കണ്ണുതുറക്കാത്ത ദൈവങ്ങള്‍, കണ്ണടച്ച് പാല് കുടിക്കുന്ന ഭരണകൂടം

Articles

വാക്ശരം / ടി കെ ഇബ്രാഹിം

ശീതീകരിച്ച രമ്യഹര്‍മ്യങ്ങളില്‍ നക്ഷത്ര പദവികളിലും സുരക്ഷയിലും സുഖനിദ്രപൂകുന്ന ദൈവങ്ങളുടെ നാട്ടില്‍ പൗരന് വീടോ ആഹാരമോ ശുദ്ധ ജലമോ പ്രധാനമല്ലെന്നു ഭരണകൂടങ്ങള്‍ക്ക് നല്ലനിശ്ചയം. അധികാരങ്ങള്‍ വീണ്ടെടുത്തു നല്‍കുന്നതിലും പരിരക്ഷിച്ചു പോരുന്നതിലും സൈനികശക്തികക്കോ അതിലുപരിയോയാണ് ദൈവങ്ങളുടെപങ്ക്. ജനാധിപത്യവും സോഷ്യലിസവും കമ്യൂണിസവുമെല്ലാം ഈ
വിഷയത്തില്‍ ദൈവത്തോട് കടപ്പെട്ടിരിക്കുന്നു.

ഭരണകൂടസൃഷ്ടിയും സ്ഥിതിയും സംഹാരവുമെല്ലാം ഇവിടെ ദൈവങ്ങള്‍ തന്നെ പൂര്‍ത്തീകരിക്കുന്നു. മാമലനാട്ടില്‍ പക്ഷെ, കുട്ടി ദൈവങ്ങളുടെ സഖ്യ കക്ഷിയാണ് കാലാകാലങ്ങളില്‍ വിജയരഥമേറുക. ആര്‍ച്ച്ബിഷപ്പും തങ്ങന്മാരും ധര്‍മ്മശാസ്താവ് മുതല്‍ കുട്ടിച്ചാത്തനും കോമരവും വരെ ദൈവത്തെ പ്രതി പ്രതിജ്ഞ ചൊല്ലി സത്യവിരുദ്ധമായി വാഴും. ഏതു മുന്നണി ജയിച്ചാലും ഈ ദൈവങ്ങളുടെ പിന്നണി രാജ്യംഭരിക്കും.

പുതുവത്സര പുലരിക്കു തൊട്ടുമുമ്പും അരങ്ങേറി ഈപൊട്ടന്‍ തെയ്യം. ഇനി കടല്‍ കടന്നാലോ? ജനിച്ച മണ്ണില്‍ നിന്നും ഒരു ജനതയെ ആകെ പറിച്ചെറിയുന്ന, കൊലചെയ്യപെട്ടവന്റെ ചൂടാറാത്ത ജഡത്തില്‍ നിന്നും ആന്തരാവയവങ്ങള്‍ കവര്‍ന്നെടുത്ത് വിപണിയിലേക്കോടുന്ന ചുടലഭൂതങ്ങളും പിശാചിന്റെ സന്തതികളും അവരുടെ കൂട്ടുകക്ഷികളും ലോകം വിഴുങ്ങുന്നു. നമ്മുടെദൈവങ്ങളുമുണ്ട് പിശാചിനുകൂട്ടായി.

ഒരു പ്രതീക്ഷയും ആരുംവച്ച് നീട്ടുന്നില്ല. ഒരുറുമ്പിലും ചെറുതാകുന്നു മനുഷ്യ കുലം. നാളെ ഉദിക്കുമെന്നുറപ്പുള്ള സൂര്യന്റെ അനന്തകോടി പ്രകാശരേണുക്കളില്‍ ഒന്നെങ്കിലും പ്രത്യാശയുടെ വെളിച്ചമാകട്ടെയെനാശംസിച്ചുകൊണ്ട് പ്രിയപ്പെട്ടവര്‍ക്ക് ശാന്തിയും സമാധാനപൂര്‍ണ്ണവുമായ ക്ഷേമൈശ്വര്യങ്ങളുടെ പുതുവത്സരം ആശംസിക്കുന്നു.