അരീക്കോട്: എം.എസ്.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘പ്രൊഫൈല്‍’ പ്രൊഫഷണല്‍ വിദ്യാര്‍ഥി സമ്മേളന ലോഗോ ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി പ്രകാശനം ചെയ്തു. ക്യാമ്പസുകളിലെ കുത്തഴിഞ്ഞ അരാജകത്വങ്ങളും ലഹരി വ്യാപനവുമെല്ലാം ഭയപ്പെടുത്തുന്നതാണെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി അഭിപ്രായപ്പെട്ടു. സര്‍ഗാത്മകത വിളയേണ്ട ക്യാമ്പസുകള്‍ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ഉത്പാദന കേന്ദ്രങ്ങളാവുന്നത് സങ്കടകരമാണ്. നിലവില്‍ ക്യാമ്പസുകളിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ പുതു തലമുറയ്ക്ക് സത്യസന്ധമായ രാഷ്ട്രീയ അനുഭവങ്ങളും പാഠങ്ങളും കരസ്ഥമാക്കാന്‍ കഴിയുന്നില്ല. വിദ്യാര്‍ഥികള്‍ക്കിടയില്‍ ധാര്‍മിക ചിന്തയുടെയും മൂല്യങ്ങളുടെയും അഭാവമാണ് ഇത്തരമൊരു അവസ്ഥ സജാതമാവാന്‍ കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരളത്തിലെ പ്രൊഫഷണല്‍ വിദ്യാര്‍ഥികള്‍ ഒരുമിച്ചു കൂടുന്ന ‘പ്രൊഫൈല്‍’ വിദ്യാര്‍ഥി സംഗമം ഡിസംബര്‍ 10 ന് കോഴിക്കോട് വെച്ച് നടക്കും. ലോഗോ പ്രകാശന പരിപാടിയില്‍ എം.എസ്.എം സംസ്ഥാന വൈസ്പ്രസിഡന്റ് നുഫൈല്‍ തിരൂരങ്ങാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ആദില്‍ നസീഫ് മങ്കട, ഡാനിഷ് അരീക്കോട്, ഹാമിദ് സനീന്‍ ഇ.ഒ, ഫഹീം ആലുക്കല്‍, ഹിഷാം പുത്തൂര്‍ പള്ളിക്കല്‍ എന്നിവര്‍ സംസാരിച്ചു.