കുട്ടികള്‍ക്കായി അമൃത ആശുപത്രിയുടെ സൗജന്യ ഹൃദയശസ്ത്രക്രിയാ ക്യാമ്പ് 12ന്

Kozhikode

കോഴിക്കോട്: മാതാ അമൃതാനന്ദമയിയുടെ 70-ാം ജന്‍മദിനത്തോടനുബന്ധിച്ചും കൊച്ചി അമൃത ആശുപത്രിയുടെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചും മലബാര്‍ മേഖലയിലെ 5 ജില്ലകളിലുളള ഹൃദയവൈകല്യങ്ങളുള്ള കുട്ടികള്‍ക്കായി കോഴിക്കോട് വച്ച് സൗജന്യ മെഗാ മെഡിക്കല്‍ക്യാമ്പ് സംഘടിപ്പിക്കുന്നു. കോഴിക്കോട്, കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ കുട്ടികള്‍ക്കായാണ് നവംബര്‍ 12ന് കോഴിക്കോട് വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തിനോട് ചേര്‍ന്നുള്ള അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കില്‍ വച്ച് മെഡിക്കല്‍ ക്യാമ്പ് നടത്തുന്നത്.

രാവിലെ 8.30 മുതല്‍ വൈകീട്ട് 4 വരെ നടക്കുന്ന ക്യാമ്പിന് കൊച്ചി അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗത്തിലെ പ്രൊഫസര്‍മാരായ ഡോ.പി.കെ ബ്രിജേഷ്, ഡോ.ബാലു വൈദ്യനാഥന്‍ എന്നിവര്‍ നേതൃത്വം നല്‍കും. കോഴിക്കോട് മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.പി ശ്രീജയന്‍ ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. ക്യാമ്പിലെത്തുന്ന കുട്ടികളില്‍ ഹൃദയശസ്ത്രക്രിയ ആവശ്യമായി വരുന്നവരില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന എല്ലാവര്‍ക്കും കൊച്ചി അമൃത ആശുപത്രിയില്‍ ശസ്ത്രക്രിയ സൗജന്യമായി നടത്തുമെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി 9744894949, 8921508515 എന്നീ നമ്പറുകളില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

വെള്ളിമാട്കുന്ന് മാതാ അമൃതാനന്ദമയി മഠത്തോട് ചേര്‍ന്ന് പ്രവര്‍ത്തനം തുടങ്ങുന്ന അമൃത ആശുപത്രിയുടെ അനുബന്ധ സ്ഥാപനമായ അമൃതകൃപ സ്‌പെഷ്യാലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം 12ന് രാവിലെ 8.30ന് കൊച്ചി അമൃത സ്‌കൂള്‍ ഓഫ് മെഡിസിന്‍ പ്രിന്‍സിപ്പല്‍ ഡോ. കെ.പി ഗിരീഷ്‌കുമാര്‍ നിര്‍വഹിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡിയാട്രിക്‌സ് വിഭാഗം പ്രൊഫസര്‍ ഡോ.മോഹന്‍ദാസ് നായര്‍, മുക്കം കെഎംസിടി മെഡിക്കല്‍ കോളേജിലെ ഡോ.രാമചന്ദ്രന്‍ എന്നിവര്‍ ആശംസാപ്രസംഗങ്ങള്‍ നടത്തും. എല്ലാമാസവും രണ്ടാമത്തെ ശനിയാഴ്ച ഈ ക്ലിനിക്കില്‍ സൗജന്യ പീഡിയാട്രിക് കാര്‍ഡിയോളജി ഒ.പി യില്‍ കൊച്ചി അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സേവനം ഉണ്ടായിരിക്കുന്നതാണ്.

വാര്‍ത്താസമ്മേളനത്തില്‍ കോഴിക്കോട് മാതാ അമൃതാന്ദമയി മഠം മഠാധിപതി സ്വാമി വിവേകാമൃതാനന്ദപുരി, അമൃത ആശുപത്രിയിലെ പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ.പി.കെ ബ്രിജേഷ്, ജനറല്‍ സര്‍ജറി വിഭാഗം പ്രൊഫസര്‍ ഡോ. സി ശ്രീകുമാര്‍ എന്നിവര്‍ പങ്കെടുത്തു.