ചിന്ത / പ്രതാപന്‍
His/Her Highness se Height, ഉയരം, ചരിത്രം എടുത്തു കളഞ്ഞ ഒന്നാണ്. ഇന്ന് Her Highness ആയി നടിക്കുന്നത്, നടക്കുന്നത് , പൊയ്കാലിലെ നടത്തമാണ്, ഒരു പ്രേത സഞ്ചാരം. പക്ഷേ പ്രേത സഞ്ചാരങ്ങള്‍ ചരിത്രത്തിലെ ഇരുണ്ട നേരങ്ങളില്‍ മനുഷ്യസഞ്ചാരങ്ങളേക്കാള്‍ നേരെന്ന് തോന്നിപ്പിക്കും. നമ്മുടെ പാരമ്പര്യ പ്രേതങ്ങളില്‍ പലതിനേയും ചരിത്രത്തിന്റെ കയ്ക്കുന്ന കാഞ്ഞിരങ്ങളില്‍ നമ്മുടെ പൂര്‍വ്വികര്‍ സ്വന്തം നെറ്റി കൊണ്ട് ആണിയടിച്ച് ബന്ധിപ്പിച്ചവയാണ്. ആ പ്രേതാത്മക്കളെ പുനരാനയിക്കുന്ന കര്‍മ്മികളാകുന്നു , ഇപ്പോള്‍ നമ്മുടെ ഇടതുപക്ഷ നാട്യങ്ങളുടെ കോമാളികള്‍ .
ചരിത്രത്തിന്റെ പ്രേതങ്ങളെ റെയില്‍വേ സ്‌റ്റേഷനുകള്‍ മുതല്‍ ക്ഷേത്ര പ്രവേശന വീഥികള്‍ വരെ അവര്‍ ആവാഹിച്ച് കുടിയിരുത്തും. മരിച്ചു പോയ എല്ലാ തലമുറകളുടേയും പാരമ്പര്യം ജീവിച്ചിരിക്കുന്നവരുടെ തലച്ചോറുകളില്‍ ഒരു പേക്കിനാവായി ഭാരം തൂങ്ങുന്നു എന്ന് പറഞ്ഞത് മാര്‍ക്‌സാണ്. പാരമ്പര്യത്തിന്റെ ക്ലാവ് അതില്‍ പാചകം ചെയ്യപ്പെടുന്ന എല്ലാ പുതു വിഭവങ്ങളെയും പഴകിയ രുചികളാക്കി മാറ്റിത്തീര്‍ക്കുന്നുണ്ട്. ക്ലാവ് പിടിച്ച ഭാഷയും ചിന്തയും വര്‍ത്തമാന കാലത്തില്‍ ഭൂതകാലത്തെ പ്രതിഷ്ഠിക്കും. തീപ്പെട്ടു പോയ വര്‍മ്മമാരുടെ തുരുമ്പിച്ച ഉടവാളുകള്‍ മാത്രമല്ല, തീപ്പെട്ടതും തീ പെടാതെ പുകഞ്ഞുകൊണ്ടിരിക്കുന്നതുമായ വര്‍മ്മമാരുടയും തമ്പിമാരുടേയും കുറുപ്പന്മാരുടേയും അഴുകിയ ഭാവുകത്വങ്ങള്‍ വരെ.
ആറാട്ട് ഘോഷയാത്രയിലെ വാളേന്തിയ ആ ദീനവൃദ്ധന്‍ മാത്രമല്ല, നമ്മുടെ സദസ്സുകളിലിരുന്ന്, ഏതോ വര്‍മ്മയുടേയോ തമ്പിയുടേയോ ചീഞ്ഞ ഈരടികള്‍ ഉള്‍പ്പുളകത്തോടെ ആലപിക്കുന്ന സാംസ്‌ക്കാരിക നായകന്‍, സ്ത്രീവാദിയൊക്കെ നമ്മുടെ ആയുസ്സില്‍ നിന്ന് എത്രയോ പതീറ്റാണ്ടുകള്‍ അപഹരിച്ചു കളയുന്നതായി നിങ്ങള്‍ക്ക് തോന്നുന്നില്ലേ ?