കേരളത്തില്‍ ജീവിക്കുന്ന പാശ്ചാത്യരാണ് മലയാളികള്‍, അടിച്ചമര്‍ത്തിയ ലൈംഗീകത അവരെ ഭരിക്കുന്നു

Articles

ചിന്ത / എസ് ജോസഫ്

ന്താണ് പ്രതിഭയുടെ ഇറക്കത്തിന്റെ കാരണങ്ങള്‍ ? പ്രതിഭയുടെ പീക്കില്‍ ഒരു എഴുത്തുകാരനോ എഴുത്തുകാരിയോ ആര്‍ട്ടിസ്‌റ്റോ നില്ക്കുന്ന കാലത്ത് അവരില്‍ യുക്തിസഹമായ അറിവില്‍ ഉപരിയായി ഒരു അബോധം പ്രവര്‍ത്തിക്കുന്നുണ്ട്. സ്വന്തം കൃതിയെക്കുറിച്ചോ അഭിനയത്തെക്കുറിച്ചോ വ്യക്തമായ ഒരു ധാരണ തന്നെ അപ്പോള്‍ അവര്‍ക്ക് ഉണ്ടാകണമെന്നില്ല. ഞാന്‍ അതുമിതും വായിച്ചും പഠിച്ചും ഇപ്പോള്‍ കുറേ അറിവുകള്‍ സമ്പാദിച്ചിട്ടുണ്ട്.

മമ്മൂട്ടി

എന്നാല്‍ ഈ അറിവുകള്‍ ഒന്നും ഇല്ലാതിരുന്ന കാലത്താണ്, അലസനും ഉഴപ്പനും ഭ്രാന്തനും കാമിയും മന്ദബുദ്ധിയുമായി ഞാന്‍ ജീവിച്ച കാലത്താണ് ഞാന്‍ കൂടുതല്‍ കവിതകള്‍ എഴുതിയത്. ഇതിന്റെ അര്‍ത്ഥം അറിവിലുപരി ഒരു അബോധമാണ് എഴുത്തില്‍, കലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ്. ശരിക്കും ഇവിടെയാണ് സ്വാഭാവിക രചനകള്‍ സംഭവിക്കുന്നത്. ആ സമയം അയാള്‍ കലയിലേക്കോ സാഹിത്യത്തിലേക്കോ കടന്നെത്താന്‍ കഷ്ടപ്പെട്ട് സ്ട്രഗിള്‍ ചെയ്യുന്നുമുണ്ട്. അയാള്‍ക്ക് മറ്റ് കലാകാരന്‍മാരെയും സാഹിത്യകാരന്‍ മാരെയും സാഹിത്യകാരികളേയും പരിചിതമാകുന്നു. അയാള്‍ക്ക് അവാര്‍ഡുകള്‍ കിട്ടുന്നു. അഥവാ അയാള്‍ കിട്ടുന്ന അവാര്‍ഡുകള്‍ നിരസിക്കുന്നു ( രണ്ടും ഒന്നാണ് , കാരണം രണ്ടിന്റെയും പേരില്‍ പ്രശസ്തി ലഭിക്കും) ഈ അബോധം നഷ്ടപെടുമ്പോള്‍ അയാള്‍ കണക്കൊപ്പിച്ചുള്ള എഴുത്തിലേക്കും സങ്കേതങ്ങളിലേക്കും പോകുന്നു, സിനിമ , നാടകം എന്നിവയിലെ ടെക്‌നോളജിയുടെ (കളിപ്പാട്ടമാണത്) അതിപ്രസരം അയാളുടെ പ്രതിഭയെ നശിപ്പിക്കുന്നു.

മോഹന്‍ലാല്‍

യന്ത്രവല്‍ക്കരണ കാലത്തെ കലകള്‍ രക്ഷപെടുന്നു. ഒരേ തീം തന്നെ സിനിമകളില്‍ ആവര്‍ത്തിക്കുന്നു. കലാകാരന്‍ (നടന്‍ , ചിത്രകാരന്‍ , ശില്പി , ആര്‍ട്ട് ക്യൂറേറ്റേഴ്‌സ് ഒക്കെ) വ്യവസായികളാ യി മാറുന്നു. മോഹന്‍ ലാല്‍ , മമ്മൂട്ടി എന്നിവരുടേയും അദാനി, മുകേഷ് അംബാനി എന്നിവരുടേയും വൈയവസായിക ശേഷി നമ്മെ അത്ഭുതപ്പെടുത്തും. ഇന്ന് സിനിമയില്‍ അഭിനയിക്കുവാന്‍ ആര്‍ക്കും കഴിയും. ചുരുളി നല്ല സിനിമയാണ്. ഒരു കാഫ്‌കെയിസ് ക് ടച്ച് ഉണ്ട്. പക്ഷേ അതിലഭിനയിക്കാന്‍ തെറി പറയാനുള്ള ശേഷി മതിയാകും. നന്‍പകല്‍ നേരത്ത് മയക്കം എന്നിടത്ത് മമ്മൂട്ടി ചുമ്മാ ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്നതേയുള്ളു. വണ്ടിയോടിക്കാനറിയാവുന്ന ആര്‍ക്കും അത് സാധിക്കും. ആയതിനാല്‍ നടനോ നടിക്കോ അല്ല കഥയ്ക്ക് ആണ് പ്രാധാന്യം. സംവിധായകര്‍ക്കാണ് പ്രാധാന്യം. മാത്രമല്ല പോപ്പുലര്‍ സിനിമ ഇന്ന് സാംസ്‌കാരികാധിപത്യത്തിന്റെ രൂപം കൂടിയാണ്. കാശുവാരി മനുഷ്യജീവിതത്തെ അന്തസാരശൂന്യമാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

മുകേഷ് അംബാനി

പ്രതിഭാ ശോഷണത്തിന്റെ രണ്ടാമത്തെ പ്രശ്‌നം എന്താണ്? ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം ഒരു പ്രധാനപ്പെട്ട കാര്യമാണ്. മദ്യം ആദ്യകാലത്തൊക്കെ ആര്‍ട്ടിസ്റ്റുകളേയും കവികളെയും പ്രചോദിപ്പിക്കും. പിന്നെ നശിപ്പിക്കും. ഷുഗറും പ്രഷറും ക്യാന്‍സറും ഒക്കെ ബാധിക്കും. അപ്പോഴേക്കും വയ്യാതാകും. സ്ത്രീകള്‍ക്ക് ഭര്‍ത്താവിന്റെ ആധിപത്യവും മക്കളെ സംരക്ഷിക്കുന്നതും തടസങ്ങള്‍ ആകും. സ്വന്തം രചനകളുടെ അസ്വീകാര്യത എഴുത്തുകാര്‍ക്ക് വേദനയാകും. സാഹിത്യത്തിലെ അസൂയയും രാഷ്ട്രീയത്തിന്റെ താല്പര്യങ്ങളും എഴുത്തുകാരെ വിരക്തരാക്കും. സിനിമാ നടന്മാര്‍ ആധുനികതയ്ക്കുശേഷം ലോകം ഉപേക്ഷിച്ച അരാജക സ്വഭാവത്തിലേക്കും നര്‍ക്കോട്ടിക് ഡിസോര്‍ഡറിലേക്കും പോകുന്നു. ഫാഷിസം മാത്രമല്ല ഇന്റലക്ച്വല്‍ ജീവിതത്തോടുള്ള താല്പര്യമില്ലായ്മയും ഇന്ത്യയിലുണ്ട്. സാഹിത്യമിന്ന് നഗര കേന്ദ്രിതമാണുതാനും.

ഗൌതം അദാനി

അടുത്തത് ലൈംഗികോര്‍ജമാണ്. അതും പ്രായമാകുമ്പോള്‍ കുറയുന്നു. കേരളത്തിലെ ലൈംഗികസദാചാരം ഒരു പ്രശ്‌നമാണ്. അതാണ്ക്രൈം റേറ്റ് കൂടാന്‍ ഒരു കാരണം എന്ന് തോന്നുന്നു . പ്രണയം കുറ്റകൃത്യമായി മാറുന്നു. ക്രിയേറ്റിവിറ്റിക്ക് ലൈംഗികതയുമായി ബന്ധമുണ്ട്. കേരളത്തില്‍ ജീവിക്കുന്ന പാശ്ചാത്യരാണ് മലയാളികള്‍. അടിച്ചമര്‍ത്തിവച്ച ലൈംഗികത അവരെ ഭരിക്കുന്നു. സമകാലിക നോവലുകള്‍ ശ്രദ്ധിക്കപ്പെടാനുളള കാരണം അവയിലെ സെക്‌സ് വര്‍ണനകള്‍ ആണ്. ഫാഷിസം ഫാഷിസം എന്നൊക്കെ ഇടയ്ക്ക് മുറവിളി കൂട്ടുമെന്നേയുള്ളു. വായനക്കാരെ വെറുതേ രസിപ്പിക്കുക എന്നതാണ് ഉത്തരാധുനിക നോവല്‍ ചെയ്യുന്നത്.

പ്രിയരേ, എന്റെ കാവ്യലോകവും ഏതാണ്ട് അവരോഹണത്തിലാണ്. ലോകത്ത് യുദ്ധവുമായി ഒരു ബന്ധവും ഇല്ലാത്ത പിഞ്ചു മക്കളെയും സ്ത്രീകളെയും വൃദ്ധരേയും കൊല്ലുന്നതു കാണുന്നു. കേരളത്തിലെ വിടേയും അഴിമതിക്കഥകള്‍. അശുഭങ്ങള്‍ . ജാതി മത വര്‍ണ വിഭാഗീയതകള്‍. ഇന്ത്യയിലെ ഫാഷിസം, സത്ത നഷ്ടപ്പെട്ട മതങ്ങളുടെ ശൈലീവല്‍ക്കരണങ്ങള്‍, ഭൂതകാല ബാധ (Spetcraliy) ഒക്കെ എന്നെ ദുഃഖിപ്പിക്കുന്നു. കവിത ഇന്ന് ആര്‍ക്കും വേണ്ട കവിതയെഴുതാന്‍ പ്രചോദനം വേണം. എന്നെ പ്രചോദിപ്പിക്കുന്ന ഒന്നും തന്നെയില്ല. അതില്ലാതെ എന്തു ചെയ്യാന്‍ ?