ചിന്ത / ഡോ: ആസാദ്
ഒരു ചിത്രത്തെപ്പറ്റി നിരൂപണം എഴുതാന്‍ എല്ലാവരും കണ്ടു കഴിയുന്നതുവരെ കാത്തിരിക്കാന്‍ കഴിയുമോ? എഴുതാതെ നോക്കാനുള്ള യുക്തിയാണത്. പുസ്തക നിരൂപണത്തിനും ഇതു ബാധകമല്ലേ? എല്ലാവരും വായിച്ചു കഴിയുന്ന കാലമുണ്ടാകുമോ? എന്നിട്ട് എഴുതാന്‍ നിരൂപകര്‍ ജീവിച്ചിരിക്കുമോ?
അനേക പ്രേക്ഷകര്‍ അനേക കാഴ്ച്ചകളാണ്. അവര്‍ അതേപ്പറ്റി പറയുകയോ എഴുതുകയോ ചെയ്യുമ്പോള്‍ കാഴ്ച്ചയുടെ അനേക വിതാനങ്ങള്‍ വിടരണം. ആഴമുള്ള സംവാദങ്ങളിലേക്ക് അവ പ്രേരണയാവണം. ചലച്ചിത്രം കഥയല്ല. ഒരു സവിശേഷമായ ആഖ്യാനമാണ്. കഥ വായിക്കുന്ന അനുഭവത്തിനല്ല ചലച്ചിത്രം കാണുന്നത്. ഒരു ദൃശ്യകലയുടെയും ആസ്വാദനം കഥയെ പിന്തുടരലല്ല. കഥയ്ക്കു പിറകെ പോകുന്നവര്‍ ചലച്ചിത്രം അറിയുന്നില്ല.
ദൃശ്യാഖ്യാനത്തിന്റെ വായനയും ഗ്രഹണവും അതിന്റെ സവിശേഷ സൂചകങ്ങളിലൂടെയുള്ള സഞ്ചാരമാണ്. സങ്കേതബദ്ധമായ അനവധി കുതിപ്പുകളിലൂടെ അത് കടന്നുപോകും. മറ്റു ദൃശ്യകലകള്‍പോലെ കഥയറിഞ്ഞു തന്നെ കാണണം. ഇല്ലെങ്കില്‍ ആട്ടപ്രകാരം ഒട്ടും അറിയാതെപോകും. വേഷങ്ങളുടെ ആഴം തിരിച്ചറിയാതെ പോകും.
ചിത്രകലയിലും അതേ സന്ദിഗ്ദ്ധതയുണ്ട്. അതല്‍പ്പം കൂടുതലാണുതാനും. ചിത്രം കാണാന്‍ നിരൂപണത്തെ ആശ്രയിക്കുന്നവര്‍ ധാരാളമാണ്. കാഴ്ച്ചക്കോണുകള്‍ തെളിഞ്ഞുകിട്ടാതെ ചിത്രം കാണാനാവില്ല. അതിനാല്‍ നിരൂപണത്തെ സംബന്ധിച്ച അമിതോത്ക്കണ്ഠകള്‍ ഉപേക്ഷിക്കേണ്ടതുണ്ട്. ഓരോന്നിനും ഓരോ ദൗത്യമാണ്. ഓരോ ഇടമാണ്.