തിരുനെല്ലി അപ്പപ്പാറ പാര്‍സി കോളനിയിലെ രാമുവിന്‍റെ സ്വപ്നങ്ങളില്‍ ഇനി സിനിമ മാത്രം

Wayanad

എം എ സേവ്യര്‍

തിരുനെല്ലി: എട്ടു സഹോദരങ്ങളെയും അമ്മയേയും പോറ്റി, ആദിവാസി മുപ്പത്തുകാരന് ഇനി സിനിമയാണ് സ്വപ്നം. അച്ഛന്‍ കിടപ്പ് രോഗിയും ഒന്‍പതു സഹോദരങ്ങളും ഉള്ള കുടുംബം. വീടില്ല, തൊഴില്‍ ഇല്ല, കൊലകൊമ്പനാനയും പുലിയും കരടിയും ഇതര കാട്ടുമൃഗങ്ങളും സ്ഥിരമായി ഇറങ്ങുന്ന ഇടം.

വയനാട് തിരുനെല്ലി പഞ്ചായത്ത് അപ്പപ്പാറ പാര്‍സി കോളനിയിലെ രാമു ഇപ്പോള്‍ സ്വന്തം ജീവിത അഭിലാഷങ്ങള്‍ സ്വപ്നം കണ്ടു തുടങ്ങി. ബാല്യവും കൗമാരവും യുവത്വത്തിലെ നല്ല പങ്കും കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ ആയി മാത്രം ത്യജിച്ച സുമനസ്. സ്വന്തം ആഗ്രങ്ങള്‍ക്കോ ഭക്ഷണത്തിനോ സ്‌കൂള്‍ പഠനത്തിനോ വസ്ത്രത്തിനോ വിനോദങ്ങള്‍ക്കോ അവസരം ലഭിക്കാത്ത മൂത്ത പുത്രന്‍. തോല്‍പ്പെട്ടി റോഡ് വന്യ ജീവി കാട്ടിലെ കാട്ടുനായ്ക്കന്‍ തിമ്മനും അമ്മിണിക്കും പിറന്ന ഒന്‍പതു മക്കളില്‍ മുലക്കുടിക്കും പൈതങ്ങള്‍ മുതല്‍ കൗമാരക്കാര്‍ വരെ. അതില്‍ മൂത്തവന്‍ രാമു.

അച്ഛന്‍ കിടപ്പില്‍ ആയതോടെ എല്ലാ വയറുകള്‍ക്കും ഏക ആശ്രയം രാമു മാത്രം. കാറ്റടിച്ചാല്‍ ഇളകി ആടുന്ന കാട്ടുപുല്‍ മേഞ്ഞ കൊച്ചു കുടില്‍, മഴ വന്നാല്‍ ഉറങ്ങാത്ത രാപകലുകള്‍. പിന്നീട് അമ്മയും രോഗി ആയതോടെ മൂത്തവന്റെ കഠിന കാലങ്ങള്‍. എല്ലാവര്‍ക്കും സ്‌കൂള്‍ വിദ്യാഭ്യാസം നല്‍കി, വസ്ത്രം, പഠനോപകാരങ്ങള്‍, ചികിത്സ, സുരക്ഷ തുടങ്ങി നിലക്കാത്ത ആവശ്യങ്ങള്‍. അവ എല്ലാം നിറവേറ്റാന്‍ നിരവധി തൊഴിലുകള്‍ ചെയ്തു.

നാട്ടിലും മഹാരാഷ്ട്രയിലും അടക്കം രാപകല്‍ വിശ്രമമില്ലാത്ത തൊഴില്‍ വര്‍ഷങ്ങള്‍ക്കു ഫലം ലഭിച്ചു. ഇളയവര്‍ എല്ലാവരും ജീവിതം ആസ്വദിച്ചു തുടങ്ങി. രാമുവിന് വയസ്, ഇണയും തുണയും ആയില്ല. ഇളയ സഹോദരന്‍ അടക്കം വിവാഹിതന്‍ ആയി. അതിനിടെ പഞ്ചായത്ത് വീടും നല്‍കി. എല്ലാവരെയും സംരക്ഷിച്ചു പോരുന്നതിനിടെ സ്വന്തം ജീവിതം മറന്നു പോയ യുവാവ്.

ഒരാഗ്രഹം അവനുണ്ട്. സിനിമയില്‍ അഭിനയിക്കണം, നടന്‍, കലാകാരന്‍, സിനിമ പ്രവര്‍ത്തകന്‍ അങ്ങിനെ ഒക്കെ സ്വപ്നം കാണാന്‍ അര്‍ഹത ഉണ്ടോ? എന്നു സ്വയം ചോദിക്കുന്ന കുറേ പ്രതിസന്ധികള്‍ ഈ കലാ ഹൃദയത്തെ അലട്ടുന്നുണ്ട്. ഇക്കാലത്തു സ്‌കൂള്‍ പഠനം ഇല്ലാത്ത ഒരാള്‍ക്ക് സിനിമ ലോകം സ്വപ്നം കാണാന്‍ പറ്റുമോ? അത്ര തെളിഞ്ഞ നിറവും ആകര്‍ഷക ശരീര ആകാരവും ഇല്ലാത്ത, അഭിനയം അക്കാദമിക് തലത്തില്‍ സ്വായത്തമാക്കാത്ത കാട്ടുനായ്ക്കനും ലക്ഷ്യത്തില്‍ എത്താന്‍ ആകുമോ.? നിരവധി ചോദ്യങ്ങള്‍ രാമു സ്വയം ചോദിക്കുന്നു.

അതിനിടെ സാലിഹ് വയനാട് സംവിധാനം ചെയ്ത വെബ് സീരിസ് വാസും കൂട്ടരും, ആല്‍ബം സോങ് നീ ഹിമ മഴ, രാദുവിന്റെ സ്വന്തം രാമു എന്നീവയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചു. അതോടെ കിനാക്കള്‍ക്കു ചിറകു മുളച്ച അനുഭൂതിയില്‍ ആണ് ഈ കലാകാരന്‍. വിഷുവിനു തിരുനെല്ലിയില്‍ കോല്‍കളിക്കാന്‍ അവസരം കിട്ടും. അതാണ് മറ്റൊരു പരിശീലനം. വയനാട്ടില്‍ സിനിമ ഒഡിഷനില്‍ തെരഞ്ഞെടുക്കപെട്ടപ്പോഴും രാമുവിന് അത്ര പ്രതീക്ഷയും സ്വന്തം കഴിവില്‍ വിശ്വാസവും ഇല്ലായിരുന്നു.

മൊബൈല്‍ സ്‌ക്രീനില്‍ കണ്ടു. സ്വയം ബോധ്യ പെട്ടു. ഇനി അഭിനയ സ്വപ്നവും പേറി സഞ്ചരിക്കുമ്പോള്‍ ചിലവിനു വരുമാനം നേടാന്‍ മധുരമുറും വിഭവങ്ങള്‍ പാചകം ചെയ്യാനും അറിയാം. ബേക്കറി പലഹാരങ്ങള്‍ നിര്‍മിച്ചു കൊണ്ടാണ് മഹാരാഷ്ട്രയില്‍ തൊഴില്‍ തുടങ്ങിയത്. നാട്ടിലും കോഴിക്കോട്ടും മധുരമുള്ള സ്വപ്നങ്ങളുമായി ജോലി ചെയ്യുന്നു. വന്യമായ കാട്ടില്‍ നിന്നും സിനിമ എന്ന താരലോകം തേടി.