കൊച്ചി: തിരുവനന്തപുരം കോര്‍പറേഷനിലെ കത്ത് വിവാദത്തില്‍ സി ബി ഐ അന്വേഷണം ആവശ്യമില്ലെന്ന് ഹൈക്കോടതി. മുന്‍ കൗണ്‍സിലര്‍ ജി എസ് ശ്രീകുമാര്‍ ആണ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരുന്നത്. കോര്‍പ്പറേഷനിലെ ഒഴിവുകള്‍ നികത്താനായി പാര്‍ട്ടി സെക്രട്ടറിക്ക് കത്തയച്ചത് സ്വജനപക്ഷപാതമാണെന്നായിരുന്നു ആക്ഷേപം. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
താല്‍ക്കാലിക ഒഴിവുകളില്‍ ആളെ നിയമിക്കുന്നതിന് സി പി എം ജില്ലാ സെക്രട്ടറിയോട് അഭ്യര്‍ത്ഥിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്റെ പേരില്‍ പുറത്ത് വന്ന കത്ത് വിവാദമായിരുന്നു. ആരോപണം തെളിയിക്കത്തക്ക തെളിവുകള്‍ ഹര്‍ജിക്കാരന്റെ പക്കലില്ലെന്നും സര്‍ക്കാരിനു വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നിഗൂഢമായ കത്തിന്റെ പേരില്‍ കൂടുതല്‍ അന്വേഷണം ആവശ്യമില്ലെന്നുമായിരുന്നു സര്‍ക്കാര്‍ വാദിച്ചത്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ടെന്നും സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കി. തുടര്‍ന്നാണ് കോടതി ഹര്‍ജി തള്ളിയത്.