ്പെടെ ലഭിക്കേണ്ടതുണ്ടെന്നും രാഹുല്‍ പറഞ്ഞു.
രാഹുലിന് തോന്നിയ അതേ വേദനയാണ് തനിക്കുമുണ്ടായതെന്ന് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. അതിദാരുണമായ സംഭവമാണിത്. നമുക്ക് ചിന്തിക്കാവുന്നതേയുള്ള ജനങ്ങളുടെ വിഷമം. എല്ലാവര്‍ക്കും ആവശ്യമായ പിന്തുണ നല്‍കും. എല്ലാവരും ഒറ്റക്കെട്ടായി സഹായിക്കാന്‍ എത്തുന്നു. എല്ലാവര്‍ക്കും സാധ്യമായ കാര്യങ്ങളെല്ലാം ചെയ്യണം. ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്തേക്ക് തിരിച്ചുപോകേണ്ടന്നാണ് പറയുന്നത്. അവരെ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റണമെന്നും ഇക്കാര്യങ്ങളൊക്കെ ആലോചിച്ച് തീരുമാനിക്കേണ്ടതുണ്ടെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.