തിരുവനന്തപുരം: രാജ്യാന്തരമേളയുടെ സമാപന ദിനത്തില്‍ ജാഫര്‍ പനാഹി സംവിധാനം ചെയ്ത നോ ബിയേഴ്‌സ്, ഒപ്പിയം, പലോമ, പ്രോമിസ് മീ ദീസ്, ദി നോവലിസ്റ്റ്‌സ് ഫിലിം എന്നിവ ഉള്‍പ്പടെ 15 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ടര്‍ക്കിഷ് ചിത്രം ദി ഫോര്‍ വാള്‍സ്, മൂന്ന് സ്ത്രീകളുടെ ജീവിതം പ്രമേയമാക്കിയ സിദ്ധാര്‍ഥ് ചൗഹാന്‍ ചിത്രം അമര്‍ കോളനി, സത്യജിത്ത് റേയുടെ ‘ഗോള്‍പ്പോ ബോലിയെ താരിണി ഖൂറോ’ എന്ന ചെറുകഥയെ ആധാരമാക്കി അനന്ത നാരായണ്‍ മഹാദേവന്‍ ഒരുക്കിയ ദി സ്‌റ്റോറിടെല്ലര്‍, ഡിംനേഷ്യ ബാധിച്ച 84കാരന്റെ കഥ പറയുന്ന മസഹിറോ കൊബായാഷിയുടെ ലിയര്‍ ഓണ്‍ ദി ഷോര്‍ തുടങ്ങിയ ചിത്രങ്ങളും വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. റിസര്‍വേഷന്‍ ഇല്ലാതെ തന്നെ ഇന്ന് (വെള്ളി ) ഡെലിഗേറ്റുകള്‍ക്ക് ചിത്രങ്ങള്‍ ആസ്വദിയ്ക്കാം.
കസാക്കിസ്ഥാന്‍ ചിത്രം സെറെ, മാനുവേലാ മാര്‍ടീലി ചിത്രം 1976, ഹംഗേറിയന്‍ ചിത്രം ദി ഗെയിം, ദി ഫോര്‍ജേര്‍, ബിറ്റര്‍സ്വീറ്റ് റെയ്ന്‍, ദ ഹാപ്പിയസ്‌ററ് മാന്‍ ഇന്‍ ദ വേള്‍ഡ് എന്നീ ചിത്രങ്ങളും വെള്ളിയാഴ്ച പ്രദര്‍ശിപ്പിക്കും. ടാഗോര്‍, കൈരളി, ശ്രീ, നിള, കലാഭവന്‍ എന്നീ തിയേറ്ററുകളിലാണ് വെള്ളിയാഴ്ച ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത്.സമാപന ചടങ്ങിനോടനുബന്ധിച്ച് മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന സിനിമ പ്രദര്‍ശിപ്പിക്കും.
നിയമാവലി വച്ചു പഠിക്കേണ്ടതല്ല സിനിമാ നിര്‍മ്മാണമെന്ന് ബേലാ താര്‍
അക്കാഡമിക്കായും സിലബസുവച്ചും ഫിലിം സ്‌കൂളുകളില്‍ പഠിക്കേണ്ടതല്ല സിനിമാ നിര്‍മ്മാണമെന്ന് ഹംഗേറിയന്‍ ചലച്ചിത്ര പ്രതിഭ ബേലാ താര്‍. അധികാരമുണ്ടായിരുന്നെങ്കില്‍ താന്‍ ലോകമെങ്ങുമുള്ള ഫിലിം സ്‌കൂളുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു . ചിത്രീകരണ സമയത്ത് ക്യാമറയില്‍ നടക്കേണ്ട പ്രക്രിയയാണ് എഡിറ്റിംഗ്. അത് സ്വാഭാവികമായി നടക്കേണ്ടതാണന്നും രാജ്യാന്തര മേളയുടെ ഭാഗമായി നടന്ന അരവിന്ദന്‍ അനുസ്മരണ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.
തിരക്കഥകള്‍ സിനിമയില്‍ നിന്നും വേറിട്ട ഭാഷയാണ്. ചിത്രീകരണ സമയത്ത് അത് ഉപയോഗ ശൂന്യമാകുന്ന പേപ്പര്‍ മാത്രമാണ്. സിനിമ സംവിധായകന്റെ കലയാണെന്നും ഒരു ഫ്രെയിം കണ്ടാല്‍ തന്നെ അതിന്റെ സംവിധായകനെ തിരിച്ചറിയാനാകണമെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ രാജ്യാന്തരമേളയിലെ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് ജേതാവായ ബേലാ താറിനെക്കുറിച്ച് സി എസ് വെങ്കിടേശ്വരന്‍ രചിച്ച കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍ എന്ന പുസ്തകം മന്ത്രി പി രാജീവ് ബേലാ താറിന് നല്‍കി പ്രകാശിപ്പിച്ചു.അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്, സെക്രട്ടറി സി അജോയ്, ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ദീപിക സുശീലന്‍ സി എസ് വെങ്കിടേശ്വരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ബേലാ താറിനെക്കുറിച്ച് ഇന്ത്യന്‍ ഭാഷയില്‍ പുറത്തിറങ്ങുന്ന ആദ്യ പുസ്തകമാണ് ചലച്ചിത്ര അക്കാദമി പുറത്തിറക്കുന്ന കാലത്തിന്റെ ഇരുള്‍ഭൂപടങ്ങള്‍.
മേള കാണാന്‍ അവരെത്തി, കൗതുകക്കാഴ്ചകള്‍ കണ്ടു മടങ്ങി
രാജ്യാന്തര ചലച്ചിത്ര മേളയുടെ കൗതുകക്കാഴ്ചകള്‍ കാണാനും ആരവങ്ങള്‍ അറിയാനും അവരെത്തി.കണ്ടും കേട്ടും ചലച്ചിത്രങ്ങളുടെ രസക്കാഴ്ചകളെ കുറിച്ചറിഞ്ഞ അവര്‍ ആദ്യം പുഞ്ചിരി തൂകി.പിന്നീട് വിവിധ ദേശങ്ങളില്‍ നിന്നെത്തിയ പ്രതിനിധികള്‍ക്കൊപ്പം ഫോട്ടോയ്ക്കും പോസ് ചെയ്തു കഴിഞ്ഞപ്പോള്‍ പലര്‍ക്കും തിരിച്ചു പോകാന്‍ മടി.കരകുളം പഞ്ചായത്തിലെ നവജ്യോതിസ് ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികളായിരുന്നു രാജ്യാന്തര മേളയിലെ കാഴ്ചകളില്‍ വിസ്മയം പൂണ്ടത്.ആദ്യമായാണ് ബഡ്‌സ് സ്‌കൂളിലെ കുട്ടികള്‍ ചലച്ചിത്ര മേള കാണാന്‍ എത്തുന്നത്.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അംബിക പതി, അദ്ധ്യാപിക സുനിത, അനധ്യാപകര്‍ സജിത, അനിത എന്നിവരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ സന്ദര്‍ശനം. ടാഗോര്‍ തിയേറ്ററിലെ കാഴ്ചകള്‍ക്കൊപ്പം ഉതാമ എന്ന ചിത്രവും കണ്ടായിരുന്നു അവരുടെ മടക്കയാത്ര.