ചിന്ത / എസ് ജോസഫ്
ഒരു വ്യക്തി മാത്രം കൊല ചെയ്യപ്പെടുന്നതാണ് ഏറ്റവും ശ്രദ്ധേയമാകുന്ന കൊലപാതകം എന്ന് തോന്നുന്നു. (അങ്ങനെയല്ലെന്നുമാകാം )അയാളുടെ പേര് വ്യക്തമാകുന്നു. എന്നാല്‍ കൊല്ലപ്പെടുന്നതില്‍ ആളെണ്ണം കൂടുന്തോറും ആളുകളുടെ പേരുകള്‍ ഇല്ലാതാവുന്നു. അത് ഒരു സംഖ്യ മാത്രമാകുന്നു. ഗുജറാത്ത്, ഗോധ്ര ട്രെയിന്‍ തീപ്പിടുത്തം , മണിപ്പൂര്‍ കലാപം, ഉെ്രെകന്‍ റഷ്യന്‍ യുദ്ധം, നിസ്സഹായരായ പാലസ്തീനികളുടെ കൊലപാതകം ഒക്കെ സംഖ്യ മാത്രമാണ്. വേട്ടയാടലിലും മീന്‍പിടുത്തത്തിലും ദ്വന്ദ്വയുദ്ധത്തിലും മനുഷ്യര്‍ക്ക് ജന്മവാസനയുണ്ട്. കൊല്ലാനും നശിപ്പിക്കാനും വാസനയുണ്ട്. അതു കാണുന്നതും കേള്‍ക്കുന്നതും ഇഷ്ടം. ബാലസാഹിത്യവും, എന്തിന് സാഹിത്യം പോലും ധര്‍മ്മാധര്‍മ്മയുദ്ധമാണ്. കൊച്ചു കുട്ടികള്‍ തോക്കുകൊണ്ട് കളിക്കുന്നു. കള്ളനും പോലീസും കളിക്കുന്നു. സാമൂഹ്യ ബോധത്തില്‍ ഇതിന്റെയെല്ലാം പ്രതിഫലന മുണ്ട്. ഇതൊന്നും മാറ്റാന്‍ ആവുകയില്ല.
നമുക്ക് പ്രിയപ്പെട്ട ഒരാള്‍ കൊല്ലപ്പെടുമ്പോള്‍ പ്രതികളെ പിടിക്കേണ്ടതും പരമാവധി നീതി കിട്ടേണ്ടതും നമ്മുടെ ആവശ്യമാണ്. പ്രതി ശിക്ഷിക്കപ്പെടുന്നു. പ്രതിയെ തൂക്കിക്കൊല്ലുന്നു . നമുക്ക് നീതി കിട്ടുന്നു. ഇതത്ര ലളിതമാണോ ? നമുക്ക് എന്ത് നീതിയാണ് കിട്ടുന്നത് ? ഇത് ക്രിസ്തുവിന് മുമ്പുള്ള നീതി സങ്കല്പമല്ലേ? കണ്ണിന് കണ്ണ് , കൊലയ്ക്ക് കൊല. ഇതൊന്നും നമുക്ക് ചെയ്യാനാവില്ല. നമ്മള്‍ ചെയ്താല്‍ അത് മറ്റൊരു കൊലപാതകം ആകുന്നു. അപ്പോഴാണ് കോടതി എന്ന ഏജന്‍സി വരുന്നത്. ഇപ്പോള്‍ നിങ്ങള്‍ ചോദിക്കും ? കോടതിയില്‍ പോകുകയല്ലാതെ ഞങ്ങള്‍ എന്ന ചെയ്യാനാണ് ? ശരി , അയാളെ ജയിലടയ്ക്കട്ടെ. വര്‍ഷങ്ങളോളം തടവിലിടട്ടെ. കൊല്ലുന്നതെന്തിനാണ് ? മനുഷ്യര്‍ക്ക് മനുഷ്യരെ കൊല്ലാന്‍ നിയമമില്ല എന്നതാണ് സത്യം. അതില്‍ നീതിയില്ല.
നിങ്ങളുടെ പ്രിയപ്പെട്ട ആളെ കൊന്ന പ്രതിയെ തൂക്കിക്കൊല്ലുന്നതിലൂടെ നിങ്ങളും ഏജന്‍സിയും ഭരണകൂടവും കൂട്ടായ പ്രതികാര കൊലപാതകത്തിന് ഉത്തരവാദികള്‍ ആകുകയാണ്. കൊലപാതകം ആശാസ്യമല്ല എന്നതുകൊണ്ടാണ് ക്രിസ്തു ഉയര്‍ത്തെഴുന്നേറ്റത്. നിങ്ങളുടെ മകന്റെ കൊലപാതകിയോട് നിങ്ങള്‍ക്ക് ക്ഷമിച്ചു കൂടെ ? എത്ര വലിയ കൊലപാതകിയിലും നന്മയുടെ ഇത്തിരി വെളിച്ചം ഉണ്ടാകും. മീഗ്വല്‍ ലിറ്റിന്റെ ഖമരസമഹ ീള ചമവൗലഹീേൃീ എന്ന സിനിമയിലെ കൊടും കൊലപാതകി ജയിലില്‍ വച്ച് ഒരു നല്ല ഫുഡ് ബോള്‍ കളിക്കാരനായി മാറുന്നു. ഒരു പത്രം ഇന്റര്‍വ്യൂ ചെയ്യുമ്പോള്‍ അയാള്‍ പറയുന്നത് തനിക്ക് നല്ല വിദ്യാഭ്യാസം കിട്ടിയില്ല എന്നാണ്. തനിക്ക് നല്ല വഴികാണിച്ചു തരാന്‍ ആരുമില്ലായിരുന്നു എന്നാണ്.
ഇവിടെ രാജ്യത്തിന്റെ അരാജകമായ അവസ്ഥയെയാണ് വിമര്‍ശിക്കുന്നത്. കുറ്റവും ശിക്ഷയും എന്ന നോവല്‍ ഓര്‍ക്കുമല്ലോ . അന്നത്തെ റഷ്യന്‍ സാഹചര്യം എന്തായിരുന്നു. സ്വന്തം തെറ്റുകള്‍ റസ്‌കോള്‍ നിക്കോഫ് തുറന്നു പറയുന്നു. ഭഗവത് ഗീത ഞാന്‍ വളരെ ചെറുപ്പത്തിലേ വായിച്ചു. യുദ്ധത്തിന് പ്രേരിപ്പിക്കുന്ന പുസ്തകമാണ്. ഫിലോസഫി പറയേണ്ട ഒരു സ്ഥലം അത് അല്ലല്ലോ. വെറും കൗശലമാണ് ആ കൃതി. യുദ്ധം ചെയ്യുക എന്നത് ക്ഷത്രിയ ധര്‍മ്മം ആകുന്നു എന്നതാണ് മനസ്സിലാകാത്തത്. അങ്ങനെ ക്ഷത്രിയര്‍ ചത്തൊടുങ്ങി വീരസ്വര്‍ഗത്തിലെത്തി. സ്വര്‍ഗകന്യകമാര്‍ അവരെ മാലയിട്ടു സ്വീകരിച്ചു. ഇതൊക്കെ എഴുതി വച്ച വരെ സമ്മതിക്കണം. കേരളത്തില്‍ കുറെ നായന്മാരും ചത്തൊടുങ്ങി. യുദ്ധത്തെ കളിയാക്കുന്ന പുസ്തകമാണ് ഷായുടെ ആംസ് ആന്റ് ദ മാന്‍. വാര്‍ ആന്റ് പീസ് , മണിമുഴങ്ങുന്നത് ആര്‍ക്കുവേണ്ടി , വേയ്സ്റ്റ് ലാന്റ് , വിയറ്റ്‌നാം (സിമ്പൂഷ്‌ഴ്ക ) എന്നിവയെല്ലാം ഓര്‍ത്താലും . യുദ്ധത്തിന്റെ നിരര്‍ത്ഥകതയെയാണ് ഗോദാര്‍ദ്ദിന്റെ ലെസ് കരീബിനിയേഴ്‌സില്‍ അവതരിപ്പിക്കുന്നത്. യുദ്ധം സംഗീതത്തെ ഇല്ലാതാക്കുന്നു എന്ന് വയലിന്‍ എന്ന സിനിമ. സെവന്ത് സീല്‍ , ഫിഫ്ത് സീല്‍ , ഗ്രേറ്റ് ഡിക്‌റ്റേക്ട്ടര്‍, കാഗേമുഷ് എന്നിങ്ങനെ എത്ര സിനിമകള്‍.
രക്ഷസാക്ഷിത്വം അര്‍ത്ഥശൂന്യമാകുന്നു. ക്രിസ്തുമതത്തില്‍ ആരംഭിച്ച രക്തസാക്ഷിത്വം തുടര്‍ന്നത് കമ്യൂണിസത്തിലൂടെയാണ്. നക്‌സലൈറ്റുകളും പിന്നീട് മുസ്ലീം തീവ്രവാദികളും അത് തുടരുന്നു. ഈയലുകള്‍ പോലെ ചത്തൊടുങ്ങുകയാണ് എല്ലാവരും. മായാലോകത്താണ് മനുഷ്യര്‍. മരണം വിലയ്ക്കു വാങ്ങുകയാണ്. നിങ്ങളുടെ പ്രിയപ്പെട്ട പിഞ്ചുകുഞ്ഞിനെ, മകനെ, മകളെ കൊന്ന നരാധമനാട് നിങ്ങള്‍ക്ക് പൊറുക്കാന്‍ ആവില്ല. പക്ഷേ നിങ്ങള്‍ ക്ഷമിച്ചാല്‍ അതൊരു മഹത്തായ കാര്യമാകും. പരമ ദുഷ്ടനെയും സ്‌നേഹിക്കുക എന്നതാണ് ശരിയായ പാത. ഒരു പക്ഷേ അതൊരു മാനസാന്തരത്തിന് കാരണമായേക്കും. എല്ലാ മനുഷ്യരും പാപികളായ ഈ ലോകത്ത് മറ്റെന്താണ് ഒരു വിമോചനമാര്‍ഗം.