മത ഭേദമില്ലാതെ, ദൈവരഹിതവും ഹിംസാത്മകവുമായ രാഷ്ട്രീയ സാമ്രാജ്യം, പുതിയ അടിമത്തം അഥവാ ആടുമേക്കല്‍ സൃഷ്ടിക്കുന്നു

Opinions

ചിന്ത / എസ് ജോസഫ്

നൈജീരിയയില്‍ 300 ല്‍ അധികം ഭാഷകള്‍ ഉണ്ട് എന്ന് വായിച്ചിട്ടുണ്ട്. ഒരു ഭാഷയുമായി അധിനിവേശം ചെയ്ത വിദേശികളാണ് ആഫ്രിക്കന്‍ ജീവിതത്തിന്റെ സര്‍വതും ശിഥിലമാക്കിയത്. എല്ലാ വേദ ഗ്രന്ഥങ്ങളിലും ഒരു ഭാഷയേ ഉള്ളു. ഏക ഭാഷ ഏക ദൈവമാണ്. അത് ഒരു വലിയ ദൈവ സാമ്രാജ്യത്തെ സ്വപ്നം കാണുകയും ദൈവത്തിന്റെ വേദ പുസ്തകത്തെ കൈയില്‍ വച്ചുകൊണ്ട് ബഹുഭാഷകളേയും ബഹുദൈവങ്ങളെയും ആളുകളേയും കൊന്നൊടുക്കുകയും ചെയ്യുന്നു. രാഷ്ട്രീയ സാമ്രാജ്യം ആണ് അവര്‍ അതിലൂടെ സ്ഥാപിക്കുന്നത്. ദൈവത്തിന്റെ പേരില്‍ ദൈവരഹിതവും ഹിംസാത്മകവുമായ ഒരു സാമ്രാജ്യം. പുതിയ അടിമത്തം അഥവാ ആടുമേയ്ക്കല്‍. അതില്‍ മതങ്ങള്‍ തമ്മില്‍ വ്യത്യാസമില്ല.

(കേരളത്തിലെ നവോത്ഥാനം തദ്ദേശീയരുടെ മാടന്‍, മറുത, ഗുളികന്‍, പിതൃക്കള്‍, മലദൈവം എന്നീ ദൈവങ്ങളെയെല്ലാം ചിതറിച്ചു. എന്നിട്ട് ഏകദൈവത്തെ സ്ഥാപിച്ചു. ക്രിസ്ത്യന്‍ മിഷനറിമാര്‍, നാരായണ ഗുരു എന്നിങ്ങനെയുള്ളവരുടെ യൂറോപ്യനൈസേഷന്‍ ആണതിന് കാരണം) ഞങ്ങളുടെ ദൈവങ്ങള്‍ പിശാചുക്കള്‍ ആക്കപ്പെട്ടു. ഞങ്ങള്‍ക്ക് ലഭിച്ച പുതിയ ദൈവങ്ങളെ ഞങ്ങള്‍ വിശ്വസിച്ചു. സ്‌നേഹിച്ചു. പക്ഷേ ഞങ്ങളെ നിങ്ങള്‍ മനുഷ്യരായി കൂട്ടിയില്ല. ഞങ്ങളുടെ പ്രയാണങ്ങള്‍ തടയപ്പെട്ടു. ഞങ്ങളുടെ വളര്‍ച്ച മുരടിച്ചു. ഞങ്ങള്‍ പ്രകാശപൂരിതമായ ലോകത്ത് വിഷാദ രോഗികളായി ജീവിച്ചു.

കേരളത്തിലെ ആദിവാസികള്‍ക്ക് ഗോത്രം പ്രതി ഭാഷയുണ്ട്. കന്നടം തമിഴ് മലയാളം തുടങ്ങിയ ഭാഷകളോട് അവയ്ക്ക് ബന്ധം ഉണ്ട്. അവര്‍ക്ക് ദൈവ സങ്കല്പങ്ങള്‍ ഉണ്ടായിരുന്നു. കന്നടം തമിഴ് നാട് എന്നീ ദേശങ്ങളില്‍ നിന്ന് ആദ്യം കുടിയേറിയവര്‍ ആണ് ആദിവാസികള്‍. അവര്‍ക്ക് മലയാളികള്‍ എന്നൊരു ആത്മബോധം നേടാന്‍ കഴിഞ്ഞിട്ടില്ല എന്നു തോന്നുന്നു. മലയാളം അവരുടെ ഭാഷയല്ല. എല്ലാവരും അവരെ Exclude ചെയ്തു. ശരിക്കും എത്‌നിക് മൈനോരിറ്റിയായ കേരളത്തിലെ ആദിവാസികള്‍ പ്രാദേശിക, ദേശീയ ധാരകളില്‍ വന്നിട്ടില്ല. സ്വത്വപ്രശ്‌നം അതി ശക്തമാണ് അവര്‍ക്കിടയില്‍. സ്വത്വം എന്നത് ഒരു അറിവു കൂടിയാണ്. സ്വത്വം എന്നത് സത്തയുടെ കേന്ദ്രമാകേണ്ടതില്ല. സ്വത്വത്തെ Externalise ചെയ്യുക.

എന്റെ അഭിപ്രായത്തില്‍ ഇന്ന് ദളിതര്‍, ഒ.ഇ.സി എന്നൊക്കെ പറയുന്നവര്‍ ആയിരിക്കണം കേരളീയരായ ആദിവാസികള്‍. അവര്‍ നാടുവാഴി, രാജ ഭരണം ആര്യനൈസേഷന്‍, ഹിന്ദുവൈസേഷന്‍ എന്നിവയുടെ’ ഭാഗമായി നായര്‍, ഇതര തൊഴില്‍ സമൂഹങ്ങള്‍ എന്നീ ജാതി സമൂഹങ്ങളായി മാറിയിരിക്കാം.

സംസ്‌കൃത ഭാഷയും ഹിന്ദുമതവും ആധുനികതയും ഇംഗ്ലീഷും ആദിവാസി ഭാഷകളെ മലയാളത്തിന്റെ ഭാഷാഭേദങ്ങളെ ഓരപ്പെടുത്തി. പിന്നീട് അറബി, ഹിന്ദി തുടങ്ങിയ ഭാഷകളുടേയും സ്വാധീനം ഇവിടെയുണ്ടായി. ആദിവാസി ഭാഷകകള്‍ അനവധിയാണ്. ഭാഷ സംസ്‌കാരത്തെ സൂചിപ്പിക്കുന്നു. ഇത്രയധികം ഭാഷകളും ഉപഭാഷകളും സൃഷ്ടിച്ച ആദിവാസി ജനത വലിയ ഒരു ആദരവ് അര്‍ഹിക്കുന്നുണ്ട്. ഓരോ ആദിവാസി ഭാഷയും സ്വതന്ത്രമാണ്. അത് ഒരു ജനതയുടെ സംസ്‌കാരമാണ്. ദൈവസങ്കല്പം, ഫിലോസഫി, ദൈവചിന്ത, പ്രകൃതി ബോധം ഒക്കെ അവയില്‍ ഉണ്ടാകും. അവയെ നഷ്ടപ്പെടുത്തരുത്.