കാലാവധി തീര്‍ന്ന ഡോഗ്മകള്‍ ഉപയോഗിച്ച് ഭരിച്ച കമ്മ്യൂണിസ്റ്റുകള്‍ കേരളത്തെ നാശത്തിന്‍റെ പാതയിലേയ്ക്ക് എത്തിച്ചു

Opinions

വിപല്‍ സന്ദേശം / സി ആര്‍ പരമേശ്വരന്‍

ബാലചന്ദ്രന്‍ ചുള്ളിക്കാടിന്‍റെ ‘തോട്ടി’ എന്ന പുതിയ കവിത എന്‍റെ മനസ്സില്‍ കുറെ നേരം സാമൂഹ്യസ്മരണകളുടെ വലിയ വേലിയേറ്റം ഉണ്ടാക്കി. എറണാകുളത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആത്മാവ് തന്നെ ഒരു കാലത്ത് നഗര പാര്‍ശ്വങ്ങളിലെയും നഗരത്തിന് ചുറ്റുമുള്ള ദ്വീപുകളിലെയും ദാരിദ്ര്യത്തില്‍ ആണ്ടു കിടന്നിരുന്ന ലത്തീന്‍ കത്തോലിക്കരായിരുന്നു എന്നാണ് എന്‍റെ തോന്നല്‍. എം. എം. ലോറന്‍സ് അത്തരം ഒരു ദ്വീപില്‍ താരതമ്യേന സാമ്പത്തികമായി ഭേദപ്പെട്ട കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന ആളായിരുന്നെങ്കിലും അവരുടെ വേദനകള്‍ കണ്ട് കമ്മ്യൂണിസത്തിലേക്ക് എടുത്തുചാടിയ വ്യക്തിയായിരുന്നു. അതുകൊണ്ടുതന്നെ ലോറന്‍സിന്‍റെ ത്യാഗപൂര്‍ണ്ണമായ ആദ്യകാല രാഷ്ട്രീയ ജീവിതം കൂടുതല്‍ മഹത്താണ്.ദ്വീപ സമൂഹങ്ങളിലെ ആ ജനസഞ്ചയത്തെ കൂടി ചേര്‍ത്ത് കവിത കുറെ കൂടി സമഗ്രമാക്കാന്‍ ബാലന് ആകുമായിരുന്നു എന്ന് തോന്നല്‍ ഒഴിച്ചാല്‍ മനസ്സിനെ സ്പര്‍ശിക്കുന്നതിനാല്‍ ‘തോട്ടി ‘നല്ല കവിത തന്നെയാണ്.

ഈ കവിത എനിക്ക് ഏറെ കുറ്റബോധവും തന്നു. കുറ്റബോധത്തിനു കാരണം നെറികെട്ട പിണറായിക്കാലത്തിന്റെ വര്‍ത്തമാനസമ്മര്‍ദ്ദത്തില്‍പ്പെട്ട് ആ വഞ്ചക സമൂഹത്തിനോട് ശുണ്ഠി പിടിച്ച് 1925 മുതല്‍ 1957 വരെയുള്ള ഘട്ടത്തില്‍ നൂറുകണക്കിന് കമ്മ്യൂണിസ്റ്റ് നേതാക്കള്‍ കേരളത്തില്‍ മാക്രോ തലത്തിലും മൈക്രോ തലത്തിലും കൊണ്ടുവന്ന ആഴത്തിലുള്ള മാറ്റങ്ങളെ കുറിച്ച് ഞാന്‍ പോലും മിക്കപ്പോഴും മറന്നുപോകുന്നു എന്നതാണ്.യൗവനത്തില്‍ ആ കാലങ്ങളെ ഏറെക്കുറെ ഹൃദിസ്ഥമാക്കിയ ആളായിരുന്നു ഞാന്‍ എന്നിരിക്കലും. (1939 ലാണ് പാര്‍ട്ടി ഔപചാരികമായി രൂപീകരിക്കപ്പെട്ടതെങ്കിലും കോണ്‍ഗ്രസിലും കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയിലും ത്യാഗധനരായ ഇടതുപക്ഷക്കാരായി തന്നെയാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നത് )

1957 ഭരണം കിട്ടിയതോടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജീര്‍ണ്ണിക്കാന്‍ തുടങ്ങി 1967 ലെ ഭരണലബ്ധിയോടെ അത് ഒരു പടി കൂടി കടന്നു. ലോറന്‍സ് അഴിമതിക്കാരനായിരുന്നില്ല എന്നു പറയപ്പെടുന്നു. എങ്കിലും, അധികാര കിടമത്സരങ്ങളിലും അതിന്റെ തന്ത്രങ്ങളിലും കുതന്ത്രങ്ങളിലും ഉള്‍പ്പെട്ട് ലോറന്‍സും അധോയാനത്തില്‍ നല്ല പങ്കു വഹിച്ചു. ജന്മിത്തം അവസാനിപ്പിച്ചു എന്ന മഹത്തായ നിയോഗത്തിന് ശേഷം ‘ഇനി സമൂഹം എങ്ങോട്ടു പോകണം’ എന്നതിനെക്കുറിച്ച് പരിമിതവിഭവന്മാരായിരുന്ന കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഒരു ധാരണയോ ദിശാബോധമൊ ഉണ്ടായിരുന്നില്ല. കാലാവധി തീര്‍ന്ന ഡോഗ്മകള്‍ ഉപയോഗിച്ചു ഭരിച്ച് അവര്‍ കേരളത്തിനെ നാശത്തിന്റെ പാതയിലേക്ക് എത്തിച്ചു