നിങ്ങളുടെ തെരുവിലും ഭീകരനായ ഒരു കൊലയാളിയുണ്ട്

Articles

ചിന്ത / എ പ്രതാപന്‍

തിന്മയുടെ സാര്‍വ്വദേശീയത എന്നത് വന്നു കഴിഞ്ഞു. ലോക നേതാക്കളുടെ ഭാഷയില്‍ നമ്മുടെ അയല്‍ക്കാരന്‍ വരെ നമ്മളോട് സംസാരിക്കാന്‍ തുടങ്ങി. നിങ്ങളുടെ തെരുവിലും ഒരു ഭീകരനായ ലോകശത്രുവുണ്ട് എന്ന് എല്ലാവരും വിശ്വസിക്കാന്‍ ആരംഭിച്ചു. ആ ശത്രുവിന് ഒരു ആഗോള നാമമുണ്ട് എന്നും എല്ലാവര്‍ക്കുമറിയാം. നമ്മള്‍ പിറന്നു വീഴുന്നത് ദേശങ്ങളിലല്ല, കാലങ്ങളിലാണ് എന്ന് പറയാറുണ്ട്. ദേശങ്ങള്‍ തമ്മിലുള്ള വ്യത്യാസങ്ങള്‍ ചുരുക്കിക്കൊണ്ട് ഒരു ഭീകരമായ കാലം പ്രവര്‍ത്തിക്കുകയാണ്. ഒരു ദേശത്ത് നിന്ന് വേറൊരു ദേശത്തിലേക്ക് പോയി കാലത്തില്‍ നിന്ന് രക്ഷപ്പെടാനാവില്ല. കാലത്തില്‍ നിന്ന് പുറത്തേക്കുള്ള വഴി മരണം മാത്രം.

തിന്മയുടെ തിരഞ്ഞെടുപ്പുകള്‍ യുക്തിഭദ്രമാണ്. ആര്യജര്‍മ്മനും ജൂതനുമിടയില്‍ അത് ആര്യനെ തിരഞ്ഞെടുക്കും. സയണിസ്റ്റ് ജൂതനും പലസ്തീനിക്കുമിടയില്‍ അത് സയണിസ്റ്റിനെ തിരഞ്ഞെടുക്കും. ചെറിയ കൊലയാളിക്കും വലിയ കൊലയാളിക്കും ഇടയില്‍ അത് സംശയം കൂടാതെ വലിയ കൊലയാളിയിലേക്ക് തന്നെ പോകും.

കളമശ്ശേരിയിലെ കൊലയാളിയുടെ വീഡിയോ കണ്ടപ്പോള്‍ ഞാന്‍ നാഥുറാം ഗോഡ്‌സെയെ ഓര്‍ത്തു. എന്തിന് ഞാന്‍ ഗാന്ധിയെ കൊന്നു ? എന്ന അയാളുടെ കോടതി പ്രസംഗവും. തിന്മയുടെ ലോക നീതി വാഴുമ്പോള്‍ കൊലയാളികള്‍ സമചിത്തതയോടെ സംസാരിക്കുന്നു. നമ്മുടെ അയല്‍പക്കത്തെ ഈ കൊലയാളിയും ദേശസ്‌നേഹിയായ ഒരു പുണ്യാത്മാവ് തന്നെ.

ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ കൊല ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍, ആ കൊലകളെ ന്യായീകരിക്കുന്ന താര പ്രചാരകനും , നമുക്ക് വാത്സല്യ നിധിയായ ഒരു പിതാവാണ്. മോളേ എന്ന അയാളുടെ വിളിയില്‍ നിന്ന് തൊട്ടു മുമ്പത്തെ വാചകങ്ങളിലെ കുഞ്ഞുങ്ങളുടെ ചോര നമ്മള്‍ കഴുകിക്കളയുന്നു.

തിന്മ എന്തോ അപൂര്‍വ്വമായ ഒന്നാണെന്ന് നാം കരുതുന്നു. ആമിമഹശ്യേ ീള ഋ്ശഹ എന്ന് ഹന്ന ആരെന്റ് എഴുതിയത് അതിന്റെ അതിസാധാരണതയെ, സര്‍വ്വസാധാരണതയെയാണ്, അതിന്റെ അപൂര്‍വ്വതയെ, അസാധാരണതയെ കുറിച്ചുള്ള തെറ്റിദ്ധാരണകള്‍ അകറ്റാന്‍.

തിന്മ ചെയ്യാനായി ജനിച്ച ഒരാളോ, തിന്മ ചെയ്യണം എന്ന് തീരുമാനിച്ചുറച്ച ഒരാളോ ആയിരിക്കണമെന്നില്ല തിന്മ ചെയ്യുന്നത്. നന്മ ചെയ്യണോ, തിന്മ ചെയ്യണോ എന്ന് തീരുമാനിച്ചിട്ടില്ലാത്ത ഒരാള്‍ , അതില്‍ നിര്‍ബന്ധങ്ങളില്ലാത്ത ഒരാള്‍ ആയിരിക്കാം അത്. അതൊന്നും അവരുടെ മനസ്സിനെ സ്പര്‍ശിക്കുന്ന കാര്യങ്ങള്‍ പോലും ആയിരിക്കണമെന്നില്ല. ആയിരക്കണക്കിന് മനുഷ്യരുടെ മരണത്തിന് ഉത്തരവാദികളായ നാസി കുറ്റവാളികള്‍ പോലും വിചാരണ വേളയില്‍ കുറ്റബോധമോ പശ്ചാത്താപമോ പ്രകടിപ്പിച്ചിരുന്നില്ല. എല്ലാം സാധാരണ മട്ടില്‍ ഒരു സംവിധാനത്തിന്റെ ഭാഗമായി പ്രവര്‍ത്തിച്ചു എന്നല്ലാതെ അവരൊന്നും കരുതിയിരുന്നില്ലത്രെ.

കുടുംബസ്‌നേഹികളും ദേശസ്‌നേഹികളും മതവിശ്വാസികളും ദൈവ ഭക്തരുമായ , വാത്സല്യ നിധികളായ പിതാക്കന്മാരും പുത്രന്മാരും പരിശുദ്ധാത്മാക്കളും ചേര്‍ന്ന് നടത്തുന്ന കൊലകളെ കൂടിയാണ് നമ്മള്‍ ചരിത്രം എന്ന് വിളിക്കുന്നത്.