ശബരിമലയില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പ്രത്യേക ക്യൂ

News

പമ്പ: ശബരിമലയിലെ തിരക്ക് വര്‍ദ്ധിക്കുന്നതനുസരിച്ച് ഭക്തര്‍ക്ക് സുഖദര്‍ശനം സാധ്യമാകുന്ന തരത്തില്‍ കൂടുതല്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേക ക്യൂ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ ഇന്ത്യ റിസര്‍വ് ബറ്റാലിയനിലെ (ഐ ആര്‍ ബി) കൂടുതല്‍ പൊലീസുദ്യോഗസ്ഥരെ വിന്യസിക്കും. ഒരുമിനിട്ടില്‍ 80 പേര്‍ക്ക് പതിനെട്ടാംപടി ചവിട്ടാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. സന്നിധാനത്ത് മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

വരും ദിവസങ്ങളില്‍ കൂടുതല്‍ ഭക്തര്‍ ദര്‍ശനത്തിനെത്താനുള്ള സാധ്യത മുന്നില്‍ കണ്ടുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഗതാഗത തടസമുണ്ടാകാതെ ഭക്തര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ആവശ്യമായ കൂടുതല്‍ സൗകര്യങ്ങളൊരുക്കും. കാനനപാതയിലൂടെ വരുന്നവര്‍ക്കും കൂടുതല്‍ സൗകര്യങ്ങളൊരുക്കും. ദര്‍ശനത്തിനായി കാത്തുനില്‍ക്കുന്ന ഭക്തര്‍ക്ക് താമസമുണ്ടാകാത്ത രീതിയില്‍ ഫ്‌ളൈ ഓവറിലൂടെ ദര്‍ശനം പൂര്‍ത്തിയാക്കിയ ഭക്തര്‍ക്ക് തിരികെ പോകുന്നതിനുള്ള സൗകര്യവുമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.

മാളികപ്പുറം, സന്നിധാനം, പതിനെട്ടാം പടി എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങള്‍ വിലയിരുത്തിയ അദ്ദേഹം പോലീസുദ്യോഗസ്ഥര്‍ക്ക് സന്നിധാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്ന താമസസൗകര്യവും ഭക്ഷണശാലയും സന്ദര്‍ശിച്ചു. ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മേല്‍ശാന്തി കെ.ജയമോഹന്‍ നമ്പൂതിരി എന്നിവരെയും ഡി.ജി.പി സന്ദര്‍ശിച്ചു. ദക്ഷിണ മേഖലാ ഐ.ജി പി.പ്രകാശ്, സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ ആനന്ദ് ആര്‍, പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സ്വപ്‌നില്‍ മഹാജന്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *